
കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ചൂഷണ ആരോപണങ്ങളില്‍ വഴിത്തിരിവ്. പീഡനത്തിനിരയായ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി കൈമാറിയതോടെ, രാഹുലിന്റെ നില കൂടുതല്‍ പരുങ്ങലിലായി. വിവാദത്തിലകപ്പെട്ട് പ്രതിച്ഛായ നഷ്ടപ്പെട്ടുനിൽക്കേയാണ് ഇപ്പോൾ പരാതികൂടി വരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ ഇപ്പോൾ പരാതി ലഭിച്ചതോടെ പോലീസ് ഏത് നിമിഷവും രാഹുലിനെ അറസ്റ്റ് ചെയ്‌തേക്കും. ഇത് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും.
വിവാദം ഉണ്ടായപ്പോള്‍ത്തന്നെ രാഹുലിനെ സസ്‌പെന്‍ഡ് ചെയ്തതാണെന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്. അപ്പോഴും സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിലും എംഎല്‍എ എന്ന നിലയിലും അടുത്തിടെയായി രാഹുല്‍ വീണ്ടും സജീവമായിരുന്നു. കഴിഞ്ഞ ദിവസം കെ. സുധാകരനും കെ. മുരളീധരനും അടക്കമുള്ള നേതാക്കള്‍ രാഹുലിനെ സംരക്ഷിക്കുന്ന നിലപാടിലേക്ക് തിരിയുന്നതും കണ്ടു. ഇതാണ് വിഷയത്തില്‍ കോണ്‍ഗ്രസ് പ്രതിരോധം ദുര്‍ബലമാക്കുന്നത്. അറസ്റ്റിലായി റിമാന്‍ഡിലാകുന്നതോടെ എംഎല്‍എ സ്ഥാനത്ത് തുടരുന്നതിലെ ധാര്‍മികത ചോദ്യംചെയ്യപ്പെടും. ഇന്ന് രാത്രിതന്നെ പരാതിക്കാരിയുടെ മൊഴി എടുക്കാനാണ് ക്രൈംബ്രാഞ്ച് സംഘം ഒരുങ്ങുന്നത്. മുഖ്യമന്ത്രിക്ക് മുമ്പാകെ പെണ്‍കുട്ടി പരാതി നല്‍കിയതിന് പിന്നാലെ ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷ് മുഖ്യമന്ത്രിയെ കണ്ടിരുന്നു. നിലവില്‍ രാഹുലിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇതിനിടെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഗര്‍ഭധാരണത്തിനും ഗര്‍ഭച്ഛിദ്രത്തിനും പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുന്ന ശബ്ദരേഖകള്‍, വാട്‌സാപ്പ് ചാറ്റുകള്‍ തുടങ്ങി ആരോപണങ്ങളുടെ ഒരു കൂമ്പാരംതന്നെ രാഹുലിനെതിരേയുണ്ടായിരുന്നു. എന്നാല്‍, രാഹുല്‍ ഇത് തന്റേതാണെന്നോ അല്ലെന്നോ പറയാന്‍ തയ്യാറാവാതിരുന്നതും പീഡനം നേരിട്ട പെണ്‍കുട്ടി പരാതി നല്‍കാന്‍ ഒരുക്കമല്ലാതിരുന്നതും കേസ് അന്വേഷണത്തിലും പ്രതിസന്ധിയായി. എന്നാല്‍, പരാതി ലഭിച്ചതോടെ കേസില്‍ ഇനി കേസില്‍ തുടര്‍നടപടികള്‍ വേഗത്തിലാകും. മാങ്കൂട്ടത്തിലിന്റെ അറസ്റ്റും ഉടനുണ്ടാകും.
കഴിഞ്ഞ ഓഗസ്റ്റിലാണ് രാഹുലിനെതിരേ ശബ്ദരേഖ പുറത്തുവന്നത്. പിന്നാലെ മൂന്നാംകക്ഷികളുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്. ആദ്യഘട്ട അന്വേഷണത്തിനിടെത്തന്നെ പെണ്‍കുട്ടിയെ കണ്ടെത്തി പോലീസ് മൊഴി ശേഖരിച്ചിരുന്നെങ്കിലും പരാതിയുമായി മുന്നോട്ടുപോകാന്‍ അവര്‍ തയ്യാറായിരുന്നില്ല. നേരിട്ടുള്ള പരാതികളൊന്നുമുണ്ടാകാതിരുന്നതിനാല്‍ ക്രൈംബ്രാഞ്ച് കേസ് മൂന്നുമാസത്തോളമായിട്ടും എങ്ങുമെത്തിയതുമില്ല. പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ ഇതിനിടെ നിയമസഭയില്‍ വരികയും പാലക്കാട്ടെ രാഷ്ട്രീയ പരിപാടികളില്‍ ഇടവേളയ്ക്ക് ശേഷം പങ്കെടുക്കാന്‍ തുടങ്ങുകയും ചെയ്ത ഘട്ടത്തിലാണ് കൂടുതല്‍ കുരുക്കായി പരാതി എത്തിയത്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ത്തന്നെ അതിജീവിത നേരിട്ട് പരാതിയുമായെത്തിയ സ്ഥിതിക്ക്, രാഹുലിന് അറസ്റ്റ് ആസന്നമാണ്. കേസില്‍ ഇതിനോടകംതന്നെ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണവും ചില തെളിവ് ശേഖരണവും നടത്തിയിരുന്നു.
പരാതികള്‍ ഒട്ടേറെ വന്നിട്ടും 'ഹൂ കെയേഴ്‌സ്' എന്ന മനോഭാവമായിരുന്നു ഈ ഘട്ടങ്ങളിലുടനീളം രാഹുല്‍ പുലര്‍ത്തിയിരുന്നത്. വോയിസ് റെക്കോഡുകളും വാട്‌സാപ്പ് ചാറ്റുകളും പലതവണ പുറത്തുവന്നപ്പോഴും നിയമപരമായി ഒരു തെറ്റും ചെയ്തില്ലെന്ന നിലപാടില്‍ രാഹുൽ ഉറച്ചുനിന്നു. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ കൈയില്‍ പരാതി കിട്ടിയെന്ന വാര്‍ത്ത പുറത്തുവരുമ്പോഴും നിയമപരമായി കുറ്റമൊന്നും ചെയ്തില്ലെന്ന നിലപാടിലുറച്ചുനില്‍ക്കുന്നു, രാഹുല്‍. നിയമപരമായി നേരിടുമെന്നും കോടതിയില്‍ എല്ലാം ബോധ്യപ്പെടുത്തുമെന്നുമാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസിനകത്തുതന്നെ ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നു. പാര്‍ട്ടിയില്‍ പരോക്ഷമായി പലരും രാഹുലിനെ പിന്തുണച്ചപ്പോള്‍ മറ്റു ചിലര്‍ കടുത്ത നടപടിതന്നെ വേണമെന്ന നിലപാട് സ്വീകരിച്ചു. സഹപ്രവര്‍ത്തകര്‍ അടക്കമുള്ള വനിതാ നേതാക്കള്‍ എഐസിസിക്ക് പരാതി നല്‍കുന്ന സാഹചര്യംപോലും ഉണ്ടായതോടെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയില്‍നിന്ന് നീക്കുകയും ചെയ്തു. അപ്പോഴും പാലക്കാടിന്റെ എംഎല്‍എയായി രാഹുല്‍ തുടര്‍ന്നു.
രാഹുലിനെ മുന്‍നിര്‍ത്തി കോണ്‍ഗ്രസിന്റെ ധാര്‍മിക നിലപാടുകളെ ചോദ്യംചെയ്ത് സിപിഎമ്മും ബിജെപിയും വിഷയം കെടാതെ കത്തിച്ചു. ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചു. വിഷയം സഭയില്‍ ഉയര്‍ത്തിക്കാട്ടുകയും സ്ത്രീസുരക്ഷയെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുകയും ചെയ്തു. അറസ്റ്റ് പെട്ടെന്നുതന്നെ വേണമെന്ന ആവശ്യത്തില്‍ സാമൂഹിക മാധ്യമങ്ങളിൽ കാമ്പയിനുകള്‍ നടന്നു. ഒരുവശത്ത് അറസ്റ്റിനായി ക്രൈംബ്രാഞ്ചും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാതിയില്ലാത്തതിനാല്‍ നടപടികളിലേക്ക് കടക്കാനായിരുന്നില്ല.
രാഹുല്‍ വിഷയം തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി. പ്രത്യേകിച്ച് ശബരിമല സ്വര്‍ണക്കൊള്ള അടക്കം ഉയര്‍ത്തി ഭരണപക്ഷത്തിനും പ്രത്യേകിച്ച് സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി പ്രചാരണം മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയാണ് കോണ്‍ഗ്രസിന് കനത്ത പ്രഹരമായി രാഹുൽ അറസ്റ്റിന്‍റെ പടിവാതിൽക്കൽ നിൽക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തതോടെ രാഹുല്‍ മണ്ഡലത്തില്‍ സജീവമാവാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. പതിയെപ്പതിയേ ഈ പ്രതിച്ഛായയില്‍നിന്ന് പുറത്തുകടക്കാനുള്ള ശ്രമങ്ങള്‍ നടന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഹുലിനെ കൂടെക്കൂട്ടണമെന്ന് ജില്ലാ കമ്മിറ്റിക്കും നിര്‍ദേശം ലഭിച്ചതോടെ പല പരിപാടികളിലും സജീവമാവാന്‍ അവസരം ലഭിച്ചു. ബസ് സര്‍വീസ് ഉദ്ഘാടനംപോലുള്ള സര്‍ക്കാര്‍ പരിപാടികളിലും അദ്ദേഹം പങ്കെടുത്തു.
ഇതിനിടയിലാണ് അതിജീവിത പരാതിയുമായെത്തിയിരിക്കുന്നത്. ഈ ഊരാക്കുടുക്കില്‍നിന്ന് രക്ഷപ്പെടുക രാഹുലിന് അത്ര എളുപ്പമാവില്ല. രാഷ്ട്രീയ ഭാവിയേയും എംഎല്‍എ സ്ഥാനത്തെത്തന്നെയും ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുള്ളതാണ് ഈ പരാതി. ഇനി യുവതിയുടെ മൊഴി, ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട ചികിത്സാ രേഖകള്‍, ശബ്ദരേഖകള്‍, വാട്‌സാപ്പ് ചാറ്റുകള്‍ തുടങ്ങിയ തെളിവുകള്‍ കേസില്‍ നിര്‍ണായകമാകും. ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചു എന്നതടക്കമുള്ള പരാതി അതീവ ഗൗരവമുള്ളതായതിനാല്‍ മുന്‍കൂര്‍ ജാമ്യം പോലും ലഭിക്കാനിടയില്ല.
തദ്ദേശ തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ലഭിച്ച പരാതിയും കോണ്‍ഗ്രസിന് ഈ രാഹുകാലം അതിജീവിക്കുക വലിയ വെല്ലുവിളിയാകും. എല്‍.ഡി.എഫിനാകട്ടെ തിരഞ്ഞെടുപ്പ് കാലത്ത് വീണുകിട്ടിയ ആയുധമായി. രാഹുലിനെതിരായ ആരോപണങ്ങൾക്കിടെ യുവ വോട്ടര്‍മാരെ, പ്രത്യേകിച്ച് വനിതാ വോട്ടര്‍മാരെ എങ്ങനെ സ്വാധീനിക്കും എന്ന ആശങ്കയിലാണ് യു.ഡി.എഫ്.
Published: 27 Nov 2025, 07:04 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented