
ന്യൂഡൽഹി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് സുപ്രീം കോടതിയിൽ തിരിച്ചടി. കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാനായ ചന്ദ്രശേഖരൻ, മുൻ എം.ഡി. കെ.എ. രതീഷ് എന്നിവർക്കെതിരായ സി.ബി.ഐ. കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, പി.കെ. മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
ഇരുവർക്കുമെതിരായ കേസിൽ ക്രിമിനൽ നടപടി ചട്ടത്തിലെ 197 പ്രകാരമുള്ള പ്രോസിക്യുഷൻ അനുമതി ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചന്ദ്രശേഖരനും രതീഷും ഔദ്യോഗിക പദവിയിലിരുന്നപ്പോൾ നടന്ന ഇടപാടുകളാണെന്നും അതിൽ ക്രമക്കേടുണ്ടെന്ന് തെളിയിക്കാനാവശ്യമായ രേഖകൾ സി.ബി.ഐ. സമർപ്പിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഇടതു സർക്കാർ പ്രോസിക്യൂഷന് അനുമതി നിഷേധിച്ചിരുന്നു. പ്രോസിക്യുഷൻ അനുമതി വേണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ കേസിന്റെ വിചാരണ നടപടികളുമായി മുന്നോട്ട് പോകാൻ സി.ബി.ഐക്ക് സാധിക്കും.
സി.ആർ.പി.സി. വകുപ്പ് 197 അനുസരിച്ച് ഔദ്യോഗിക പദവി വഹിക്കുന്നവർക്ക് സംരക്ഷണം ലഭിക്കുന്നത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായി നേരിട്ട് ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്കാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരായ അഴിമതിക്കേസുകളിൽ ക്രിമിനൽ നടപടി ചട്ടത്തിലെ 197 പ്രകാരം ഉള്ള പ്രോസിക്യുഷൻ അനുമതി വേണ്ടെന്ന് കേസിലെ പരാതിക്കാരനായ കടകംപള്ളി മനോജിന് വേണ്ടി ഹാജരായ അഭിഭാഷകൻ ജി. പ്രകാശ് സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
കശുവണ്ടി വികസന കോര്‍പറേഷന്‍ എംഡി സ്ഥാനത്തുനിന്ന് കെ.എ രതീഷിനെ നീക്കാന്‍ ഗവര്‍ണര്‍ക്ക് മാത്രമേ അധികാരം ഉണ്ടായിരുന്നുള്ളുവെന്നും, അതിനാല്‍ രതീഷിനെതിരായ കേസില്‍ പ്രോസിക്യുഷന്‍ അനുമതി ആവശ്യമാണെന്നും ആയിരുന്നു സീനിയര്‍ അഭിഭാഷകന്‍ പി.വി ദിനേശ് വാദിച്ചത്. എന്നാല്‍ രതീഷിന്റെ നിയമനം ചട്ടങ്ങള്‍ പാലിച്ച് ആയിരുന്നില്ലെന്ന സര്‍ക്കാര്‍ രേഖ ഉണ്ടെന്ന് ജി പ്രകാശ് കോടതിയില്‍ ചൂണ്ടിക്കാട്ടി.
ആർ. ചന്ദ്രശേഖറിന് വേണ്ടി അഭിഭാഷകൻ എ. കാർത്തിക് സുപ്രീം കോടതിയിൽ ഹാജരായി. കെ.എ. രതീഷിന് വേണ്ടി മുതിർന്ന അഭിഭാഷകൻ പി.വി. ദിനേശ്, അഭിഭാഷകൻ മുകുന്ദ് പി. ഉണ്ണി എന്നിവർ ഹാജരായി. തടസഹർജി നൽകിയിരുന്ന കടകംപള്ളി മനോജിന് വേണ്ടി അഭിഭാഷകരായ ജി. പ്രകാശ്, പ്രിയങ്ക പ്രകാശ് എന്നിവർ ഹാജരായി.
Content Highlights: Setback for INTUC leader R Chandrasekharan from supreme court in cashew scam
Published: 10 Dec 2024, 12:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented