
തിരുവനന്തപുരം: സംസ്ഥാനത്ത് റെയിൽവേ സ്റ്റേഷനുകളിൽ വാഹനം പാർക്ക് ചെയ്യാൻ ഇനി ചെലവു കൂടും. പാർക്കിങ് നിരക്കുകൾ വർധിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചു. ഇരുപതു മുതൽ മുപ്പത് ശതമാനം വരെ വർധനയുണ്ടാകും. ഫെബ്രുവരിയിലാണ് ഇതിനുള്ള തീരുമാനമുണ്ടായത്. ആദ്യമായി തിരുവനന്തപുരം കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ വർധന നടപ്പാക്കിക്കഴിഞ്ഞു.
പുതിയ നിരക്കനുസരിച്ച് അടിസ്ഥാനനിരക്ക് ഇരുചക്രവാഹനങ്ങൾക്ക് രണ്ടു മണിക്കൂർ വരെ 10 രൂപയും രണ്ടു മുതൽ എട്ട് മണിക്കൂർ വരെ 20 രൂപയും എട്ട് മുതൽ ഇരുപത്തിനാല് മണിക്കൂർ വരെ 30 രൂപയുമാണ്. ഓട്ടോ, കാർ എന്നിവയ്ക്ക് ഇത് യഥാക്രമം 30, 50, 80 എന്നിങ്ങനെയാണ്. മാസാടിസ്ഥാനത്തിലാണെങ്കിൽ ഇരുചക്രവാഹനങ്ങൾക്ക് 600 രൂപയാകും. ഹെൽമെറ്റ് പ്രത്യേകം സൂക്ഷിക്കണമെങ്കിൽ 10 രൂപ ഈടാക്കാനും തീരുമാനമുണ്ട്. ഉടൻതന്നെ വിവിധ സ്റ്റേഷനുകളിൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
2017-ലാണ് അവസാനമായി റെയിൽവേ പാർക്കിങ് നിരക്കുകൾ പരിഷ്കരിച്ചത്. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ കാറ്റഗറിയനുസരിച്ചായിരുന്നു നേരത്തേ ഫീസ് ഈടാക്കിയിരുന്നത്. കേരളത്തിൽ തിരുവനന്തപുരം സെൻട്രൽ, കോഴിക്കോട്, എറണാകുളം സ്റ്റേഷനുകളാണ് ഇതനുസരിച്ച് മുൻനിരയിലുള്ളത്. ഇനി മുതൽ ഈ രീതിയിലും മാറ്റംവരും. നിലവിൽ അമൃത് ഭാരത് പദ്ധതിക്കു കീഴിൽ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 34 സ്റ്റേഷനുകൾ 300 കോടിയിലേറെ രൂപ ചെലവിട്ട് നവീകരിക്കുന്നുണ്ട്. ഇവയിൽ പലതും എൻഎസ്ജി ഗ്രേഡ്(നോൺ സബർബൻ ഗ്രേഡ്) നാല്, അഞ്ച് എന്നിവയിൽപ്പെടുന്നതാണ്. ഈ സ്റ്റേഷനുകളിലും നിരക്കുവർധനയുണ്ടാകും. അമൃത് ഭാരതിൽപ്പെടാത്ത, വരുമാനം കൂടുതലുള്ള ചില സ്റ്റേഷനുകളിൽ പാർക്കിങ്ങിനായും മറ്റും കൂടുതൽ സംവിധാനങ്ങളും റെയിൽവേ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിലും ഫീസ് കൂടും.
പാർക്കിങ് രസീതുകൾ ഉൾപ്പെടെ പ്രിന്റിങ് സംവിധാനത്തിലൂടെയാകും നൽകുക. എത്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നു എന്നതുൾപ്പെടെയുള്ള കണക്കുകൾ കൃത്യമായി അറിയുകയാണ് ലക്ഷ്യം. എട്ടു വർഷത്തിനു ശേഷമാണ് നിരക്കുകൾ കൂട്ടുന്നതെന്നും കാലോചിതമായ വർധന മാത്രമേ നടപ്പാക്കിയിട്ടുള്ളൂവെന്നും റെയിൽവേ അധികൃതർ പറഞ്ഞു. യാത്രക്കാർക്കായി മികച്ച സൗകര്യങ്ങൾ സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ടെന്നും റെയിൽവേ അറിയിച്ചു.
Content Highlights: Parking fee at railway stations in Kerala hiked. Helmet can be kept safely with extra fee
Published: 27 Mar 2025, 08:34 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented