നിലമ്പൂർ: കവളപ്പാറക്കാരുടെ മനസ്സിൽ ഒരശനിപാതംപോലെ ആ ദുരന്തം ഇന്നുമുണ്ട്. അതിന്റെ നീറ്റലടങ്ങുംമുൻപേയാണ് ചാലിയാറിനെ ദുരന്തഭൂമിയാക്കി മരണം ഒഴുകിയെത്തിയത്.
2019 ഓഗസ്റ്റ് എട്ടിനാണ് അൻപത്തിയൊൻപതുപേരുടെ മരണത്തിനിടയാക്കിയ പോത്തുകൽ കവളപ്പാറ ഉരുൾപൊട്ടൽ. രാത്രി എട്ടുമണിയോടെ ഇരച്ചെത്തിയ കൂറ്റൻ പാറക്കെട്ടുകൾക്കും മലവെള്ളപ്പാച്ചിലിനും മുന്നിൽ കവളപ്പാറ നിലംപരിശായി. മുത്തപ്പൻകുന്നിൽ ഉരുൾപൊട്ടി താഴ്‌വാരത്തെ നാൽപ്പത്തിയഞ്ചോളം വീടുകൾ മണ്ണിനടിയിലായി. ഇരുപതുദിവസം നീണ്ട തിരച്ചിലിനൊടുവിൽ നാൽപ്പതിയൊൻപതുപേരുടെ ചേതനയറ്റ ശരീരങ്ങൾ വീണ്ടെടുക്കാനായി. പത്തുപേർ ഇന്നും കാണാമറയത്ത്.
ദുഃസ്വപ്നംപോലെ പിന്തുടരുന്ന ആ ദുരന്തത്തിന് അഞ്ചുവർഷം പൂർത്തിയാകാൻ ശേഷിക്കുന്നത് ദിവസങ്ങൾമാത്രം. ദുരന്തസ്‌മരണകളെ അതിജീവിക്കാനായി പടവെട്ടുന്ന മലയോജനതയുടെ മനസ്സിൽ ഇടിത്തീപോലെയാണ് ചൊവ്വാഴ്ച രാവിലെ മൃതദേഹങ്ങൾ ഒഴുകിയെത്തിയത്. കിലോമീറ്ററുകളകലെ, വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ ചിന്നിച്ചിതറിയ മനുഷ്യരുടെ ശരീരങ്ങളും ശരീരഭാഗങ്ങളുമായി ചാലിയാർ ഒഴുകിയെത്തി.
കവളപ്പാറ ദുരന്തത്തെ ഒന്നിച്ചൊരേമനസ്സായി നേരിട്ട ജനത ഇക്കുറിയും വിധിക്കുമുന്നിൽ പകച്ചുനിന്നില്ല. കിട്ടാവുന്ന കപ്പിയും കയറുമൊക്കെയെടുത്ത് അവർ ചാലിയാറിലേക്കിറങ്ങി. ഒരു ജീവനെങ്കിൽ ഒരു ജീവൻ, അതെങ്കിലും രക്ഷിക്കാമല്ലോ എന്ന പ്രതീക്ഷയോടെ. പോലീസും അഗ്നിരക്ഷാസേനയും ദുരന്തനിവാരണ വിഭാഗവും കൈകോർക്കുകയായിരുന്നു.
കവളപ്പാറയിലന്ന് ഒരു കുടുംബത്തിലെത്തന്നെ നാലും അഞ്ചും അംഗങ്ങൾപോലും ദുരന്തത്തിനിരകളായി. ഒട്ടേറെ കുടുംബങ്ങളുടെ പ്രതീക്ഷകളും മോഹങ്ങളും തകർത്തെറിഞ്ഞ ദുരന്തം ഇന്നാട്ടുകാർക്ക് ഭീതിദമായ ഓർമ്മയാണ്. എങ്കിലും സർക്കാർ നൽകിയ സഹായങ്ങൾ സ്വീകരിച്ച് സുരക്ഷിതമായ മറ്റു പലയിടങ്ങളിലും ചേക്കറിയ ഇവർ പുതുജീവിതം കെട്ടിപ്പടുത്തുകൊണ്ടിരിക്കയാണ്. ദുരന്തത്തിനിരകളായവരും ജിയോളജി വകുപ്പ് മാറാൻ നിർദേശിച്ചവരുമായ 190-ഓളം കുടുംബങ്ങളുടെ പുനരധിവാസം സർക്കാർ സാധ്യമാക്കിയിട്ടുണ്ട്. കവളപ്പാറ പട്ടികവർഗ കോളനിക്കാരായ 33 കുടുംബങ്ങൾക്ക് ഉപ്പട ആനക്കല്ലിലാണ് പുനരധിവാസം ഒരുക്കിയത്. ദുരന്തത്തിന്റെ ഓർമ്മകളുമായി ഒട്ടേറെ കുടുംബങ്ങൾ ദുരന്തഭൂമിയുടെ പരിസരപ്രദേശങ്ങളിൽ ഭീതിയോടെ ഇപ്പോഴും താമസിക്കുന്നുണ്ട്.
കാലവർഷം ശക്തമാകുമ്പോൾ ഇവർ ദുരിതാശ്വാസക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും താമസം മാറും. മഴയുടെ ശക്തി കുറയുമ്പോൾ സ്വന്തം മണ്ണിലേക്ക് തിരികെവരുകയും ചെയ്യും. പ്രിയപ്പെട്ടവർ അന്ത്യവിശ്രമംകൊള്ളുന്ന മണ്ണ് വിട്ടുപോകാൻ മനസ്സ് അനുവദിക്കുന്നില്ലെന്നാണ് അവർ പറയുന്നത്.
എന്തുകൊണ്ട് ഉരുൾപൊട്ടൽ
: കേരളംനേരിട്ട ഉരുൾപൊട്ടലുകളിൽ ഭൂരിഭാഗവും പശ്ചിമഘട്ട മലനിരകളുടെ ഭാഗമായുള്ള പ്രദേശങ്ങളിലാണ്. പുത്തുമലയും കവളപ്പാറയും പെട്ടിമുടിയുമെല്ലാം ഇതിന് ഉദാഹരണം. വയനാട് മുണ്ടക്കൈയിലും പശ്ചിമഘട്ടമലനിരകളുടെ ഭാഗമായുള്ള പ്രദേശത്താണ് ഉരുൾപൊട്ടലുണ്ടായത്. പശ്ചിമഘട്ടം ദുർബലമാകുന്നതും അതിതീവ്ര മഴയുമെല്ലാം 2019 മുതൽ തുടർച്ചയായി കേരളത്തിൽ ഉരുൾപൊട്ടലുകൾ ഉണ്ടാകാൻ കാരണമാകുന്നുണ്ട്.
ഉരുൾപൊട്ടലിന് രണ്ടുകാരണങ്ങളാണ് പ്രധാനമായും. ഒന്ന്- കണ്ടീഷനിങ് ഫാക്ടേഴ്സ് (തത് സ്ഥിതി ഘടകം) . രണ്ട്- ട്രിഗറിങ് ഫാക്ടേഴ്സ് (പ്രേരകഘടകം). കണ്ടീഷനിങ് ഫാക്ടേഴ്സിൽ ഭൂമിയുടെ ചരിവും മണ്ണിന്റെ കനവും ഘടനയുമാണ് ഉരുൾപൊട്ടലിന് കാരണമാകുന്നത്. ട്രിഗറിങ് ഫാക്ടേഴ്സിന് മഴയും. കേരളത്തിന്റെ ഭൂപ്രകൃതി കണക്കിലെടുക്കുകയാണെങ്കിൽ ഉരുൾപൊട്ടലുകൾക്ക് കുന്നിന്റെ ചെരിവും പ്രധാന കാരണമാണ്. ഭൂമിയുടെ ചരിവ് 20 ഡിഗ്രിക്കു മുകളിലാണെങ്കിൽ അത് ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലമെന്നുവേണം വിലയിരുത്താൻ. ഇത്തരം പ്രദേശങ്ങളിൽ തുടർച്ചയായി 100 മില്ലിമീറ്ററിന് മുകളിൽ മഴ ലഭിച്ചാൽ ഉരുൾപൊട്ടൽസാധ്യത കൂടും.
സംസ്ഥാനത്ത് ഇന്നു നാംകാണുന്ന എല്ലാ പാറകളും 220 മുതൽ 300 കോടി വർഷം പഴക്കമുള്ളതാണ്. പക്ഷേ, അതിന്റെ മുകളിൽക്കാണുന്ന ഒരു മീറ്റർ കനമുള്ള മണ്ണ് വെറും 10,000 വർഷംമാത്രം പഴക്കമുള്ളതും. അതുകൊണ്ടുതന്നെ നല്ലൊരു മഴ പെയ്താൽ ഈ മണ്ണ് ഊർന്നിറങ്ങിവരാനുള്ള സാധ്യത കൂടുതലാണ്.
കേരളത്തിൽ കണ്ടുവരുന്ന ഭൗമപ്രതിഭാസങ്ങൾ
ഭൂദ്രവ്യശോഷണം
ഗുരുത്വാകർഷണംമൂലം ശിലകളോ ദ്രവിച്ച പാറയോ മേൽമണ്ണോ മുകളിൽനിന്ന് താഴോട്ട് പതിക്കുന്നു
മലയിടിച്ചിൽ
രണ്ടുമീറ്റർ ആഴത്തിൽ മേൽമണ്ണ് താഴേക്ക് പതിക്കുന്നത്.
ഉരുൾപൊട്ടൽ
മണ്ണും അതിന് അടിയിലെ ദ്രവിച്ച പാറയും മരങ്ങളും വെള്ളവും ഒന്നുചേർന്ന് ശക്തിയായി താഴേക്ക് പതിക്കുന്നു
സോയിൽ പൈപ്പിങ്
ഒരു ഭൂപ്രദേശം ഒന്നായി ഇടിഞ്ഞുതാഴുക. ഭൂമിക്ക് അടിയിൽ വെട്ടുകല്ലുകൾക്ക് അടിയിലായി കളിമണ്ണ് നിറഞ്ഞ ഭാഗങ്ങളുണ്ട്. വെട്ടിമാറ്റിയ മരങ്ങളുടെ വേരുകൾക്ക് ഇടയിലൂടെയൊക്കെ വെള്ളം ഈ കളിമൺ പോക്കറ്റുകളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. ഇതോടെ ഈ കളിമൺപ്രദേശം ഒഴുകിമാറുകയും ഇവയ്ക്ക് മുകൾഭാഗത്തുള്ള വെട്ടുകല്ലടങ്ങിയ ഭാഗം താഴേക്ക് ഇടിയുകയും ചെയ്യുന്നു.
(വിവരങ്ങൾക്ക് കടപ്പാട്: ഡോ. എസ്. ശ്രീകുമാർ ഐ.ആർ.ടി.സി. മുൻഡയറക്ടർ കെ.എസ്. സജിൻകുമാർ അസി. പ്രൊഫ., കേരള യൂണിവേഴ്‌സിറ്റി ജിയോളജി വിഭാഗം) തയ്യാറാക്കിയത്: അൽഫോൺസ പി. ജോർജ്
Content Highlights: Reason for landslide in kerala chooralmala, kavalapara
Published: 31 Jul 2024, 07:42 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented