
നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വറിന്റെ അപ്രതീക്ഷിതമായ അറസ്റ്റ് കേരളരാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാവുകയാണ്. ഭാഗ്യം അറസ്റ്റിന്റെ രൂപത്തില്‍ അദ്ദേഹത്തെ മാടിവിളിച്ചത് ഉപതിരഞ്ഞെടുപ്പില്‍ അന്‍വറിന്റെ പാര്‍ട്ടിയുടെ നിറംകെട്ട പ്രകടനത്തെ തുടര്‍ന്ന് കേരളരാഷ്ട്രീയത്തിലെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിലാണ്. നിലമ്പൂര്‍ വനംവകുപ്പ് ഓഫീസ് അടിച്ച് തകര്‍ത്ത കേസില്‍ എം.എല്‍.എയെ വീട്ടില്‍ നിന്നും അറസ്റ്റു ചെയ്യുന്നത് ഇന്നലെ വൈകിട്ടാണ്. വന്യമൃഗശല്യത്തിനെതിരായ പ്രതിഷേധത്തിന്റെ പേരിലെ അറസ്റ്റ് അന്‍വറിനെ ജനകീയപ്രശ്നങ്ങള്‍ക്കു വേണ്ടി പോരാട്ടം നടത്തുന്ന, രാഷ്ട്രീയഭിന്നതയുടെ പേരില്‍ വേട്ടയാടപ്പെടുന്നയാളെന്ന തിളക്കമാര്‍ന്ന പരിവേഷം നല്കുന്നു. കോണ്‍ഗ്രസും മുസ്ലീംലീഗും ബി.ജെ.പിയുമൊക്കെ അദ്ദേഹത്തിന്റെ അറസ്റ്റിനെതിരെ രംഗത്തു വന്നിട്ടുണ്ട്. കൂടാതെ, അന്‍വറിന്റെ യു.ഡി.എഫ് പ്രവേശനത്തിനുള്ള തടസ്സങ്ങള്‍ മിക്കവാറും നീങ്ങി.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്ക് നടക്കുന്ന സംസ്ഥാന രാഷ്ട്രീയത്തെ അറസ്റ്റ് എങ്ങനെയാണ് ബാധിക്കുക എന്ന് ഉറ്റുനോക്കുകയാണ് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും രാഷ്ട്രീയ നിരീക്ഷകരും. ഈ അറസ്റ്റ് ഉയര്‍ത്തുന്ന പ്രധാന ചോദ്യങ്ങള്‍ ഇവയാണ്. 1. അന്‍വറെ അറസ്റ്റു ചെയ്തത് വ്യക്തമായ ലക്ഷ്യത്തോടെയാണോ? 2. അറസ്റ്റ് സി.പി.എമ്മിന്റെ രാഷ്ട്രീയ കണക്കുകൂട്ടലിലെ പിഴവാണോ, ആണെങ്കില്‍ ആര്‍ക്കാണ് അതിന്റെ നേട്ടം? 3. അന്‍വറിന്റെ സ്വീകാര്യത വര്‍ധിക്കുന്നത് യു.ഡി.എഫിനെ എങ്ങനെയാണ് ബാധിക്കുക? 4.അന്‍വറിന്റെ രാഷ്ട്രീയഭാവിയെ ഈ അറസ്റ്റ് എങ്ങനെയാണ് സ്വാധീനിക്കുക? ആദിവാസി യുവാവ് മണിയെ ആന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ മാര്‍ച്ചാണ് വനംവകുപ്പ് ഓഫീസ് ആക്രമണത്തില്‍ കലാശിച്ചത് .ഔദ്യോഗിക കൃതൃനിര്‍വഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവ അടക്കമുള്ള വകുപ്പുകളാണ് കേസിലെ ഒന്നാം പ്രതിയായ അന്‍വറിനെതിരേ ചുമത്തിയിരിക്കുന്നത്.
സി.പി.എമ്മും അന്‍വറും
ഇടതു സ്വതന്ത്രനായി നിലമ്പൂരില്‍നിന്നു ജയിച്ച പി.വി.അന്‍വര്‍ക്കെതിരെ ഭൂമി കൈയേറ്റം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങളുണ്ടായിരുന്നു. അതൊന്നും അദ്ദേഹത്തെ കാര്യമായി ഏശിയില്ല, ഇടതുസര്‍ക്കാരിന്റെ പിന്തുണയായിരുന്നു കാരണം. പക്ഷേ, കഴിഞ്ഞ ആഗസ്തില്‍ എ.ഡി.ജി.പി എം.ആര്.അജിത് കുമാറിനും മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കുമെതിരെ അന്‍വര്‍ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചതോടെ ആഴ്ചകളോളം അദ്ദേഹത്തെ ചുറ്റിപ്പറ്റിയായി കേരളരാഷ്ട്രീയം. മുന്‍ മലപ്പുറം എസ്.പി സുജിത് ദാസ്, അജിത് കുമാര്‍ എന്നിവരുടെ സ്ഥാനചലനത്തിനും അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നതിനും ആരോപണങ്ങള്‍ വഴിവെച്ചു. പക്ഷേ, അതുകൊണ്ടൊന്നും അന്‍വര്‍ അടങ്ങിയില്ല.
അന്‍വര്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ ഒരു ഘട്ടത്തില്‍ സി.പി.എമ്മിനുള്ളില്‍ ഭിന്നതയുണ്ടാക്കുന്നതിനു പോലും വഴിവെച്ചെങ്കിലും പതുക്കെ പ്രശ്നം കെട്ടടങ്ങി. സിപിഎമ്മിന്റെ നിയമസഭാ കക്ഷിയിൽനിന്ന് പുറത്താക്കപ്പെട്ട അന്‍വര്‍ സ്വന്തമായി പാര്‍ട്ടിയുണ്ടാക്കി- ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്ന ഡി.എം.കെ. ഉപതിരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് പുതുപാര്ട്ടിക്ക് കനത്ത ക്ഷീണമുണ്ടാക്കി. അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന മുന്‍കോണ്‍ഗ്രസ് നേതാവ് എന്‍.കെ. സുധീറിന് നേടാനായത് വെറും 3.920 വോട്ടുകള്‍. വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയെയും പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെയും പിന്തുണച്ച പാര്‍ട്ടി അവിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല. ഒറ്റയ്ക്കു നിന്നാല്‍ നിലമ്പൂരിനു പുറത്ത് അന്‍വറിനു കാര്യമായ പ്രസക്തിയില്ലെന്ന വിമര്‍ശനം അതു വിളിച്ചു വരുത്തി. ഇതിനിടെ, യു.ഡി.എഫില്‍ കയറിപ്പറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടായിരുന്നുവത്രെ.
പാര്‍ട്ടിക്കും സര്‍ക്കാരിനും തീരാത്ത തലവേദന ഉണ്ടാക്കിയ അന്‍വറിന് സമയം ഒത്തുവന്നപ്പോള്‍ പണി കൊടുത്തതാണെന്നു കരുതുന്നവരുണ്ട്. ജാമ്യമില്ലാ കേസുകളെ നേരിടുന്ന നേതാക്കള്‍ക്ക് കേരളത്തില്‍ പഞ്ഞമില്ലാതിരിക്കെ അന്വറിനെന്താ പ്രത്യേകത എന്ന ചോദ്യം സ്വാഭാവികം. അതിനാല്‍ എം.എല്‍.എയുടെ പേരിലുള്ള പഴയ കേസുകള്‍ ഓരോന്നായി പുറത്തു വരാനും സാധ്യത കാണുന്നു. ചിലര്‍ പെരിയ ഇരട്ടക്കൊലക്കേസ് വിധിയെ തുടര്‍ന്ന് പാര്‍ട്ടി സമൂഹമധ്യത്തില്‍ വിചാരണ ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ നിന്നും ചര്‍ച്ച വഴി തിരിച്ചുവിടാനുള്ള തന്ത്രമായി അന്‍വറിന്റെ അറസ്റ്റിനെ കാണുന്നു. മറ്റു ചിലര്‍ അന്‍വറെന്ന 'വയ്യാവേലിയെ' യു.ഡി.എഫിന്റെ തലയില്‍ വെച്ചുകെട്ടാനുള്ള കുതന്ത്രമാണ് സി.പി.എം നടപ്പാക്കിയതെന്നു കരുതുന്നു. അന്‍വറിന് ഒരു 'ലൈഫ്' കൊടുത്തത് തന്ത്രപരമായ പിഴവാണെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ അത് സി.പി.എമ്മിനു തിരിച്ചടിയാവുമെന്നു കരുതുന്നവരുമുണ്ട്. ഒരു കാര്യം ഉറപ്പാണ്, അന്‍വറിന് ഇതില്‍ ലാഭം മാത്രമേയുള്ളൂ!
എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന് പറഞ്ഞത് ഇങ്ങനെ: ''അന്‍വര്‍ ഒരു അടഞ്ഞ അധ്യായമാണ്... പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്... എന്നാല്‍ ഓഫീസില്‍ കയറി അടിച്ചുപൊളിക്കുക എന്ന് പറയുന്നത് അവകാശത്തില്‍ പെടുന്നതല്ല. ഇത്തരം തെറ്റായ നടപടികള്‍ ഇല്ലാതാക്കണമെങ്കില്‍... സഡന്‍ ആക്ഷന്‍ തന്നെയാണ് പ്രധാനം. അന്‍വറിന് താരപരിവേഷം നല്‍കുന്നത് മാധ്യമങ്ങളാണ്. കുറച്ചുകാലം അങ്ങനെയുണ്ടാകും.'' അതും കടന്നുപോകുമെന്ന് സി.പി.എം കരുതുന്നു എന്നര്‍ത്ഥം!
യു.ഡി.എഫിന്റെ ചിന്താക്കുഴപ്പം
അന്‍വറിനെ ഐക്യജനാധിപത്യ മുന്നണിയില്‍ എടുക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നതായി സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസില്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശനെതിരെ 150 കോടി രൂപയുടെ അഴിമതി ആരോപണം കൊണ്ടുവന്ന അന്‍വറെ മുന്നണിയില്‍ പ്രവേശിപ്പിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമാവാനിടയില്ല. എങ്കിലും പ്രമുഖ നേതാക്കളില്‍ ഭൂരിഭാഗവും അനുകൂലിക്കാനാണിട. തിങ്കളാഴ്ചയോടെ മിക്കവാറുമുള്ള പ്രമുഖ യു.ഡി.എഫ് നേതാക്കള്‍ അതിശക്തമായി സര്‍ക്കാരിനെതിരെ രംഗത്തു വന്നു.
അറസ്റ്റുദിവസം തന്നെ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും രമേശ് ചെന്നിത്തലയും പോലീസ് നടപടിയെ ചോദ്യം ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെ സതീശനും മുസ്ലീംലീഗും അന്‍വറിനു പിന്തുണയുമായെത്തി. അറസ്റ്റ് സി.പി.എമ്മിന്റെ പ്രതികാര രാഷ്ട്രീയമാണെന്നും പിന്നില്‍ ഉന്നതങ്ങളിലെ ഗൂഡാലോചനയുണ്ടെന്നും വി.ഡി.സതീശന് പറയുന്നു. നിയമസഭ തല്ലിത്തകര്‍ത്തവര്‍ മന്ത്രിയും എം.എല്‍.എയുമായി തുടരുമ്പോഴാണ് അന്‍വറിനെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വന്യജീവി ആക്രമണം പ്രതിരോധിക്കാനും വനനിയമത്തിലെ ഭേദഗതികള്‍ പിന്‍വലിക്കാനും നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരം നടത്തും- സതീശന് വ്യക്തമാക്കി. ഒരു വലിയ ക്രൂരകൃത്യത്തെ നേരിടുന്ന പോലെയാണ് പോലീസ് അന്‍വറിനെ നേരിട്ടതെന്നും പക്ഷപാതപരമായ സമീപനം ഉണ്ടായെന്നും മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അന്‍വറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളം കണ്ട ഏറ്റവും ഭീരുവായ ഭരണാധികാരിയാണ് പിണറായി എന്നും പെരിയ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെ പി.ജയരാജന് സ്വീകരിച്ച ദിവസമാണ് ഒരു ജനപ്രതിനിധിയെ വീട് വളഞ്ഞു അറസ്റ്റു ചെയ്തതെന്നും കെ.കെ.രമ എം..എല്‍.എ പറഞ്ഞു. തന്‍പ്രമാണിത്തവും ധാര്‍ഷ്ഠ്യവും ഒരു പൊടിക്ക് കുറച്ചാല്‍ അന്‍വറിനോട് രാഷ്ട്രീയമായി സഹകരിക്കുന്നതില്‍ യുഡിഎഫിന് പ്രശ്നമുണ്ടാവേണ്ട കാര്യമില്ലെന്നും കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബല്‍റാം പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശവും വി.ഡി. സതീശനെതിരായ 150 കോടി രൂപയുടെ വ്യാജ ആരോപണവും ചേലക്കര ഇലക്ഷന് സമയത്ത് നടത്തിയ ജാതീയ പരാമര്‍ശങ്ങളും പിന്‍വലിച്ച് പി.വി.അന്‍വര്‍ സ്വയം തിരുത്തണമെന്നും ബല്‍റാം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഉപദേശക സമിതി യോഗം അടുത്ത ഞായറാഴ്ച വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അതില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുമെന്നറിയുന്നു. അന്‍വറിന്റെ സാന്നിദ്ധ്യം നിലമ്പൂരടക്കമുള്ള മൂന്നു മണ്ഡലങ്ങളില്‍ നിര്‍ണായകമാവുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടല്‍. എന്തായാലും അന്‍വറിന്റെ യു.ഡി.എഫ് പ്രവേശം അധികം വൈകാനിടയില്ലെന്നാണ് മനസ്സിലാക്കേണ്ടത്.
.
അന്‍വറിന്റെ രാഷ്ട്രീയകൗശലം
സംസാരിക്കുന്നതു കേട്ടാല്‍ എടുത്തു ചാടി പ്രവര്‍ത്തിക്കുന്ന ആളെന്നു തോന്നിക്കുമെങ്കിലും രാഷ്ട്രീയ സാഹചര്യങ്ങളെ സമര്‍ത്ഥമായി ഉപയോഗിക്കാനുള്ള കൗശലം അന്‍വറിനുണ്ട്. മാത്രമല്ല, വലിയ വെല്ലുവിളികളെ നേരിടാനുള്ള പോരാട്ടവീര്യവുമുണ്ട്. പോലീസ് ഉന്നതര്‍ക്കും പിന്നീട് മുഖ്യമന്ത്രിക്കുമെതിരെ തിരിയാനുള്ള കാരണങ്ങള്‍ വ്യക്തമല്ലെങ്കിലും ശക്തര്‍ക്കെതിരെ ഒറ്റയ്ക്കു നിന്നു പൊരുതാനുള്ള ചങ്കൂറ്റം ശ്രദ്ധേയമായി.
വന്യമൃഗശല്യം കാരണം കഷ്ടപ്പെടുന്ന കര്‍ഷകര്‍ക്കു വേണ്ടി രംഗത്തിറങ്ങിയതിലും ആ കൗശലം കാണാം. അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജാമ്യം ചോദിക്കാതിരുന്നതും അതുകൊണ്ടു തന്നെയാവണം. ഒരൊറ്റ ദിവസം കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റാന്‍- വീണ്ടെടുക്കാന്‍- അദ്ദേഹത്തിനായി. മാത്രമല്ല, മുന്കാലപ്രവൃത്തികളുടെ ചില നിഴലുകള്‍ സ്വന്തം പ്രതിച്ഛായയില്‍ നിന്നും നീക്കം ചെയ്യാനും ഒരുപരിധി വരെ സഹായിക്കുന്നതാണ് അദ്ദേഹത്തിനെതിരായ പോലീസ് നടപടി. ജയിലില്‍ നിന്നിറങ്ങുന്ന അന്‍വര്‍ കൂടുതല്‍ കരുത്തനും സ്വീകാര്യനും ആയിരിക്കുമെന്നതില്‍ തര്‍ക്കം വേണ്ട.
Content Highlights: Write up on P.V. Anwar's arrest
Published: 06 Jan 2025, 07:30 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented