
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരേയുള്ള തെളിവുകൾ പോലീസ് കൃത്രിമമായി നിർമ്മിച്ചതെന്ന് രാഹുൽ ഈശ്വർ. കേസുമായി ബന്ധപ്പെട്ട് താൻ പണ്ട് പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിഞ്ഞുവെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
പൾസർ സുനിയോടൊപ്പം ദിലീപ് നിൽക്കുന്ന ഫോട്ടോ പോലീസ് ഫോട്ടോഷോപ്പ് ഉപയോഗിച്ച് നിർമ്മിച്ചതാണ്. ഇപ്പോഴും ദിലീപിനെ വേട്ടയാടുന്ന ചിലരുണ്ട്. തനിക്കെതിരേ കോടതിയിൽ പോലീസും പ്രോസിക്യൂഷനും കള്ളം എഴുതിക്കൊടുക്കുകയാണ് ചെയ്തതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
ദിലീപും പൾസർ സുനിയും തമ്മിലുള്ള ഗൂഢാലോചനയുടെ തെളിവായി അന്വേഷണസംഘം കണ്ടെത്തിയത് സിനിമാ സെറ്റിലെ സെൽഫി ആയിരുന്നു. അവിടെ ഉണ്ടായിരുന്ന ജീവനക്കാരൻ ആദ്യം ദിലീപിന്റെ കൂടെയും രണ്ടാമത് മൂന്ന് മിനിറ്റിന്റെ വ്യത്യാസത്തിൽ പൾസർ സുനിയുടേയും കൂടെ സെൽഫിയെടുത്തിരുന്നു. ഇത് കോടതിയിൽ ഹാജരാക്കിയിരുന്നെങ്കിലും ഇതുകൊണ്ട് ഗൂഢാലോചന തെളിയിക്കാനാകില്ലെന്ന് പറഞ്ഞ് കോടതി സെൽഫി തള്ളിയിരുന്നു. ഈ സെൽഫിയെ ദൈവത്തിന്റെ അനുഗ്രഹം എന്നായിരുന്നു പ്രോസിക്യൂഷൻ അടക്കം വിളിച്ചിരുന്നത്. ഇതേക്കുറിച്ചാണ് രാഹുൽ ഈശ്വർ വാർത്താ സമ്മേളനത്തിൽ എടുത്തു പറഞ്ഞത്.
"ദിലീപിന്റെ കാര്യത്തിൽ ആദ്യം മുതലേ ഞാൻ എടുക്കുന്ന നിലപാടുകൾ ശരിയാണെന്ന് തെളിഞ്ഞു. സമൂഹത്തിന് തെറ്റിപ്പോയി എന്ന തിരിച്ചറിവ് വേണം. എത്ര കാലം ദിലീപിനെ വേട്ടയാടി. ഇപ്പോഴും ദിലീപ് എന്തോ തെറ്റ് ചെയ്തു എന്നും പിന്നിൽ ഗൂഢാലോചനയുണ്ട് എന്നും ചിലർ പ്രചരിപ്പിക്കുന്നു. പൾസർ സുനിയും ദിലീപും ചേർന്ന് നിൽക്കുന്ന ദൈവത്തിന്റെ കൈയൊപ്പുള്ള ഫോട്ടോ എന്ന് പറഞ്ഞ് പോലീസും പ്രോസിക്യൂഷനും മാധ്യമങ്ങൾക്ക് ചോർത്തി തന്നത് വ്യാജമാണെന്ന് കണ്ടെത്തി"- രാഹുൽ ഈശ്വർ പറഞ്ഞു.
സാധാരണക്കാരനായ താൻ 16 ദിവസമാണ് ജയിലിൽ കിടന്നതെന്നും ദിലീപ് 85 ദിവസം ജയിലിൽ കിടന്നുവെന്നും രാഹുൽ പറഞ്ഞു. പോലീസ് തന്നെ ഫോട്ടോഷോപ്പ് ചെയ്തു തുടങ്ങിയാൽ രാജ്യം എവിടെ ചെന്ന് നിൽക്കുമെന്നും രാഹുൽ ചോദിച്ചു.
തനിക്കെതിരേയുള്ള കേസിൽ കോടതിയെ പൂർണ വിശ്വാസമുണ്ടെന്നും കുറ്റവിമുക്തനാക്കപ്പെടുമെന്നാണ് വിശ്വസിക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
"ജയിലിൽ കിടക്കുന്നതും പട്ടിണി കിടക്കുന്നതും എനിക്ക് പുത്തരിയല്ല. സത്യം വളരെ സിമ്പിളാണ്. കള്ളങ്ങളാണ് സങ്കീർണമായിരിക്കുന്നത്. ഭരണകൂടം ധാരാളം അസത്യങ്ങൾ പറയുന്നുണ്ട്. സത്യങ്ങൾ പറയുന്നതിന് മടിക്കരുത്. അങ്ങനെ മടിച്ചാൽ രാജ്യം നിലനിൽക്കില്ല"- രാഹുൽ കൂട്ടിച്ചേർത്തു.
Content Highlights: Rahul Easwar Alleges Fabricated Evidence in Dileep Case
Published: 17 Dec 2025, 01:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented