പാലക്കാട്: മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെതിരേ ഉയർന്ന ആരോപണത്തിൽ പേരെടുത്ത് പ്രതികരിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. താൻ അദ്ദേഹത്തിന്റെ വാക്കുകൾതന്നെയാണ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തതെന്നും ഈ വിഷയത്തിൽ പലതും മാധ്യമപ്രവർത്തകർക്ക് അറിയാമെന്നും താൻ അഭിപ്രായം പറയാനില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.

To advertise here,

അതേസമയം, ഇത്തരം വിഷയങ്ങളിൽ സർക്കാരിന്റെ നിലപാടിൽ ജനങ്ങൾക്ക് സംശയമുണ്ടാകില്ലേ എന്നും രാഹുൽ ചോദിച്ചു. ഇത്തരം വിഷയങ്ങളിൽ സർക്കാർ സ്വീകരിക്കേണ്ട സമീപനങ്ങളിൽ ഇരട്ടത്താപ്പുണ്ടോ, രാഷ്ട്രീയമുണ്ടോ എന്നൊക്കെ സർക്കാർ മറുപടി പറയേണ്ടിവരുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

കഴിഞ്ഞദിവസം 'ഇതല്ലേ അധഃപതനം' എന്ന തലക്കെട്ടോടെ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ ഒരു പ്രസംഗത്തിൽനിന്നുള്ള ദൃശ്യം രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ചിരുന്നു. 'അധഃപതനം അല്ലാതെ എന്തുപറയാൻ, അന്തസ്സുണ്ടെങ്കിൽ അയാളോട് എംഎൽഎ സ്ഥാനം രാജിവെയ്ക്കൂ എന്നുപറയണം' എന്ന് ഗണേഷ്‌കുമാർ സംസാരിക്കുന്ന 19 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോദൃശ്യമായിരുന്നു ഇത്.

നേരത്തേ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ലൈംഗികാരോപണം ഉയർന്നപ്പോൾ ഗണേഷ്‌കുമാർ നടത്തിയ പ്രസംഗത്തിന്റെ ഭാഗമാണിതെന്നാണ് കരുതുന്നത്. മന്ത്രി ഗണേഷ്‌കുമാറിനെ ഭാര്യ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടെന്നും തുടർന്ന് മന്ത്രിയുടെ സഹായികൾ ഭാര്യയെ തടഞ്ഞുവെച്ച് മൊബൈൽഫോൺ കൈക്കലാക്കാൻ ശ്രമിച്ചെന്നും ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് രാഹുൽ ഈ വീഡിയോ പങ്കുവെച്ചത്. എന്നാൽ, ഈ വിഷയത്തിൽ മാധ്യമപ്രവർത്തകർ ചോദ്യമുന്നയിച്ചെങ്കിലും മന്ത്രിയുടെ പേരെടുത്ത് പ്രതികരിക്കാനോ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാനോ രാഹുൽ തയ്യാറായില്ല.

ബലാത്സംഗക്കേസിൽ അറസ്റ്റിലായ ശേഷം തിങ്കളാഴ്ചയാണ് ഒരിടവേളയ്ക്ക് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ തന്റെ നിയോജകമണ്ഡലമായ പാലക്കാട് എത്തിയത്. താൻ ഇനിയും പാലക്കാട് തന്നെയുണ്ടാകുമെന്നും എംഎൽഎ എന്നനിലയിൽ വീഴ്ചയൊന്നും വരുത്തിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

മന്ത്രി ഗണേഷ്‌കുമാറിനെതിരേ ഉയർന്ന ആരോപണത്തെക്കുറിച്ച് 'മാതൃഭൂമി ഡോട്ട് കോം' നേരത്തേ റിപ്പോർട്ട്‌ചെയ്തിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് വാളകത്തെ കുടുംബവീട്ടിലാണ് മന്ത്രിയെ ഭാര്യ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടത്. തുടർന്ന് ഈ ദൃശ്യങ്ങൾ പകർത്തിയ ഭാര്യയെ മന്ത്രിയുടെ സഹചാരികൾ തടഞ്ഞുവെച്ചു. മൊബൈൽഫോൺ കൈക്കലാക്കാനും ശ്രമിച്ചു. തുടർന്ന് ഭാര്യ പോലീസ് സഹായം തേടിയെങ്കിലും സ്ഥലത്തെത്തിയ പോലീസ് വിഷയത്തിൽ ഇടപെടാതെ പിൻവാങ്ങിയെന്നും ആരോപണമുണ്ട്.

സംഭവത്തെക്കുറിച്ച് 'മാതൃഭൂമി ഡോട്ട് കോം' പ്രതികരണം തേടിയപ്പോൾ ഈ വാർത്ത നിഷേധിക്കാനോ സ്ഥിരീകരിക്കാനോ ഗണേഷ്‌കുമാറിന്റെ ഭാര്യ തയ്യാറായില്ല. അതേസമയം, സംഭവദിവസം ബന്ധുവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയെ വിളിച്ചും മന്ത്രിയുടെ ഭാര്യ സഹായം അഭ്യർഥിച്ചിരുന്നു. ഇക്കാര്യം ആർ. ശ്രീലേഖ 'മാതൃഭൂമി ഡോട്ട് കോമി'നോട് സ്ഥിരീകരിക്കുകയുംചെയ്തു.