കോഴിക്കോട്: എം.എൽ.എ.  എം.എം മണിയെ ചിമ്പാൻസിയോട് ഉപമിച്ച കെ.പി.സി.സി. പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംഘപരിവാറിന്റെ പ്രത്യയശാസ്ത്രത്തെ മുന്നോട്ട് കൊണ്ടുപോകുവാന്‍ കെ.പി.സി.സി. പ്രസിഡന്റ് തന്നെ മുന്നില്‍ നില്‍ക്കുമ്പോള്‍ കേരളത്തില്‍ ബി.ജെ.പിക്ക് സംസ്ഥാന നേതൃത്വം ആവശ്യമുണ്ടോ എന്ന് മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

To advertise here,

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം

വംശീയ ആക്രമണങ്ങള്‍ക്കെതിരെ പോരാടിയ നെല്‍സണ്‍ മണ്ടേലയുടെ ജന്മദിനമാണിന്ന്. ചിമ്പാന്‍സിയുടെ ചിത്രത്തിലെ തലവെട്ടിമാറ്റി പകരം സഖാവ് എം.എം മണിയുടെ തല വെച്ച് മഹിളാ കോണ്‍ഗ്രസ് തലസ്ഥാനത്ത് പ്രകടനം നടത്തിയതും ഇന്ന് തന്നെ. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്‍റെ ഈ പ്രവര്‍ത്തനത്തെ പൂര്‍ണമായി പിന്തുണച്ച് സംസാരിച്ചെന്ന് മാത്രമല്ല, ചിമ്പാന്‍സിയെ പോലെ തന്നെയല്ലെ ശ്രീ. മണി എന്ന് പറയുകയും ചെയ്തു.

ഏത് പ്രത്യയശാസ്ത്രമാണ് കെ.പി.സി.സി പ്രസിഡന്‍റിനെ നയിക്കുന്നതെന്ന് വ്യക്തമാണ്. സംഘപരിവാറിന്റെ പ്രത്യയശാസ്ത്രത്തെ മുന്നോട്ട് കൊണ്ടുപോകുവാന്‍ കെപിസിസി പ്രസിഡണ്ട് തന്നെ മുന്നില്‍ നില്‍ക്കുമ്പോള്‍ കേരളത്തില്‍ ബിജെപിക്ക് സംസ്ഥാന നേതൃത്വം ആവശ്യമുണ്ടോ?