കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ടീം സെലക്ഷന്‍ ട്രയലിനെത്തിയ കുട്ടികളെ ഗ്രൗണ്ടിന്റെ ഗേറ്റ് പൂട്ടി മണിക്കൂറുകളോളം പുറത്തുനിര്‍ത്തിയ സംഭവത്തില്‍ മാപ്പുപറഞ്ഞ് പി.വി. ശ്രീനിജന്‍ എം.എല്‍.എ. ബ്ലാസ്റ്റേഴ്‌സ് ഒരു മുന്‍കൂര്‍ അനുമതിയും തേടിയിട്ടില്ലെന്നും കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടായതില്‍ ക്ഷമ ചോദിക്കുന്നുവെന്നും എം.എല്‍.എ. പറഞ്ഞു. സംഭവത്തില്‍ ബ്ലാസ്റ്റേഴ്‌സ് ടീം നിയമനടപടി സ്വീകരിക്കാനൊരുങ്ങവേയാണ് എം.എല്‍.എ. മാപ്പുപറഞ്ഞത്.
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിനെതിരേ രൂക്ഷവിമര്‍ശനമാണ് ശ്രീനിജന്‍ ഉന്നയിച്ചത്. ബ്ലാസ്റ്റേഴ്‌സും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് കഴിഞ്ഞ ദിവസം നടന്നതെന്നും ഇരുവരും ചേര്‍ന്ന് മനഃപൂര്‍വം ചെയ്തതാണെന്നും എം.എല്‍.എ. ആരോപിക്കുന്നു.
തിങ്കളാഴ്ച രാവിലെ ഏഴ് മണിക്കാണ് എറണാകുളം പനമ്പിള്ളി നഗറിലുള്ള സ്‌പോര്‍ട്‌സ് അക്കാദമിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ടീമിന്റെ അണ്ടര്‍-17 സെലക്ഷന്‍ ട്രയല്‍സ് നടത്താന്‍ പദ്ധതിയിട്ടിരുന്നത്. പനമ്പിള്ളി നഗര്‍ ഗവ.എച്ച്.എസ്.സിന്റെ വളപ്പിലാണ് അക്കാദമിയുടെ ഗ്രൗണ്ട്. എന്നാല്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിനു ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ഒക്ടോബര്‍ മുതലുള്ള വാടക നല്‍കാനുണ്ടെന്ന് ആരോപിച്ച് ഗൗണ്ടിന്റെ ഗേറ്റ് എം.എല്‍.എ. ഇടപെട്ട് പൂട്ടുകയായിരുന്നു. തുടര്‍ന്ന് പ്രതിഷേധമുയരുകയും വകുപ്പ് മന്ത്രി ഇടപെട്ടതിനെത്തുടര്‍ന്ന് നാല് മണിക്കൂറുകള്‍ക്കുശേഷം ഗേറ്റ് തുറന്നുകൊടുക്കുകയുമായിരുന്നു.
'ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കരമടച്ച് കൈവശം വെച്ചിരിക്കുന്ന വസ്തുവാണ്. ഗ്രൗണ്ട്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പിടിച്ചെടുക്കാനുള്ള ശ്രമമായിരുന്നു ഇപ്പോഴുണ്ടായത്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തനിയെ ആര്‍ജിച്ചെടുത്ത ഗ്രൗണ്ടാണ്. അതിന്റെ ഉത്തരവാദിത്വം ജില്ലയ്ക്കാണ്. കുട്ടികളുടെ പരിശീലനം സംബന്ധിച്ച് ഒരറിവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ലഭിച്ചില്ല. സെലക്ഷന്‍ ട്രയില്‍ നടത്തുന്നതിനായി ബ്ലാസ്റ്റേഴ്‌സ് ഒരു മുന്‍കൂര്‍ അനുമതിയും തേടിയിട്ടില്ലായിരുന്നു', അദ്ദേഹം പറഞ്ഞു.
2023 ഫെബ്രുവരിയിലാണ് കരാര്‍ നിലനില്‍ക്കില്ല എന്ന ബ്ലാസ്റ്റേഴ്‌സിന്റെ അറിയിപ്പ് ലഭിക്കുന്നത്. ഇതിന് പിന്നാലെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി നേരിട്ട് കരാറുണ്ടാക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് കത്ത് നല്‍കുകയായിരുന്നു. എന്നാല്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒരു തരത്തിലുള്ള കത്തും ജില്ലയ്ക്ക് കൈമാറിയില്ല. കേരള പ്രീമിയര്‍ ലീഗ് മത്സരം നടത്താന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, അതിനെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എതിര്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, താന്‍ പ്രസിഡന്റായിരുന്നപ്പോള്‍ ശ്രീനിജന്‍ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടത് സംസ്ഥാന കൗണ്‍സില്‍ എതിര്‍പ്പ് മറികടന്നാണെന്നും ബ്ലാസ്റ്റേഴ്‌സിനെ പേടിപ്പിച്ചാണ് കരാറില്‍ ഒപ്പിടീച്ചതെന്നും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് മേഴ്സിക്കുട്ടന്‍ ആരോപിച്ചിരുന്നു. മേഴ്‌സിക്കുട്ടന്റെ ആരോപണത്തെ നിയമപരമായി നേരിടുമെന്നും പി.വി. ശ്രീനിജന്‍ പറഞ്ഞു.
Content Highlights: pv srinijin mla, kerala blasters, team selection trial
Published: 23 May 2023, 05:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented