മമ്പറം: എന്റെ പൊട്ടമലയാളത്തിൽ വികസനത്തെക്കുറിച്ച് സംവാദത്തിന് തയ്യാറാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. കേന്ദ്രസർക്കാർ എന്തെല്ലാം കേരളത്തിന് ചെയ്തിട്ടുണ്ടെന്നും വികസനപ്രവർത്തനത്തിന് എത്ര കോടി നൽകിയിട്ടുണ്ടെന്നുമുള്ള സംവാദത്തിന് ബി.ജെ.പി. തയ്യാറാണ്.10 മിനിട്ടിൽ എല്ലാം പൊളിച്ചുതരാം. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് ബി.ജെ.പി.യുടെ മെഗാ അദാലത്തിൽ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

To advertise here,

എഴുപതുവർഷം കേരളം മാറിമാറി ഭരിച്ച എൽ.ഡി.എഫ്‌.-യു.ഡി.എഫ്. സർക്കാരുകൾ വികസനരംഗത്ത് ഒന്നും ചെയ്യാതെ സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി കരന്തലാജെ പറഞ്ഞു. കണ്ണൂർ ധർമടത്ത് നടന്ന ബി.ജെ.പി. മെഗാഅദാലത്തിലും ജനസംഗമത്തിലും പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

മുഖമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലെ പ്രവർത്തനങ്ങളുടെ പരാജയമാണ് അദാലത്തിൽ പങ്കെടുത്തവരുടെ പരാതികൾ ചൂണ്ടിക്കാട്ടുന്നത്. കുടിവെളളം കിട്ടാതെ, റോഡില്ലാതെ, അങ്കണവാടികൾക്ക് കെട്ടിടമില്ലാതെ, ആശുപത്രികളിൽ ഡോക്ടറില്ലാത്തതും അടിസ്ഥാനസൗകര്യങ്ങളില്ലാത്തതുമായ നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. വർഷങ്ങളായി തങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന്റെ ഫലമായി നിറകണ്ണുകളുമായാണ് പലരും അദാലത്തിലെത്തിയത്. കഴിഞ്ഞ പത്ത് വർഷക്കാലം പിണറായി സർക്കാർ സംസ്ഥാനത്തെ ജനങ്ങൾക്കുവേണ്ടി ഒന്നും ചെയ്തില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി തന്റെ മണ്ഡലത്തിൽ പോലും കഴിഞ്ഞ പത്തുകൊല്ലം എന്തു ചെയ്യുകയായിരുന്നുവെന്നും മന്ത്രി ചോദിച്ചു.

പരാതികളുമായി എത്തിയത് 3000 പേർ

മമ്പറം: ‘വികസനം ജന്മാവകാശം’ എന്ന മുദ്രാവാക്യമുയർത്തി ധർമടത്ത് ബിജെപി സംഘടിപ്പിച്ച മെഗാ അദാലത്തും ജനസംഗമവും മമ്പറം എജുക്കേഷണൽ ട്രസ്റ്റ് മൈതാനത്ത്‌ നടന്നു. 1400-ഓളം പൊതുതാത്പര്യങ്ങളടക്കം 3163 പരാതികളാണ് അദാലത്തിലെത്തിയത്. പരാതികൾ ലഭിച്ചു. കേന്ദ്ര സഹമന്ത്രി ശോഭാ കരന്തലാജെ, സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എന്നിവർ ചേർന്ന് ദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. പേരാവൂർ മുരിങ്ങോടി കോളനിയിലെ ഉഷ പാറങ്ങോട്ട്, ബാലൻ ധർമടം, പാട്യം പുതിയറ ശാന്ത, പുരുഷോത്തമൻ തളിപ്പറമ്പ് എന്നിവരും നേതാക്കളോടൊപ്പം ഭദ്രദീപം തെളിച്ചു. മെഗാ അദാലത്തിൽ രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രി ശോഭാ കരന്ദലജെയും സി. സദാനന്ദൻ എം.പി.യും ജനങ്ങളിൽനിന്ന്‌ പരാതികൾ നേരിട്ട് സ്വീകരിച്ചു. ചപ്പാരപ്പടവിലെ ദിവ്യാംഗയായ മേരിക്കുട്ടി, മൈലുള്ളിമൊട്ടയിലെ റസിയ എന്നിവരിൽനിന്ന് ആദ്യ പരാതി സ്വീകരിച്ചു.

കണ്ണൂർ വിമാനത്താവളത്തിനായി കൊടുവള്ളി-മമ്പറം അഞ്ചരക്കണ്ടി റോഡ് നിർമാണത്തിലെ അശാസ്ത്രീയത, ആറളം, കണ്ണവം പ്രദേശങ്ങളിലെ കാട്ടാന ഭീഷണി, വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ആശ്രിത നിയമനം, ദേശീയപാതയിൽ എടക്കാട് അടിപ്പാത നിർമാണം, ധർമടം റെയിൽവേ സ്റ്റേഷൻ പരിസരത്തെ അടിപ്പാത നിർമാണം, തീവണ്ടിയിൽ കൂടുതൽ ബോഗികൾ അനുവദിക്കുന്നത് സംബന്ധിച്ച്, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ് ഭാഗങ്ങളിൽ പ്രളയത്തിൽ തകർന്ന റോഡുകളുടെയും പാലങ്ങളുടെയും പുനർനിർമാണം ഉൾപ്പെടെയുള്ള പരാതികളാണ് അദാലത്തിൽ ലഭിച്ചത്‌.

മെഗാ അദാലത്തിൽ വിവിധ കേന്ദ്രപദ്ധതികളുടെതടക്കം 20 ഹെൽപ്പ് ഡെസ്‌ക്കും ഒരുക്കിയിരുന്നു. ബി.ജെ.പി. ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്, സെക്രട്ടറി കെ. രഞ്ചിത്ത്, കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ, സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി, യുവമോർച്ച സംസ്ഥാന ജനറൽ സെകട്ടറി ഗോകുൽ ഗോപിനാഥ്, വി.കെ. സജീവൻ, ദേശീയ കൗൺസിൽ അംഗങ്ങളായ പി.കെ. വേലായുധൻ, സി. രഘുനാഥ്, കോഴിക്കോട് മേഖലാ അധ്യക്ഷൻ കെ. ശ്രീകാന്ത്, സംസ്ഥാന സമിതി അംഗങ്ങളായ പി. സത്യപ്രകാശൻ, എൻ. ഹരിദാസ്, ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡന്റ്‌ പൈലി വാത്യാട്ട് തുടങ്ങിയവർ സംബന്ധിച്ചു.