അമ്പലപ്പുഴ(ആലപ്പുഴ): മൃഗസ്‌നേഹിയായ പ്ലസ് വണ്‍ വിദ്യാര്‍ഥി പേവിഷബാധയേറ്റ് മരിച്ചു. തകഴി ഗ്രാമപ്പഞ്ചായത്ത് ഒന്നാംവാര്‍ഡ് കരുമാടി കിഴക്കേമുറി പുഷ്പമംഗലം വീട്ടില്‍ ശരത്കുമാറിന്റെ മകന്‍ എസ്. സൂരജ് (17) ആണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. തകഴി ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ കൊമേഴ്സ് വിദ്യാര്‍ഥിയായിരുന്നു. ഉമിനീരും രക്തവും പരിശോധിച്ച് മരണകാരണം പേവിഷബാധയാണെന്നു സ്ഥിരീകരിച്ചു.
കഴിഞ്ഞമാസം 20-ന് ബന്ധുവീട്ടില്‍വെച്ച് വളര്‍ത്തുനായയില്‍നിന്ന് കഴുത്തിനു പോറലേറ്റതായി സംശയിക്കുന്നു. പേവിഷ പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നില്ല. ചൊവ്വാഴ്ചയാണ് കുട്ടിക്ക് അസ്വസ്ഥത തുടങ്ങിയത്. ജിംനേഷ്യത്തില്‍നിന്നു വന്നപ്പോള്‍ നടുവേദനയുണ്ടായി. തുടര്‍ന്ന് തകഴിയിലെ സ്വകാര്യ ആശുപത്രിയില്‍ പോയി. പിറ്റേന്ന് പേവിഷബാധയുടെ ലക്ഷണം കണ്ടതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു.
ബുധനാഴ്ച രാവിലെ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെത്തിച്ച കുട്ടിയെ പരിശോധനയ്ക്കുശേഷം തീവ്രപരിചരണവിഭാഗത്തിലെ ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റി. വെള്ളിയാഴ്ച രാവിലെ മരിച്ചു.
പേവിഷബാധയ്ക്കു കാരണമായെന്നു കരുതുന്ന വളര്‍ത്തുനായയ്ക്ക് പ്രതിരോധകുത്തിവെപ്പ് എടുത്തതാണ്. നായ ജീവനോടെയുണ്ട്. സൂരജിന് മറ്റു നായകള്‍, പൂച്ചകള്‍ എന്നിവയുമായും സമ്പര്‍ക്കമുണ്ടായിരുന്നു. അച്ഛന്‍ തകഴി ക്ഷേത്രത്തിനു സമീപത്തെ ഗീതാ കഫേ ഉടമയാണ്. അമ്മ: ഗീത. സഹോദരന്‍: സഹജ്. മൃതദേഹം വൈകുന്നേരം നാലുമണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
ഉറവിടം അജ്ഞാതം
അമ്പലപ്പുഴ: 'പേവിഷബാധയേറ്റത് വീട്ടിനുള്ളില്‍ നിന്നല്ല, തെരുവുനായ്ക്കളാണ് കാരണം...' പ്ലസ്വണ്‍ വിദ്യാര്‍ഥി സൂരജിന് പേവിഷബാധയേറ്റതിന്റെ ഉറവിടം അജ്ഞാതമായി തുടരുമ്പോള്‍ അച്ഛന്‍ ശരത്കുമാര്‍ ഉറപ്പിച്ചുപറയുന്നു.
വളര്‍ത്തുനായയില്‍നിന്ന് കഴുത്തില്‍ പോറലേറ്റെന്നത് ആരോ ചുമ്മാതെ പറയുന്നതാണ്. ജിമ്മിനുപോയപ്പോഴുണ്ടായ സ്‌ട്രെച്ചുകളാണ് കഴുത്തിലെ പാട്. മകന്‍ നഷ്ടമായി. ഇനി ഇതിന്റെ പേരില്‍ ഒരു പരാതിക്കും ഞാനില്ല-അദ്ദേഹം വ്യക്തമാക്കി.
കരുമാടി കിഴക്കേമുറി പുഷ്പമംഗലം വീടിനോടുചേര്‍ന്ന് ദഹനപ്പെട്ടിയില്‍ മകന്‍ എരിഞ്ഞടങ്ങുമ്പോള്‍ ഉള്ളുനീറി ശരത്കുമാര്‍ അരികിലുണ്ടായിരുന്നു. സൂരജിന്റെ വേര്‍പാട് ഉള്‍ക്കൊള്ളാനാകാതെ നിറകണ്ണുകളുമായി കൂട്ടുകാര്‍ അവിടവിടെയായി കൂട്ടംകൂടിയിരിക്കുന്നു.
കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളി, ചൂണ്ടയിടല്‍, ജിംനേഷ്യത്തില്‍ പോകല്‍ എന്തിനും മുന്നിലായിരുന്നു സൂരജ്. അവന്‍ ചൂണ്ടയുമായി പോയാല്‍ മീനുമായേ മടങ്ങിവരൂ...പരിസരവാസികള്‍ പറയുമ്പോള്‍ കേട്ടുനിന്ന അച്ഛന്റെ സ്വരമിടറി. രാവിലെ കരുമാടി പടഹാരം റോഡിലൂടെ ഒന്നുനടന്നാല്‍ മതി. തെരുവുനായ്ക്കളുടെ കൂട്ടമാകും മുന്നില്‍. ഒരിക്കല്‍ നായ്ക്കളുടെ കൂട്ടം കോഴിയെ കടിച്ചുകൊണ്ടുവന്ന് വീടിനു മുന്നിലിട്ടാണ് കൊന്നത്-ശരത്കുമാര്‍ പറഞ്ഞു.
കുറച്ചുനാള്‍ മുന്‍പ് മകന്റെ കാലില്‍ മുറിവേറ്റപാടുകണ്ടു. എന്നെ പേടിച്ച് അവന്‍ അക്കാര്യം നേരത്തേ പറഞ്ഞില്ല. ചൂണ്ടയിടാന്‍ പോയപ്പോഴോ കളിക്കാന്‍ പോയപ്പോഴോ തെരുവുനായ്ക്കളുടെ കടിയേറ്റിട്ടുണ്ടാകാം. ഇനി പറഞ്ഞിട്ടെന്തുകാര്യം. എല്ലാം കഴിഞ്ഞില്ലേ....എരിയുന്ന ചിതയിലേയ്ക്ക് നോക്കി ശരത്കുമാര്‍ പറഞ്ഞു.
പേവിഷബാധയേറ്റുള്ള മരണം കൂടി; കാര്യം നിസ്സാരമാക്കി, പ്രശ്‌നം ഗുരുതരമായി; ജില്ലയില്‍ ഈ വര്‍ഷം മരിച്ചത് നാലുപേര്‍
ആലപ്പുഴ: പേവിഷബാധയേറ്റുള്ള മരണം ജില്ലയില്‍ കൂടുന്നു. ഈവര്‍ഷം ഇതുവരെ നാലുപേരുടെ ജീവന്‍ നഷ്ടമായി. പ്രതിരോധ വാക്‌സിനെടുക്കാത്തവരാണ് മരിച്ചവര്‍. അശ്രദ്ധയും ലാഘവത്വവുമാണ് ജില്ലയില്‍ മരണസംഖ്യ ഉയര്‍ത്തിയത്. ബോധവത്കരണം ശക്തമാക്കിയില്ലെങ്കില്‍ മരണസംഖ്യ ഇനിയുമുയര്‍ന്നേക്കാം. തകഴി പഞ്ചായത്ത് ഒന്നാം വാര്‍ഡ് കരുമാടി കിഴക്കേമുറിയില്‍ പുഷ്പമംഗലം വീട്ടില്‍ ശരത്കുമാറിന്റെ മകന്‍ സുരാജ് (17) ആണ് ഒടുവിലത്തെ ഇര. മൃഗസ്‌നേഹിയായ സുരാജ് ചികിത്സ തേടാതിരുന്നതാണ് മരണത്തിലേക്കു നയിച്ചത്.
ഈവര്‍ഷം മരിച്ച മറ്റുള്ളവരും ചികിത്സതേടുന്നതില്‍ മടികാണിച്ചു. ചേര്‍ത്തല കടക്കരപ്പള്ളി പഞ്ചായത്ത് എട്ടാം വാര്‍ഡ് വടക്കേ കണ്ടത്തില്‍ ലളിത (63), ചാരുംമൂട് പേരൂര്‍ക്കാരാണ്‍മ സബിതാനിവാസില്‍ ബിനില്‍-ഷീജ ദമ്പതിമാരുടെ മകന്‍ സാവന്‍ ബി. കൃഷ്ണ (ഒന്‍പത്) എന്നിവരാണ് ഈ വര്‍ഷം മരിച്ച മറ്റു രണ്ടുപേര്‍.ജനുവരി മൂന്നിനാണ് ലളിത മരിച്ചത്. വീട്ടില്‍ മീന്‍ വെട്ടിക്കൊണ്ടിരുന്നപ്പോഴാണ് നായ കടിച്ചത്. ചെറിയ നായയാണ് കടിച്ചതെന്നുപറഞ്ഞ് ചികിത്സ തേടാതിരുന്നതാണ് വിനയായത്. ഫെബ്രുവരി 10-നാണ് ഒന്‍പതുവയസ്സുകാരനായ സാവന്‍ ബി. കൃഷ്ണ മരിച്ചത്. സൈക്കിളില്‍ പോകുമ്പോള്‍ തെരുവുനായ ആക്രമിക്കാന്‍ വന്നതോടെ നിലത്തുവീണു. ഇക്കാര്യം വീട്ടില്‍ പറയാതിരുന്നതിനാല്‍ പ്രതിരോധ കുത്തിവെപ്പെടുത്തില്ല. അതാണ് മരണകാരണമായത്. കഴിഞ്ഞവര്‍ഷം മൂന്നുപേരാണ് പേവിഷബാധയെത്തുടര്‍ന്ന് മരിച്ചത്.
നോവായി ദേവനാരായണനും കാര്‍ത്ത്യായനിയും
തെരുവുനായയുടെ ആക്രമണത്തില്‍ മരിച്ച എട്ടുവയസ്സുകാരന്‍ ദേവനാരായണനും എണ്‍പത്തിയൊന്നുകാരിയായ കാര്‍ത്ത്യായനിയും ഇന്നും ആളുകള്‍ക്കു നോവാണ്. സൈക്കിള്‍യാത്രക്കാരനു നേരേ കുരച്ചുചാടിയ തെരുവുനായയെ പന്തെറിഞ്ഞ് ഓടിക്കാന്‍ ദേവനാരായണന്‍ ശ്രമിച്ചു. ഇതോടെ നായ അവനുനേരേ തിരിഞ്ഞു. രക്ഷപ്പെടാന്‍ ഓടുന്നതിനിടെ ഓടയില്‍ വീണു. നായയും കുട്ടിക്കൊപ്പം ഓടയില്‍ വീണു. ഇതിനിടെ നായയുടെ നഖമോ മറ്റോ കൊണ്ടതാകാം പേവിഷബാധയേല്‍ക്കാന്‍ കാരണം. നായ ആക്രമിച്ചതാണെന്നു വ്യക്തമാകാതിരുന്നതിനാല്‍ പ്രതിരോധ കുത്തിവെപ്പടുത്തില്ല. കഴിഞ്ഞവര്‍ഷം മേയിലായിരുന്നു സംഭവം.
ആറാട്ടുപുഴ പഞ്ചായത്തിലുള്ള മകന്റെ വീട്ടിലെത്തിയപ്പോഴാണ് തകഴി സ്വദേശിയായ കാര്‍ത്ത്യായനിയെ തെരുവുനായ കടിച്ചുകൊന്നത്. ശരീരമാകെ കടിച്ചു. മുഖം വികൃതമായി. കണ്ണിനും ഗുരുതര പരിക്കേറ്റു. ഒടുവില്‍ മരണം.
തെരുവുനായ്ക്കള്‍ക്ക് കുത്തിവെപ്പ് പേരിനുമാത്രം
തെരുവുനായ്ക്കള്‍ക്കുള്ള പേവിഷപ്രതിരോധ കുത്തിവെപ്പ് ഊര്‍ജിതമാക്കിയാലേ പേവിഷബാധയേല്‍ക്കുന്നതു തടയാനാകൂ. നിലവില്‍ ജില്ലയിലെ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളും പേരിനുമാത്രമാണ് പ്രതിരോധ കുത്തിവെപ്പിനായി പണം നീക്കിവെക്കാറുള്ളത്. ഇതുമൂലം മുഴുവന്‍ നായ്ക്കള്‍ക്കും കുത്തിവെപ്പെടുക്കാന്‍ സാധിക്കില്ല.
അതുകൊണ്ടുതന്നെ പേവിഷബാധയുള്ള നായകടിച്ച് മറ്റു നായ്ക്കളിലേക്ക് എളുപ്പം വൈറസ് പടരും. 90 ശതമാനത്തിനു മുകളിലെങ്കിലും തെരുവുനായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവെപ്പു നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ പണം നീക്കിവെക്കണമെന്ന് ജില്ലാ മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വന്ധ്യംകരണത്തിന് കൂടുതല്‍ എബിസി സെന്ററുകള്‍ വേണം
തെരുവുനായ്ക്കള്‍ പെരുകുന്നതു തടയാന്‍കഴിയാത്തതാണ് പേവിഷബാധയ്ക്കു മറ്റൊരു കാരണം. എബിസി സെന്ററുകള്‍ കൂടുതല്‍ ഉണ്ടെങ്കില്‍ മാത്രമേ ഇവയെ വന്ധ്യംകരിക്കാനാകൂ. നിലവില്‍ ജില്ലയിലെ 12 ബ്ലോക്കുകള്‍ക്കുംകൂടി ആറ് എബിസി സെന്ററുകള്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍, കണിച്ചുകുളങ്ങരയില്‍ മാത്രമാണ് പ്രവര്‍ത്തനം തുടങ്ങിയത്. ആലപ്പുഴയിലും താമസിയാതെ തുടങ്ങും. ഏപ്രില്‍ ആദ്യവാരം തുടങ്ങിയ കണിച്ചുകുളങ്ങരയിലെ എബിസി കേന്ദ്രത്തില്‍ ഇതിനകം 149 നായ്ക്കളെ വന്ധ്യംകരിച്ചു.
പേവിഷബാധയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്
• കടിയേറ്റ ഭാഗം സോപ്പുപയോഗിച്ച് 15 മിനിറ്റ് ടാപ്പുവെള്ളത്തില്‍ കഴുകണം. അധികം ബലംപ്രയോഗിക്കാതെ വേണം മുറിവു കഴുകാന്‍. ഉപ്പും മഞ്ഞള്‍പ്പൊടിയും മുറിവു വൃത്തിയാക്കാന്‍ ഉപയോഗിക്കരുത്.
• മുറിവ് വൃത്തിയാക്കിയ ഉടന്‍തന്നെ പ്രതിരോധ കുത്തിവെപ്പെടുക്കണം. പ്രാഥമികാരോഗ്യകേന്ദ്രം മുതലുള്ള ആശുപത്രികളില്‍ ഇതിനു സൗകര്യമുണ്ട്. നായയ്ക്കുപുറമേ പൂച്ച, അണ്ണാന്‍ എന്നിവ കടിച്ചാലോ മാന്തിയാലോ നക്കിയാലോ പ്രതിരോധ കുത്തിവെപ്പെടുക്കണം.
• വാക്‌സിനേഷന്‍ എടുത്ത വളര്‍ത്തുമൃഗങ്ങള്‍ നക്കിയാലും മാന്തിയാലും കടിച്ചാലും കുത്തിവെപ്പെടുക്കണം.
Content Highlights: 17-year-old dies from rabies in Alappuzha, Kerala.
Published: 10 May 2025, 07:21 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented