പാലക്കാട്: തദ്ദേശഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗൃഹസന്ദർശനപരിപാടിക്ക് ഒരുങ്ങിയ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ആരോപണങ്ങളും വെളിപ്പെടുത്തലുകളും. 27 മുതൽ മൂന്നുദിവസമാണ് കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനത്തിന് പദ്ധതിയിട്ടിരുന്നത്. അതിന് മുൻപ്‌ രാഹുൽ വിഷയത്തിൽ തീരുമാനമാവുന്നില്ലെങ്കിൽ അനുഭാവികളിൽ നിന്നുതന്നെ ചോദ്യങ്ങളുണ്ടാവുമെന്ന് പ്രവർത്തകർ ഭയക്കുന്നുണ്ട്. 

To advertise here,

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ രാഹുൽ മാങ്കൂട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടതിൽ ആവേശം കൊണ്ടിരുന്ന കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകരുടെ വാക്കുകളിൽ ഇപ്പോൾ കനത്ത നിരാശയാണ് പ്രകടമാവുന്നത്.

പാലക്കാട് ജില്ലയിലെ 12 നിയമസഭാമണ്ഡലങ്ങളിൽ കോൺഗ്രസിന് ലഭിച്ച ഏക മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാടും മുസ്‌ലിം ലീഗ് പ്രതിനിധീകരിക്കുന്ന മണ്ണാർക്കാടും മാത്രമാണ് ജില്ലയിൽ യുഡിഎഫിന് നേടാനായത്. ഇത്തവണ ആറ് മണ്ഡലങ്ങളിലെങ്കിലും പ്രതീക്ഷയോടെ പ്രവർത്തനം ആരംഭിച്ച ഘട്ടത്തിലാണ് ആരോപണങ്ങളുയരുന്നത്.

സിപിഎമ്മും ബിജെപിയും ഇരുപാർട്ടികളുടേയും മഹിളാ, യുവജന വിഭാഗങ്ങളും രാഹുലിന്റെ രാജി ആവശ്യപ്പെട്ട് നാലുദിവസമായി പ്രതിഷേധം ശക്തമാക്കുന്നുണ്ട്. ഞായറാഴ്ച പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ രാഹുൽ മാങ്കൂട്ടത്തിലി ന്റെയും ഷാഫി പറമ്പിൽ എംപിയുടേയും മുഖം മൂടി ധരിച്ച് ഡിവൈഎഫ്െഎ പ്രവർത്തകർ പ്രതിഷേധിച്ചു. കോൺഗ്രസിനുള്ളിൽനിന്നും പ്രതിഷേധസ്വരങ്ങൾ ഉയരുന്നുണ്ട്. ഡിസിസി ജനറൽ സെക്രട്ടറിമാരായ വി.കെ. ശ്രീകൃഷ്ണൻ, ഒ. വിജയകുമാർ തുടങ്ങിയവർ സാമൂഹികമാധ്യമങ്ങളിൽ രാഹുലിനെതിരേ ശബ്ദമുയർത്തി.

ഇന്നലെ ചാനലുകൾ പുറത്തുവിട്ട ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ തന്റേതല്ലെന്ന് പറയാൻ കഴിയില്ലെങ്കിൽ രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്ക് ഭാരമാവാതെ എംഎൽഎ സ്ഥാനം രാജിവെയ്ക്കണമെന്നാണ് വിജയകുമാർ കുറിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറഞ്ഞ് യൂത്ത് കോൺഗ്രസ് പാലക്കാട് മണ്ഡലം മുൻ പ്രസിഡന്റ് സദ്ദാം ഹുസൈനും സാമൂഹികമാധ്യമത്തിൽ കുറിപ്പിട്ടു.

കോൺഗ്രസിൽ എല്ലാവർക്കും പറയാനുള്ള അവകാശമുണ്ടെന്നും ഒറ്റപ്പെട്ട അഭിപ്രായങ്ങൾ പാർട്ടിയുടെ അഭിപ്രായമായി കണക്കാക്കാനാവില്ലെന്നും ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്നത്തിൽ പാർട്ടിക്ക് പ്രതിസന്ധിയില്ല. ജനപ്രതിനിധികൾക്ക് കരുതൽ വേണം. കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കേണ്ടതായിരുന്നു- അദ്ദേഹം പറഞ്ഞു. പ്രശ്നപരിഹാരമാവുന്നില്ലെങ്കിൽ കൂടുതൽ പ്രതികരണങ്ങളുണ്ടാവുമെന്നാണ് പ്രാദേശിക നേതാക്കൾ നൽകുന്ന സൂചന.