തിരുവനന്തപുരം: ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ കേസെടുത്തതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. അഭിഭാഷകനായ ശാസ്തമംഗലം അജിത് കുമാറാണ് രാഹുലിനുവേണ്ടി ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. യുവതി നല്‍കിയിരിക്കുന്നത് വ്യാജ പരാതിയാണെന്നും കേസിൽ താൻ നിരപരാധിയാണെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു.

To advertise here,

വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന് യുവതി നേരിട്ട് പരാതി നല്‍കിയത്. ക്രൂരമായ പീഡനമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയതെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന്, വെള്ളിയാഴ്ച രാവിലെ നെയ്യാറ്റിന്‍കര ജെഎഫ്‌സിഎം 7 കോടതിയില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവനന്തപുരത്തെ ഒരു ഫ്‌ലാറ്റില്‍ വെച്ച് രണ്ടു തവണ ബലാത്സംഗം ചെയ്തു എന്നാണ് മൊഴിയില്‍ പറയുന്നത്.

ബലാത്സംഗദൃശ്യങ്ങള്‍ രാഹുല്‍ ഫോണില്‍ ചിത്രീകരിച്ചെന്നും ഈ ദൃശ്യങ്ങളെ കുറിച്ച് പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. പാലക്കാട്ടെ ഫ്‌ലാറ്റിലേക്ക് യുവതിയെ വിളിച്ചുവരുത്തി ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും ബലാത്സംഗം ചെയ്തു. പിന്നീടും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ഭീഷണി കൂടുതല്‍ രൂക്ഷമാവുകയും രാഹുല്‍ ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക യുവതിക്ക് എത്തിച്ചു നല്‍കിയത് രാഹുലിന്റെ സുഹൃത്തായ ജോബി ജോസഫ് ആണെന്നും മൊഴിയിലുണ്ട്. ഇയാളെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍പ്രകാരമാണ് രാഹുലിനെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ഇയാളെ കണ്ടെത്താനായി സംസ്ഥാന വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഏതെങ്കിലും വിമാനത്താവളങ്ങള്‍ വഴി രാജ്യം വിടാന്‍ ശ്രമിക്കുന്നുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍, ബ്യൂറോ ഓഫ് എമിഗ്രേഷന് കത്തയച്ചുകൊണ്ട് രാജ്യത്തുള്ള എല്ലാ എയര്‍പോര്‍ട്ടുകളിലും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.