തിരുവനന്തപുരം: കഴിഞ്ഞ ഒന്‍പതു വര്‍ഷമായി സിപിഎം നടത്തിയ പിആര്‍ വര്‍ക്കിന്റെ തുടര്‍ച്ചയാണ് അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ക്ക് യാതൊരുവിധ ആധികാരികതയും ഇല്ല. സ്വയം സൃഷ്ടിക്കുന്ന മായാപ്രപഞ്ചത്തില്‍ കഴിയാന്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ അതിദരിദ്രരെ വഴിയില്‍ ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
കേരളത്തില്‍ അതിദരിദ്രര്‍ ഇല്ലാതായെന്ന് പ്രഖ്യാപിക്കാന്‍ വേണ്ടി തദ്ദേശസ്വയംഭരണ വകുപ്പ് തയ്യാറാക്കിയ കണക്കുകളില്‍ വലിയ പൊരുത്തക്കേടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 2021-ലെ സിപിഎമ്മിന്റെ പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്നതുതന്നെ നാലര ലക്ഷത്തിലധികം അതിദരിദ്രര്‍ കേരളത്തില്‍ ഉണ്ടെന്നാണ്. ഒരു മാസം മുന്‍പ് നിയമസഭയില്‍ മന്ത്രി പറഞ്ഞതും ആറു ലക്ഷത്തോളം ആളുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ്. എന്നാല്‍, സര്‍ക്കാര്‍ ആദ്യം തയ്യാറാക്കിയ പട്ടികയില്‍ ഒന്നരലക്ഷം പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് 64,000 ആയി ചുരുക്കി. ഒരുനേരത്തെ ആഹാരത്തിനായി കഷ്ടപ്പെടുന്ന വനവാസികള്‍ ഉള്‍പ്പെടെയുള്ള ആളുകളെ മാറ്റിനിര്‍ത്തിയാണ് സര്‍ക്കാര്‍ തിരഞ്ഞെടുപ്പായപ്പോള്‍ വ്യാജ പ്രചാരണങ്ങളുമായി കോടികള്‍ ചിലവാക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനത്തിനുവേണ്ടി മാത്രം സര്‍ക്കാര്‍ ചിലവാക്കുന്നത് ഒന്നര കോടി രൂപയാണെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. സര്‍ക്കാര്‍ ചെലവില്‍ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. വേള്‍ഡ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ കേരളം ഇന്ത്യയില്‍ ഏറ്റവും പിറകിലുള്ള സംസ്ഥാനമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കേരളത്തിന്റെ ഇരട്ടി ജനസംഖ്യയില്‍ അധികമാണ് ഉത്തര്‍പ്രദേശില്‍ അതിദാരിദ്ര്യമുക്തമായത്. ആറു കോടി പേരെയാണ് യുപി അതിദാരിദ്ര്യമുക്തമാക്കിയത്. സമാനമായ രീതിയില്‍ ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അതിവേഗം ഈ നേട്ടം കൈവരിക്കുമ്പോള്‍ ഇതേ കാലയളവില്‍ കേരളം 2.7 ലക്ഷം ആളുകളെ മാത്രമാണ് അതിദാരിദ്ര്യമുക്തമാക്കിയത്, അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതില്‍ കേന്ദ്ര പദ്ധതികള്‍ വഹിച്ച പങ്ക് മറച്ചുവെച്ചാണ് ഇപ്പോഴത്തെ പ്രചാരണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയും ദേശീയ തൊഴിലുറപ്പ് പദ്ധതിയും കിസാന്‍ സമ്മാൻ നിധിയും പിഎംഎവൈ ഭവന പദ്ധതിയും ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് അടക്കമുള്ള പദ്ധതികളുമാണ് കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരത്തിന് അല്‍പമെങ്കിലും ഉയര്‍ച്ച നല്‍കിയത്. കഴിഞ്ഞ ഒമ്പതര വര്‍ഷം ഒന്നുംചെയ്യാതിരുന്ന പിണറായി വിജയന്‍ തിരഞ്ഞെടുപ്പിന് തൊട്ടടുത്ത് എത്തിയപ്പോള്‍ പതിവുപോലെ നുണപറഞ്ഞ് പറ്റിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കേരളത്തില്‍ ഒന്നരലക്ഷത്തിലധികം ആളുകള്‍ കയറിക്കിടക്കാന്‍ വീടില്ലാതെ സര്‍ക്കാരിന്റെ കാരുണ്യത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത് പിണറായി വിജയന്‍ മറന്നുപോയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
Content Highlights: rajiv chandrasekhar against kerala government declaration of extreme poverty alleviation
Published: 01 Nov 2025, 09:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented