കഴിഞ്ഞവർഷം ഒക്ടോബറിൽ കാലാവധികഴിഞ്ഞ പാസ്‌പോർട്ട് പുതുക്കാൻ മാർച്ചിലാണ് രാജഗോപാൽ അപേക്ഷ നൽകിയത്

കൊൽക്കത്ത: പ്രതിഷേധം ഫലംകണ്ടു. ടെലിഗ്രാഫ് മുൻഎഡിറ്റർ ആർ. രാജഗോപാലിന് പാസ്‌പോർട്ട് പുതുക്കി ലഭിക്കാനുള്ള നടപടികൾക്ക് തുടക്കമായി. പാസ്‌പോർട്ട് പ്രിന്റിങ്ങിനുള്ള നടപടികളാരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പാസ്‌പോർട്ട് പുതുക്കുന്നതിന് വോട്ടർപട്ടികയിലെ പേരോ വോട്ടർ കാർഡോ നിർബന്ധമല്ലെന്നിരിക്കെ, ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി രാജഗോപാലിന്റെ പാസ്‌പോർട്ട് പുതുക്കിനൽകാതിരുന്നത് വിവാദമായിരുന്നു. ഇതിനിടെയാണ് ചൊവ്വാഴ്ച കൊൽക്കത്ത പോലീസ് പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. പാസ്‌പോർട്ട് സേവാ വെബ്‌സൈറ്റിലെ വിവരമനുസരിച്ച് പുതുക്കിയ പാസ്‌പോർട്ടിന്റെ അച്ചടി നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് രാജഗോപാൽ സാമൂഹികമാധ്യമത്തിൽ കുറിപ്പിട്ടത്. തുടർന്ന് വിഷയം രാജ്യമാകെ ചർച്ചയാകുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തു.
ഏപ്രിലിലാണ് പാസ്‌പോർട്ട് പുതുക്കി നൽകാതിരുന്നത്. കൊൽക്കത്തയിലെ പാസ്‌പോർട്ട് ഓഫീസിൽനിന്ന് രാജഗോപാലിന് അയച്ച കത്തിൽ പോലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് പ്രതികൂലമാണെന്നാണ് ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിനു കാരണം എസ്.ഐ.ആർ. പ്രകാരം ഒഴിവാക്കപ്പെട്ടുവെന്നതാണെന്നും വ്യക്തമാക്കിയിരുന്നു. അതിനാൽ തുടർനടപടികൾക്കായി ഹാജരാകണമെന്നാണ് പറഞ്ഞിരുന്നത്. തുടർന്ന് രാജഗോപാൽ ഹാജരായി കൂടുതൽ രേഖകളും മറ്റും നൽകിയെങ്കിലും പാസ്‌പോർട്ട് ലഭിച്ചില്ല.
വോട്ടർപട്ടികയിൽ പേരുണ്ടോ ഇല്ലയോ എന്നത് പാസ്‌പോർട്ട് നൽകാൻ മാനദണ്ഡമല്ലെന്ന് കൊൽക്കത്ത പോലീസ് അസിസ്റ്റന്റ് കമ്മിഷണർ ധ്രുബജ്യോതി ഡേ മാധ്യമങ്ങളോട് പറഞ്ഞുവെങ്കിലും പോലീസ് ഇത്തരത്തിൽ റിപ്പോർട്ട് നൽകിയതിനുപിന്നിൽ രഹസ്യ നിർദേശമോ ഉന്നതങ്ങളിൽനിന്ന് വാക്കാൽ സൂചനയോ ഉണ്ടായിരുന്നോ എന്ന സംശയം വ്യാപകമായി ഉയർന്നു.
കഴിഞ്ഞവർഷം ഒക്ടോബറിൽ കാലാവധികഴിഞ്ഞ പാസ്‌പോർട്ട് പുതുക്കാൻ മാർച്ചിലാണ് രാജഗോപാൽ അപേക്ഷ നൽകിയത്. 2005-ൽ പാസ്‌പോർട്ട് എടുക്കുമ്പോഴും 2015-ൽ പുതുക്കുമ്പോഴും താമസിച്ചിരുന്ന അതേ വിലാസം തന്നെയാണ് ഇപ്പോഴും. മുൻപ് രണ്ടുതവണയും അദ്ദേഹത്തിന്റെ താമസസ്ഥലത്തു വന്നാണ് പോലീസ് വെരിഫിക്കേഷൻ നടത്തിയത്.
രണ്ടുതവണയും സെക്യൂരിറ്റി കൺട്രോൾ ഓർഗനൈസേഷൻ വകുപ്പിൽ പോകുകയും അനായാസം നടപടിക്രമങ്ങൾ പൂർത്തിയാക്കി പാസ്‌പോർട്ട് നൽകുകയും ചെയ്തുവെന്ന് രാജഗോപാൽ പറഞ്ഞു. എന്നാൽ, ഇത്തവണ മറുപടി പ്രതികൂലമായതാണ് സംഭവങ്ങളിൽ സംശയമുണർത്തിയത്.
Content Highlights: Former Telegraph editor R. Rajagopal's passport renewal process initiated after public protest., Passport Seva portal confirms printing of the passport has commenced., Controversy arose after authorities demanded voter ID proof despite it not being a mandatory requirement., Despite previous successful renewals at the same address, the latest application faced unexplained police verification delays.
Published: 01 Jul 2026, 06:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented