മലപ്പുറം: റിയാസിനെ വളർത്താനുള്ള സംവിധാനമായി പാർട്ടി മാറിയെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് പി.വി. അൻവർ എം.എൽ.എ. എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ. സംവിധാനത്തിലൂടെ ഉയർന്നുവന്ന്, പോലീസിന്റെ അടികൊണ്ട് ജയിലിൽ കിടന്നുവന്ന നേതാവ് തന്നെയാണ് റിയാസ്. അതിൽ തർക്കമില്ലെന്നും അൻവർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

To advertise here,

മന്ത്രിയാവാനുള്ള യോഗ്യത റിയാസിന് ഇഷ്ടംപോലെയുണ്ട്. ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് മന്ത്രിയായത്. അതോടൊപ്പം പാർട്ടിയുടെ സെക്രട്ടേറിയറ്റ് അംഗംകൂടെയാവേണ്ടിയിരുന്നില്ലെന്ന് അദ്ദേഹത്തോടുതന്നെ പറഞ്ഞിട്ടുണ്ട്. സെക്രട്ടേറിയറ്റിൽ വരേണ്ട എത്രയോ മുതിർന്ന നേതാക്കൾ മാറിനിൽക്കുകയാണ്. അത് ശരിയല്ലെന്നത് വ്യക്തിപരമായ നിലപാടായിരുന്നു, അദ്ദേഹത്തോട് തന്നെ സ്‌നേഹത്തോടെ അത് സൂചിപ്പിച്ചിട്ടുണ്ടെന്നും അൻവർ വ്യക്തമാക്കി. റിയാസിന് വേണ്ടിയാവരുത് പാർട്ടി എന്നുദ്ദേശിച്ചത് ഇപ്പോൾ താൻ ഉന്നയിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ടാണ്. അതിൽ തനിക്ക് അഭിപ്രായവ്യത്യാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂരമ്പുകൾ കുറേ കണ്ടതാണ്. സിറ്റിങ് ജഡ്ജിയെക്കൊണ്ട് സത്യസന്ധരായ ഉദ്യോഗസ്ഥരെ വെച്ച് അന്വേഷിക്കാൻ തയ്യാറുണ്ടോയെന്ന എന്ന ചോദ്യത്തിന് മറുപടി നൽകാൻ തയ്യാറായിട്ടില്ല. മുഖ്യമന്ത്രി അൻവറിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളും അന്വേഷിക്കട്ടെ. ഇനിയുള്ള മാർഗം ഹൈക്കോടതിയാണ്. പൊതുതാത്പര്യഹർജി ഫയൽചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

പുതിയ പാർട്ടിയുണ്ടാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പൊതുസമൂഹത്തോട് കാര്യങ്ങൾ ചർച്ചചെയ്ത് പ്രതികരണം നോക്കട്ടെ. പിന്തുണയുണ്ടെങ്കിൽ മുന്നോട്ടുപോവും. സി.പി.എം. സ്വതന്ത്രരിൽ ആകെ ഒരുതവണ ബന്ധപ്പെട്ടത് കെ.ടി. ജലീലിനെ മാത്രമാണ്. അടുപ്പമുള്ള നേതാക്കളെപ്പോലും കഴിഞ്ഞ ഒരുമാസമായി ഫോണിൽ ബന്ധപ്പെടുന്നില്ല. അവരെക്കൂടെ ഇതിലേക്ക് വലിച്ചിടേണ്ടെന്ന് കരുതിയാണതെന്നും അൻവർ പറഞ്ഞു.

സി.പി.എം. ചവറ്റുകൊട്ടയിലിട്ട പരാതി നുള്ളിപ്പെറുക്കി എടുക്കും. ശശിക്കെതിരായി പരാതി പുറത്തുവിടും. തനിക്കെതിരെ രംഗത്തെത്തുന്ന പ്രവർത്തകർക്ക് കാര്യങ്ങൾ ബോധ്യപ്പെടാൻ സമയമെടുക്കും. എല്ലാവർക്കും ചിന്താശേഷിയുണ്ട്. ഒരു മനുഷ്യനെ അടിച്ചമർത്തുന്നതിനും തെറ്റിദ്ധരിപ്പിക്കുന്നതിനും ഒരു കാരണമുണ്ടാവുമെന്നും അൻവർ അഭിപ്രായപ്പെട്ടു.