മഞ്ചേരി: ബാങ്ക് വായ്പാതിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് വീട് ജപ്തി ചെയ്യാനെത്തിയ അഭിഭാഷക കമ്മിഷണറെ തടഞ്ഞ് തിരിച്ചയച്ച സംഭവത്തിൽ നജീബ് കാന്തപുരം എം.എൽ.എ.യുടെ ഭാഗത്തുനിന്നുണ്ടായത് പെട്ടെന്നുണ്ടായ വൈകാരിക പ്രകടനമെന്ന് പോലീസ് റിപ്പോർട്ട്. ജപ്തി നടപടിക്കെത്തിയപ്പോൾ എം.എൽ.എ. മോശമായി പെരുമാറിയെന്നും കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും കാണിച്ച് അഭിഭാഷക കമ്മിഷണർ കെ.പി. കൃഷ്ണകുമാർ നൽകിയ പരാതിയിൽ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മേലാറ്റൂർ പോലീസിനോട് വിശദീകരണം തേടിയിരുന്നു.

To advertise here,

തുടർന്ന് പോലീസ് കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഈ വിലയിരുത്തൽ. കോടതി ഉത്തരവ് നടപ്പാക്കാൻ പെരിന്തൽമണ്ണ വെങ്ങൂരിലെ ഒരു വീട്ടിലെത്തിയപ്പോൾ വാതിൽതുറക്കാതെ ജനൽവഴിയാണ് വീട്ടുകാർ അഭിഭാഷക കമ്മിഷണറോട് സംസാരിച്ചത്.

ഈ ഘട്ടത്തിൽ വാതിൽപൊളിച്ച് കോടതി ഉത്തരവ് നടപ്പാക്കാൻ സാധിക്കുമെന്ന് അഭിഭാഷക കമ്മിഷണർ പറഞ്ഞു. ഇതിനിടെ വീട്ടുകാർ എം.എൽ.എ.യെ ഫോണിൽവിളിച്ചുവരുത്തി.

അഭിഭാഷക കമ്മിഷണർ വീട് ചവിട്ടിപ്പൊളിക്കുമെന്നുപറഞ്ഞതായി എം.എൽ.എ.യെ ഇവർ തെറ്റിദ്ധരിപ്പിച്ചു. തുടർന്നാണ് എം.എൽ.എ. അഭിഭാഷക കമ്മിഷണറോടും ബാങ്ക് ഉദ്യോഗസ്ഥരോടും രൂക്ഷമായി പ്രതികരിച്ചത്. മൂന്നു സ്ത്രീകളാണ് വീട്ടിലുള്ളത്.

വീട്ടിൽനിന്ന് ഇറക്കിവിട്ടാൽ തങ്ങൾക്ക് ആത്മഹത്യചെയ്യേണ്ടിവരുമെന്ന് സ്ത്രീകൾ പറഞ്ഞപ്പോൾ പെട്ടെന്നുണ്ടായ വൈകാരികതയാണ് എം.എൽ.എ. പ്രകടിപ്പിച്ചതെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.

അഭിഭാഷക കമ്മിഷണറെ തടഞ്ഞതിൽ എം.എൽ.എ. കഴിഞ്ഞദിവസം മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി നിരുപാധികം മാപ്പുപറഞ്ഞിരുന്നു. കേസ് കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.