കൊച്ചി: ആയിരക്കണക്കിന് പേരാണ് ദിവസവും എറണാകുളം, തൃശ്ശൂർ ജില്ലകളിൽനിന്ന് പാലക്കാട്ടേക്കും തിരിച്ചും ജോലി-പഠന ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നത്. പക്ഷേ, സമയത്ത് എത്താനോ വൈകീട്ട് തിരിച്ചുപോരാനോ തീവണ്ടികളില്ലെന്നതാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്.

To advertise here,

നിലവിൽ രാവിലെ 10 മണിക്ക് മുൻപ് പാലക്കാട് എത്തിച്ചേരുന്നതും വൈകീട്ട് അഞ്ച് മണിക്കുശേഷം പാലക്കാടുനിന്ന് പുറപ്പെടുന്നതുമായ തീവണ്ടി സർവീസ് ഇല്ല. ദേശീയപാതയിൽ പലയിടങ്ങളിലായി മാസങ്ങളോളം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ബസിനെയും ആശ്രയിക്കാനാവില്ല.

എറണാകുളം-പാലക്കാട് ട്രെയിൻ പാസഞ്ചേഴ്‌സ് ഫോറം പലതവണ നിവേദനം നൽകിയെങ്കിലും നടപടിയില്ല.

എറണാകുളം-ടാറ്റ നഗർ എക്‌സ്‌പ്രസ് രാവിലെ 10.05-നും അലപ്പുഴ-ധൻബാദ് എക്‌സ്‌പ്രസ് രാവിലെ 10.20-നുമാണ് പാലക്കാട് റെയിൽവേ സ്റ്റേഷനിലെത്തുന്നത്. ചിലപ്പോൾ ഇതിലും വൈകും. ഈ രണ്ട് തീവണ്ടിയും അരമണിക്കൂറെങ്കിലും നേരത്തേയാക്കിയാൽ യാത്രക്കാർക്ക് സമയത്തിന് ഓഫീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്താം.

സമാനമായി പാലക്കാട് 11.30-ന് എത്തുന്ന പാലരുവി എക്‌സ്‌പ്രസിന്റെ സമയം രാവിലെ 9.50 ആക്കിയാൽ ഏറെ പ്രയോജനകരമാകുമെന്നും യാത്രക്കാർ പറയുന്നു.

രാവിലത്തേക്കാൾ ദയനീയമാണ് വൈകുന്നേരത്തെ സ്ഥിതി. വൈകീട്ട് 4.05-ന് പാലക്കാടുനിന്ന് പുറപ്പെടുന്ന പാലരുവി എക്‌സ്‌പ്രസിനുശേഷം രാത്രിവരെ മറ്റൊരു തീവണ്ടി എറണാകുളത്തേക്കില്ല. ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് അഞ്ചിന് ബിലാസ്‌പുർ സൂപ്പർ ഫാസ്റ്റ് തീവണ്ടി ഉണ്ടെങ്കിലും മിക്കവാറും വൈകിയാണ് എത്താറുള്ളത്.

പാലരുവി എക്‌സ്‌പ്രസ് പാലക്കാട് ജങ്ഷനിൽനിന്ന് പുറപ്പെടുന്നത് 5.20-ന് ആക്കിയാൽ യാത്രക്കാർക്ക് അത് പ്രയോജനപ്പെടും. ഇതിനുപുറമേ വൈകീട്ട് അഞ്ചരയ്ക്ക് പുറപ്പെടുന്ന രീതിയിൽ പാലക്കാട്-എറണാകുളം പാസഞ്ചർ തീവണ്ടിയോ മെമുവോ കൂടിയുണ്ടെങ്കിൽ യാത്രാദുരിതത്തിന് പരിഹാരമാകും.

ഈ ആവശ്യമുന്നയിച്ച് കേന്ദ്ര റെയിൽവേ മന്ത്രി, കേന്ദ്രമന്ത്രി സുരേഷ് ഗോപി, പാലക്കാട് എംപി, ചാലക്കുടി എംപി, ബിജെപി ജില്ലാ അധ്യക്ഷൻമാർ എന്നിവർക്ക് നിവേദനം നൽകിയതായി എറണാകുളം-പാലക്കാട് ട്രെയിൻ പാസഞ്ചേഴ്‌സ് ഫോറം ഭാരവാഹികൾ പറഞ്ഞു.