കൊല്ലം: രാജ്യത്താകെ മുപ്പതിനായിരത്തോളം തസ്തികകൾ വെട്ടിക്കുറയ്ക്കാൻ റെയിൽവേ. ഈ വർഷം 29,906 തസ്തികകൾ കുറയ്ക്കണമെന്നു കാട്ടി, വിവിധ സോണുകളുടെ ജനറൽ മാനേജർമാർക്ക് റെയിൽവേ ബോർഡ് നിർദേശം നൽകി. ഉത്തര റെയിൽവേയിലാണ് ഏറ്റവും കൂടുതൽ തസ്തികകൾ ഒഴിവാക്കുന്നത്-3,303 എണ്ണം. ദക്ഷിണ റെയിൽവേക്ക്‌ 1,906 തസ്തിക നഷ്ടപ്പെടും.

To advertise here,

പ്രധാനമായും നോൺ-സേഫ്റ്റി വിഭാഗത്തിൽപ്പെട്ട തസ്തികകളാണ് വെട്ടിക്കുറയ്ക്കുന്നത്. 2026 ഏപ്രിൽ ഒന്നിലെ അനുവദനീയമായ ജീവനക്കാരുടെ രണ്ടുശതമാനം ഒഴിവാക്കാനാണ് ഓരോ ജനറൽ മാനേജർക്കും ടാർഗറ്റ് നൽകിയിരിക്കുന്നത്. പുനഃക്രമീകരണം, ഒഴിവാക്കൽ, തസ്തികമാറ്റൽ, സ്ഥലംമാറ്റം തുടങ്ങിയ നടപടികൾ വഴിയാകും രണ്ടുശതമാനം തസ്തികകൾ ഇല്ലാതാക്കുന്നത്. നിലവിൽ ജോലിചെയ്യുന്ന സ്ഥിരം ജീവനക്കാരെ ഒഴിവാക്കില്ല.

എന്നാൽ ഈ തസ്തികകളിൽ പുതിയ നിയമനം നടത്തില്ല. ടൈപ്പിസ്റ്റ് പോലെ ആവശ്യമില്ലാത്ത തസ്തികകളിലുള്ളവരെ ക്ലാർക്ക് തസ്തികയിലേക്ക് മാറ്റി നിയമിക്കും. ഏപ്രിൽ ഒന്നിലെ അനുവദനീയമായ ജീവനക്കാരുടെ രണ്ടുശതമാനം ഒഴിവാക്കാനാണ് ടാർഗറ്റ്.

സമരവുമായി യൂണിയനുകൾ

ജീവനക്കാരുടെ ക്ഷാമം നിലനിൽക്കുമ്പോൾ വീണ്ടും തസ്തികകൾ വെട്ടിക്കുറയ്ക്കുന്നതിനെതിരേ തൊഴിലാളി യൂണിയനുകൾ രംഗത്തെത്തിയിട്ടുണ്ട്. പുതിയ പാതകളും തീവണ്ടികളും വന്നതുവഴി കൂടുതൽ ജീവനക്കാരെ നിയമിക്കേണ്ട സമയത്ത് വൻതോതിൽ തസ്തിക വെട്ടിക്കുറയ്ക്കുന്നത് കേന്ദ്രസർക്കാരിന്റെ, സ്വകാര്യവത്‌കരണ നീക്കമാണെന്ന് അവർ ആരോപിക്കുന്നു. എ.സി.കോച്ചുകളുടെ അറ്റകുറ്റപ്പണി, റാക്കുകളുടെ അറ്റകുറ്റപ്പണി തുടങ്ങി ഒട്ടേറെ ജോലികൾ പുറംകരാർ നൽകിയ സാഹചര്യത്തിൽ ഓരോവർഷവും രണ്ടുശതമാനം തസ്തികകൾ ഒഴിവാക്കണമെന്ന നയമാണ്, റെയിൽവേ തുടർന്നുവരുന്നത്. എല്ലാ പുനർവിന്യാസങ്ങളും തസ്തിക ഒഴിവാക്കലുകളും എച്ച്.ആർ.എം.എസ്. പോർട്ടൽവഴിമാത്രമേ ചെയ്യാവൂയെന്നാണ് നിർദേശം.

ഒഴിഞ്ഞുകിടക്കുന്നത് മൂന്നരലക്ഷത്തിലേറെ തസ്തികകൾ

ഒരുവർഷം രണ്ടുശതമാനം തസ്തികകൾ ഇല്ലാതാക്കണമെന്ന കേന്ദ്രനയംമൂലം റെയിൽവേയിൽ ഒഴിഞ്ഞുകിടക്കുന്നത് മൂന്നരലക്ഷത്തിലേറെ തസ്തികകൾ. ദക്ഷിണ റെയിൽവേയിൽമാത്രം ഇരുപതിനായിരത്തോളം തസ്തികകൾ ഒഴിഞ്ഞുകിടപ്പുണ്ട്. റെയിൽവേ ആശുപത്രികൾ, ഹൗസ് കീപ്പിങ്‌, എ.സി.മെക്കാനിക്ക്, ഇലക്‌ട്രിക്കൽ തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുകൾ കൂടുതൽ. ഈ തസ്തികകളിൽ നിയമനം നടത്താതെ സറണ്ടർ ചെയ്യുകയാണ് പതിവ്. രണ്ടുശതമാനം തസ്തികകൾ കുറയ്ക്കണമെന്ന ടാർഗറ്റ് അതേപടി പാലിച്ചില്ലെങ്കിലും ഒരുശതമാനത്തിനു മുകളിൽ എല്ലാവർഷവും ഒഴിവാക്കുന്നുണ്ട്. സേഫ്റ്റി വിഭാഗത്തിൽ തസ്തികകൾ വെട്ടിക്കുറയ്ക്കുന്നില്ലെങ്കിലും വിരമിക്കുന്നവർക്ക് തത്തുല്യമായ നിയമനം നടത്തുന്നില്ല.