തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ യുവതി പരാതി നൽകിയതോടെ തിരഞ്ഞെടുപ്പിന്റെ കവാടത്തിൽനിൽക്കുന്ന കോൺഗ്രസിന് ഇരുട്ടടിയേറ്റ സ്ഥിതിയായി. രാഹുലിനെതിരേ നേരത്തേ നടപടിയെടുത്ത് മാറ്റിനിർത്തിയതാണെന്ന വിശദീകരണത്തിൽ രക്ഷാകവചമൊരുക്കാനാണ് നേതാക്കളുടെ ശ്രമം.

To advertise here,

എന്നാൽ, സർക്കാരിനും ഇടതുപക്ഷത്തിനും എതിരേ യുഡിഎഫ് ഉയർത്തുന്ന എല്ലാപ്രചാരണങ്ങളെയും പ്രതിരോധിക്കാൻ ഈ കേസിനെ ആയുധമാക്കാനായിരിക്കും എൽഡിഎഫ് ശ്രമിക്കുക.

ഗുരുതര സ്വഭാവദൂഷ്യം പരാമർശിക്കുന്ന ശബ്ദരേഖ നേരത്തേ മാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോൾതന്നെ ഈ അപകടം കോൺഗ്രസ് മുന്നിൽക്കണ്ടതാണ്. അതുകൊണ്ട്, പരാതിയും കേസും ഉണ്ടാകുന്നതിനു മുൻപുതന്നെ അദ്ദേഹത്തെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നും കോൺഗ്രസ് പാലമെന്ററി പാർട്ടിയിൽനിന്നും പുറത്താക്കി. പ്രതിപക്ഷത്തെ അശക്തമാക്കാനുള്ള ആയുധമെന്ന നിലയിൽത്തന്നെയാണ് എൽഡിഎഫും സർക്കാരും ഇതിനെ കണ്ടത്.

പെൺകുട്ടിയുടെ പരാതി ലഭിക്കാതിരുന്നിട്ടും പ്രത്യേക അന്വേഷണസംഘത്തെ സർക്കാർ നിയോഗിച്ചു. പാലക്കാട് മണ്ഡലത്തിൽ പ്രതീക്ഷയുള്ള ബിജെപിയും രാഹുലിനെതിരേ ആഞ്ഞിറങ്ങി.

എന്നാൽ, മാസങ്ങൾക്കു ശേഷവും യുവതിയുടെ പരാതിയുണ്ടാകാഞ്ഞതിനാൽ പോലീസ് അന്വേഷണംപോലും വഴിമുട്ടിനിന്നപ്പോൾ കോൺഗ്രസിനുള്ളിലും രാഹുൽ അനുകൂല നിലപാട് ഒരുവിഭാഗം നേതാക്കൾക്കുണ്ടായി. പാലക്കാട് മണ്ഡലത്തിൽ രാഹുൽ സജീവമായി. കോൺഗ്രസിന്റെ ഔദ്യോഗിക വേദിയിലല്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നിൽനിന്നു. പാർട്ടി അകറ്റിനിർത്തിയ ഒരാളെങ്ങനെയാണ് പാർട്ടി സ്ഥാനാർഥികളുടെ മുൻനിരപ്രചാരകനാകുന്നതെന്ന ചോദ്യം കോൺഗ്രസ് നേതാക്കൾ നേരിട്ടു. അപ്പോഴെല്ലാം ഭിന്നാഭിപ്രായത്തിൽ രാഹുലിനൊപ്പവും രഹുലിനെതിരേയുമായി രണ്ടുപക്ഷത്തായിരുന്നു കോൺഗ്രസ് നേതാക്കൾ.

സാഹചര്യം അനുകൂലമാക്കിയെടുക്കാനുള്ള കളമൊരുക്കുന്നതിനിടെയാണ് ആരോപണം കടുപ്പിക്കുന്ന പുതിയ ശബ്ദരേഖയും ചാറ്റും പുറത്തുവരുന്നതും പിന്നാലെ പെൺകുട്ടി പരാതിയുമായി മുഖ്യമന്ത്രിക്ക് അരികിലെത്തുന്നതും.

വോട്ടെടുപ്പുവരെ ജനങ്ങളെ സ്വാധീനിക്കുന്ന തുടർവാർത്തകൾക്ക് വഴിവെക്കുന്ന കേസുകൂടിയാണിത്. പാർട്ടിയിലില്ലെങ്കിലും രാഹുൽ ഉണ്ടാക്കിവെച്ച കെടുതി കോൺഗ്രസിനും യുഡിഎഫിനും തലവേദനയുണ്ടാക്കിക്കൊണ്ടേയിരിക്കുമെന്നതിൽ തർക്കമില്ല.