കാസർകോട്: കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം പൂർണ്ണമായും യുഡിഎഫിന് അനുകൂലമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ പോലും കോൺഗ്രസ് മുന്നണിക്കാണ് വോട്ട് ചെയ്തിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കാസർകോട് മുതൽ പാറശാല വരെയുള്ള മണ്ഡലങ്ങളിൽ ഇത്തരമൊരു രാഷ്ട്രീയ മാറ്റം പ്രകടമാണെന്നും എൽഡിഎഫിന്റെ ഉറച്ച വോട്ടുകളിൽ വലിയ ചോർച്ച ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

To advertise here,

സ്വന്തം ജീവനിലും തങ്ങളുടെ സ്വത്തുക്കളിലും കൊതിയുള്ള കമ്മ്യൂണിസ്റ്റുകാർ ഇത്തവണ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെയാണ് വിധി എഴുതിയതെന്ന് ഉണ്ണിത്താൻ പറഞ്ഞു. പാർട്ടിയിലെ നിലവിലെ പോക്കിൽ അസംതൃപ്തരായവർ പ്രസ്ഥാനത്തെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ യുഡിഎഫിനെ തുണയ്ക്കുന്ന വിചിത്രമായ സാഹചര്യമാണ് നിലവിലുള്ളത്. വോട്ടർമാരുടെ മനസ്സിലെ ഈ രഹസ്യ നീക്കങ്ങൾ ഒരു ഏജൻസിയുടെയും സർവ്വേകളിൽ കണ്ടെത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിൽ അട്ടിമറികളോ രഹസ്യമായ രാഷ്ട്രീയ അന്തർധാരകളോ പ്രവർത്തിച്ചിട്ടില്ലെങ്കിൽ ഇത്തവണ കാസർകോട് ജില്ലയിൽ മാർക്സിസ്റ്റ് പാർട്ടിക്ക് എംഎൽഎമാർ ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്കും ഇത്തവണ ജില്ലയിൽ അക്കൗണ്ട് തുറക്കാനോ വലിയ മുന്നേറ്റം ഉണ്ടാക്കാനോ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.