നിലമ്പൂർ: പി.വി. അൻവറിന്‍റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് വലിയ അനിശ്ചിതത്വങ്ങളാണ് നിലനിൽക്കുന്നത്. ഇടതുപക്ഷത്തോട് പിണങ്ങി സ്വന്തം പാർട്ടി രൂപവത്കരിക്കുമെന്ന് ആദ്യഘട്ടത്തിൽ തോന്നിച്ചെങ്കിലും പിന്നീട് തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറിയ അൻവർ ഉപതിരഞ്ഞെടുപ്പടുത്തതോടെ യുഡിഎഫ് പടിവാതുക്കൽ കാത്ത് നിൽപ്പാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ വെട്ടി കെ.സി വേണുഗോപാൽ വഴി മുന്നണിയിൽ കയറിപ്പറ്റാനുള്ള ശ്രമവും ഇപ്പോൾ അനിശ്ചിതത്വത്തിലായി.

To advertise here,

കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്താനുള്ള അൻവറിന്‍റെ ശ്രമം പാളിയതോടെ അൻവറിന്‍റെ നില പരുങ്ങലിലായി. കെ. സുധാകരൻ ബുധനാഴ്ച അൻവറിന് അനുകൂലമായി രംഗത്തെത്തിയിട്ടും പ്രയോജനമുണ്ടായില്ല. അൻവറിന്‍റെ അപേക്ഷകളും ഭീഷണികളും വിലപ്പോകാത്ത സാഹചര്യത്തിൽ അൻവറിനു മുന്നിൽ ഇനിയെന്ത് എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

വിഎസ് ജോയിയെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു അൻവറിന്റെ ആദ്യത്തെ കടുംപിടിത്തം. എന്നാൽ ഇത് തുടക്കത്തിലേ യുഡിഎഫ് നേതൃത്വം വെട്ടി. ആര്യാടൻ ഷൗക്കത്തിനെത്തന്നെ സ്ഥാനാർഥിയാക്കി. ഇതിനെതിരേ രൂക്ഷവിമർശനവുമായി അൻവർ രംഗത്തെത്തി. എന്നാൽ അൻവറിന്റെ ഭീഷണിക്ക് വഴങ്ങുന്ന നിലപാടല്ല യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായത്. അൻവറിനെ രണ്ട് ദിവസത്തിനുള്ളിൽ പാർട്ടിയിലെടുക്കണമെന്നും ഇല്ലെങ്കിൽ നിലമ്പൂരിൽ അൻവർ സ്ഥാനാർഥിയാകുമെന്നും തൃണമൂൽ ഭീഷണിപ്പെടുത്തി നോക്കി. അതിലും യുഡിഎഫ് കുലുങ്ങിയില്ല. 

വി.ഡി. സതീശനിലായിരുന്നു അൻവറിന്റെ ആദ്യ പ്രതീക്ഷ. യുഡിഎഫിൽ കയറിപ്പറ്റാൻ സതീശൻ കനിയുമെന്ന് അൻവർ പ്രത്യാശിച്ചെങ്കിലും നടപ്പാകില്ലെന്നായതോടെ ആ വഴി വിട്ടു. ആര്യാടൻ ഷൗക്കത്തിനുവേണ്ടി അൻവർ പ്രചരണത്തിനിറങ്ങിയാൽ ഒരുമിച്ചു പോകാം എന്ന നിലപാടായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റേത്. എന്നാൽ ആര്യാടൻ ഷൗക്കത്തിനെതിരേ താൻ നേരത്തെ പറഞ്ഞ നിലപാടിൽ തന്നെ ഉറച്ചുനിൽക്കുന്ന നിലപാടാണ് അൻവർ സ്വീകരിച്ചത്.

യുഡിഎഫുമായി സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അൻവറാണെന്നും യുഡിഎഫിനായി പ്രചരണത്തിനിറങ്ങുന്ന കാര്യം അൻവർ തീരുമാനിക്കട്ടെ എന്നും യുഡിഎഫിന്‍റെ നിലപാട് അതിന് ശേഷം പറയാമെന്നുമായിരുന്നു വി.ഡി സതീശൻ വ്യക്തമാക്കിയത്.

ഇതിനിടെ മുസ്ലിം ലീഗ് വഴി മുന്നണിയിലേക്ക് എത്താനുള്ള നീക്കവും അൻവർ നടത്തി. മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എന്നാൽ, അതും ലക്ഷ്യംകണ്ടില്ല. കെ.സി. വേണു ഗോപാൽ വഴിയുള്ള മുന്നണി പ്രവേശനത്തിനായി പിന്നീടുള്ള പി.വി. അൻവറിന്റെ നീക്കം. ഇനി കെ.സിയിലാണ് പ്രതീക്ഷ എന്ന് അൻവർ തുറന്നു പറയുകയും ചെയ്തു. മാധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട കെ.സി, അൻവറിനെ അനുകൂലിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്. 

അൻവറിനെ ഒറ്റപ്പെടുത്തില്ലെന്നും അൻവറിന്റെ വികാരം മനസ്സിലാക്കുമെന്നും ആശയവിനിമയത്തിൽ വന്ന അപാകതകൾ ചർച്ചചെയ്ത് പരിഹരിക്കുമെന്നുമായിരുന്നു കെ.സി പറഞ്ഞത്.  ബുധനാഴ്ച രാത്രി കെ.സി വേണുഗോപാൽ അൻവറുമായി കൂടിക്കാഴ്ച നടത്തുമെന്ന വാർത്തകളും വന്നിരുന്നു. എന്നാൽ, യുഡിഎഫ് നേതൃത്വവുമായുള്ള ചർച്ചക്ക് പിന്നാലെ ഒന്നും പറയാതെ കെ.സി. ഡൽഹിയിലേക്ക് വിമാനം കയറിയതോടെ അൻവർ വീണ്ടും പ്രതിസന്ധിയിലായി.

അൻവർ വിഷയത്തിൽ വി.ഡി. സതീശനെ ഒറ്റപ്പെടുത്തേണ്ടതില്ലെന്ന നിലപാടാണ് യുഡിഎഫ് നേതൃത്വം കൈക്കൊണ്ടിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. താൻ അൻവറുമായി കൂടിക്കാഴ്ച നടത്തുമെന്ന വാർത്ത മാധ്യമസൃഷ്ടിയാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. സംസ്ഥാനത്ത് കൊള്ളാവുന്ന നേതൃത്വമുണ്ടെന്നും അവർ അൻവർ വിഷയം ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ കെ.സി. വഴിയുള്ള അൻവറിന്റെ യുഡിഎഫ് പ്രവേശനവും  അടഞ്ഞ മട്ടാണ്. 

അൻവറിന് അനുകൂലമായി കെ. സുധാകരൻ അടക്കമുള്ള നേതാക്കൾ നിലപാട് സ്വീകരിച്ചെങ്കിലും സതീശനെ വിട്ട് കെ.സിയിലൂടെ മുന്നണിയിൽ കയറാനുള്ള നീക്കം കോൺഗ്രസിൽ നല്ലപ്രതികരണമല്ല ഉണ്ടാക്കിയിട്ടുള്ളതെന്നാണ് വിലയിരുത്തൽ. അങ്ങനെ സംഭവിക്കുന്നത് പാർട്ടിയുടെയും മുന്നണിയുടെയും കെട്ടുറപ്പിനെയും ഒറ്റക്കെട്ട് എന്ന പ്രതിച്ഛായയേയും ബാധിക്കുമെന്നാണ് നേതാക്കൾക്കിടയിലുള്ള അഭിപ്രായം. അതുകൊണ്ടുതന്നെയാണ് അൻവർ വിഷയത്തിൽ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുമെന്ന തന്ത്രപരമായ നിലപാട് കെ.സി വേണുഗോപാൽ സ്വീകരിച്ചതെന്നാണ് വിലയിരുത്തൽ.

ഇതിനിടെ, പി.വി. അൻവർ തുടരുമെന്ന രീതിയിലുള്ള ഫ്ലക്സ് ബോർഡുകൾ മണ്ഡലത്തിൽ ഉയർന്നിട്ടുണ്ട്. ഫ്ലക്സ് പ്രത്യക്ഷപ്പെട്ടതോടെ അൻവർ നിലമ്പൂരിൽ മത്സരിക്കാനുള്ള തീരുമാനത്തിലേയ്ക്ക് എത്തിയെന്ന അഭ്യൂഹവും പരക്കുന്നുണ്ട്. എന്തായാലും,  നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വ്യക്തമായ ഒരു നിലപാട് സ്വീകരിക്കാൻ അൻവർ നിർബന്ധിതനാകുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നത്.