തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ വിധി പ്രസ്താവിച്ച നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം. ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താനുള്ള ഓള്‍ കേരള മെന്‍സ് അസോസിയേഷന്റെ (എ.കെ.എം.എ) ശ്രമം പോലീസ് തടഞ്ഞു. സെക്രട്ടറിയേറ്റിനു മുന്നില്‍ പടക്കം പൊട്ടിക്കലും പാലഭിഷേകവും നടത്താനും ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷയ്‌ക്കെതിരെ പ്രതിഷേധിക്കാനും ആയിരുന്നു ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഒത്തുകൂടിയത്. ഇവരില്‍ നിന്ന് ജഡ്ജിയുടെ കട്ടൗട്ടും അഭിഷേകത്തിനുള്ള പാലും പോലീസ് പിടിച്ചെടുത്തു. 

To advertise here,

പ്രതിഷേധിക്കാനുള്ള തങ്ങളുടെ അവകാശം പോലീസ് തടഞ്ഞുവെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. വനിതാ കമ്മീഷന്‍ മാതൃകയില്‍ പുരുഷ കമ്മീഷന്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും എം.എല്‍.എ. എല്‍ദോസ് കുന്നപ്പള്ളിക്ക് നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. 

'ഷാരോണ്‍ ഇരയാണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ഗ്രീഷ്മ വേട്ടക്കാരി ആണെന്നും ആരും പറഞ്ഞതായി കേള്‍ക്കുന്നില്ല. കൊലപാതകത്തെ ചിലര്‍ ന്യായീകരിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ഒരു ജഡ്ജിയുടെ കട്ടൗട്ടും പാലും പോലീസ് എടുത്തുകൊണ്ടുപോയിരിക്കുകയാണ്. കട്ടൗട്ട് എടുത്തോണ്ട് പോകാന്‍ കാണിച്ച ആര്‍ജ്ജവം നിവിന്‍ പോളിക്കെതിരെ വ്യാജ പരാതി കൊടുത്ത സ്ത്രീക്കെതിരെ നടപടിയെടുക്കുന്നതില്‍ പോലീസ് കാണിച്ചില്ല.' -രാഹുല്‍ ഈശ്വര്‍ തുടര്‍ന്നു. 

'ഇവിടെ പ്രതിഷേധിക്കാന്‍ അവകാശമില്ലേ? പാലഭിഷേകത്തിനെ ക്രിമിനല്‍വത്കരിക്കുന്ന തലത്തിലേക്ക് നാട് എത്തുന്നു. പുരുഷ വിരോധമാണ് പുരോഗമനം എന്ന ചിന്തയാണ് കേരളത്തില്‍ കൂടുതല്‍ പേര്‍ക്കുമുള്ളത്. ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടന്ന നിരവധി പേര്‍ ഞങ്ങളുടെ കൂട്ടത്തിലുണ്ട്. ഇവരുടെ ഉള്ളിലെ വേദനയാണ് പടക്കം പൊട്ടിക്കലായൊക്കെ മാറുന്നത്. കമാല്‍ പാഷയോട് ആദരവുണ്ട്. പക്ഷെ ഷാരോണ്‍ കേസിലെ വിധിയില്‍ അദ്ദേഹത്തിന്റെ നിലപാട് തിരുത്തണം.' -രാഹുല്‍ ഈശ്വര്‍ പറഞ്ഞു. 

ഷാരോണ്‍ വധക്കേസിലെ വിധിയില്‍ കെമാല്‍ പാഷയുടെ പ്രതികരണം നാടിന് തെറ്റായ സന്ദേശം നല്‍കുന്നുവെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്കുമാര്‍ പറഞ്ഞു.