കോഴിക്കോട്: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലംമുതലേ പോലീസ് നയത്തില്‍ പാര്‍ട്ടി അണികളില്‍ വലിയൊരു വിഭാഗത്തിന് പരാതിയുണ്ടായിരുന്നു. ഇടത് അനുഭാവികളടക്കം പല ഘട്ടങ്ങളിലും ഇത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയും വിമര്‍ശനങ്ങളുയര്‍ത്തുകയും ചെയ്തപ്പോഴെല്ലാം പോലീസിന്റെ ആത്മവീര്യംകെടുത്താന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി അസന്ദിഗ്ധമായി തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകരുടെ രോഷമെല്ലാം ആ മറുപടികളില്‍ കെട്ടടങ്ങി. പിന്നീട് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ കനത്ത പരാജയത്തിന് കാരണമായി പോലീസ് നടപടികള്‍ രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. ബ്രാഞ്ച് കമ്മിറ്റികളില്‍ മുതല്‍ ജില്ലാ കമ്മിറ്റികളില്‍ വരെ ഈ വിമര്‍ശനം തുടര്‍ന്നു. പോലീസിനെതിരെ പാര്‍ട്ടി അണികളുടെ രോഷം തുടരുന്നതിനിടെയാണ് പി.വി.അന്‍വര്‍ ആ വെടിപ്പൊട്ടിച്ചത്. തങ്ങള്‍ പറയാന്‍ ആഗ്രഹിച്ച കാര്യങ്ങളാണ് പാര്‍ട്ടിയുടെ സ്വതന്ത്ര എംഎല്‍എ എന്ന നിലയില്‍ അന്‍വര്‍ പറയുന്നതെന്ന് ചൂണ്ടിക്കാട്ടി സിപിഎം പ്രവര്‍ത്തകര്‍ അന്‍വറിന് പിന്നാലെ അണിനിരന്നു.

To advertise here,

മലപ്പുറം പോലീസിന് നേരെ ചൂണ്ടിയ അന്‍വറിന്റെ തോക്ക് ഒടുവില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയും തിരിഞ്ഞു. തുടക്കത്തില്‍ കൈയടിച്ച പാര്‍ട്ടി അണികള്‍ ഇപ്പോള്‍ അന്‍വറിന്റെ ഉന്നം മുഖ്യമന്ത്രിയെ ലക്ഷ്യംവെച്ചാണോ എന്ന ആശയകുഴപ്പത്തിലാണ്. മുഖ്യമന്ത്രി തള്ളി പറഞ്ഞതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും അന്‍വറിനെതിരെ വടിയെടുത്തിരിക്കുകയാണ്. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള നടപടിയില്‍ നിന്ന് അന്‍വര്‍ പിന്തിരിയണമെന്ന താക്കീത് നല്‍കിയിരിക്കുകയാണ് സിപിഎം.

മുഖ്യമന്ത്രിയും പാര്‍ട്ടിയും തള്ളി പറഞ്ഞതോടെ അന്‍വര്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഒപ്പം താക്കീതിന്റെ സ്വരത്തില്‍ മുഖ്യമന്ത്രി  നല്‍കിയ ചില അപായ സൂചനകളും മുന്നിലുണ്ട്. ഗവര്‍ണര്‍ അന്‍വറിനെതിരെ ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടുണ്ടെന്ന് ഓര്‍മപ്പെടുത്തിയ മുഖ്യമന്ത്രി, കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സ്വര്‍ണക്കടത്തുമായുള്ള ബന്ധത്തില്‍ എംഎല്‍എയെ സംശയമുനയില്‍ നിര്‍ത്തുകയും ചെയ്തിരുന്നു. 

പ്രതിപക്ഷവുമായി അത്ര സുഖകരമല്ലാത്ത ബന്ധമുള്ള അന്‍വറിനെ സിപിഎമ്മും കൈവിട്ടതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയും മുള്‍മുനയിലാണ്. പോലീസിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെയും ആരോപണങ്ങളുടെ കെട്ടഴിച്ചുവിട്ടപ്പോഴും മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ ഒരു വാക്ക് പോലും പ്രയോഗിക്കാതെ സൂക്ഷ്മത കാണിക്കാന്‍ അന്‍വര്‍ മിടുക്ക് കാണിച്ചിരുന്നു. 

പി.ജയരാജനടക്കമുള്ള സിപിഎമ്മിലെ ചില നേതാക്കളുടെ പരോക്ഷ പിന്തുണയോടെയാണ് അന്‍വറിന്റെ നീക്കങ്ങളെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ അന്‍വറിനെ തള്ളിക്കൊണ്ടുള്ള സിപിഎം സെക്രട്ടറിയേറ്റ് പ്രസ്താവന ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചുകൊണ്ട് ജയരാജന്‍ തന്റെ നിരപരാധിത്വം പരസ്യമാക്കിയിട്ടുണ്ട്.

പരാതിക്കാരന്‍ അകത്താകുമോ

രാഷ്ട്രീയ ഭാവി അനിശ്ചിതത്തിലായതിന് പുറമെ അന്‍വറിനെതിരെ നിയമപരമായ നീക്കങ്ങള്‍ നടക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തന്നെ സൂചന നല്‍കുകയും ചെയ്തിട്ടുണ്ട്. സ്വര്‍ണ മാഫിയക്കെതിരായ നടപടികളാണ് തനിക്ക് നേരെയുള്ള നീക്കത്തിന് പിന്നിലെന്നാണ് അന്‍വറിന്റ പരാതിയില്‍ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിന് എഡിജിപി അജിത് കുമാര്‍ മൊഴി നല്‍കിയത്.

ഇതേ വാദമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിയതും. അന്‍വറിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന പരോക്ഷ സൂചനയും മുഖ്യമന്ത്രി നല്‍കുകയുണ്ടായി. പോലീസ് സ്വര്‍ണം പിടിക്കുന്നതുമായി ബന്ധപ്പെട്ടാണ് അന്‍വര്‍ ഉന്നയിക്കുന്ന പ്രധാന പരാതിയെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി കഴിഞ്ഞ കാലങ്ങളില്‍ പോലീസ് പിടികൂടിയ സ്വര്‍ണത്തിന്റെയും ഹവാല പണത്തിന്റെയും കണക്കുകള്‍ നിരത്തി. ഇതില്‍ മലപ്പുറത്ത് നിന്ന് പിടിച്ചതിന്റെ കണക്കുകള്‍ പ്രത്യേകം എടുത്ത് പറയുകയും ചെയ്തു. സ്വര്‍ണവും ഹവാല പണവും പിടികൂടുന്നതില്‍ പോലീസിനെ പിന്‍മാറ്റണമെന്ന് ആരെങ്കിലും ഉദ്ദേശിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് വഴങ്ങി കൊടുക്കാന്‍ കഴിയില്ലെന്ന് അറിയിക്കട്ടയെന്ന് അടിവരയിട്ട് പറയുകയും ചെയ്തു മുഖ്യമന്ത്രി. സ്വര്‍ണക്കടത്തുകാര്‍ക്ക് വേണ്ടിയാണോ അന്‍വര്‍ ആരോപണം ഉന്നയിക്കുന്നതെന്ന് ഈ ഘട്ടത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോഴും അത് തള്ളികളയാന്‍ തയ്യാറാകാതിരുന്ന മുഖ്യമന്ത്രി അങ്ങനെയൊരു സംശയമുണ്ടെങ്കില്‍ നിങ്ങള്‍ പറയണമെന്ന മറുപടിയാണ് നല്‍കിയത്.

പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അജിത് കുമാര്‍ സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. പി.ശശിയുള്‍പ്പടെ തന്റെ വിശ്വസ്തരേയും ഓഫീസിനെയും പ്രതിക്കൂട്ടിലാക്കിയ അന്‍വറിനെതിരെയുള്ള മുഖ്യമന്ത്രിയുടെ തുടര്‍നീക്കങ്ങള്‍ ഇനി കണ്ടറിയേണ്ടതാണ്. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഒതായി മനാഫ് വധക്കേസ്, ക്വാറി ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കം, ഭൂപരിഷ്‌കരണ നിയമ ലംഘനം തുടങ്ങി അന്‍വറിനെതിരെ നേരത്തെ ഉയര്‍ന്ന ആരോപണങ്ങള്‍ വീണ്ടും പൊടിത്തട്ടിയെടുക്കാനുള്ള നീക്കങ്ങളും നടക്കുമോ എന്നതും കണ്ടറിയണം.

ദീര്‍ഘകാലം സി.പി.എമ്മിനെതിരേ നിലകെണ്ടശേഷമാണ് അന്‍വര്‍ പാര്‍ട്ടി സഹയാത്രികനായത്. ജനിച്ചത് കോണ്‍ഗ്രസ് കുടുംബത്തില്‍. സ്വാതന്ത്ര്യസമരകാലം മുതല്‍ പുത്തന്‍വീട്ടില്‍ കുടുംബത്തിന് കോണ്‍ഗ്രസുമായി ബന്ധമുണ്ടായിരുന്നു. എ.ഐ.സി.സി. അംഗവും എടവണ്ണ പഞ്ചായത്തംഗവുമായിരുന്നു പിതാവ് പി.വി. ഷൗക്കത്തലി.അതേ വഴിയാണ് അന്‍വറിന്റെയും രാഷ്ട്രീയപ്രവേശം. കെ.എസ്.യു. പ്രവര്‍ത്തകനായ അദ്ദേഹം മമ്പാട് എം.ഇ.എസ്. കോളേജില്‍ വിദ്യാര്‍ഥിയൂണിയന്‍ ചെയര്‍മാനായി. കെ.എസ്.യു.-എസ്. സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് (ഐ) ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഇടക്കാലത്ത് വയലാര്‍ രവി ഗ്രൂപ്പിനുവേണ്ടി നെഹ്റു യുവദര്‍ശന്‍ എന്ന സംഘടനയുണ്ടാക്കി ജനറല്‍സെക്രട്ടറി സ്ഥാനം വഹിച്ചു. കെ. കരുണാകരന്റെ കൂടെ ഡി.ഐ.സി.യിലെത്തി ജില്ലാ വൈസ് പ്രസിഡന്റുമായി.

ഡി.ഐ.സി.ക്കാര്‍ കോണ്‍ഗ്രസിലേക്കു മടങ്ങിയെങ്കിലും അന്‍വര്‍ മാറിനിന്നു. ഇതിനുപിന്നാലെ തിരഞ്ഞെടുപ്പുകളില്‍ സ്വതന്ത്രനായി രംഗത്തിറങ്ങി.

2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച അദ്ദേഹം സി.പി.ഐ. സ്ഥാനാര്‍ഥിയെ നാലാംസ്ഥാനത്തേക്കു പിന്തള്ളി രണ്ടാമതെത്തി. അന്ന് സി.പി.എം. രഹസ്യമായി അന്‍വറിനെ സഹായിച്ചു.

2014-ല്‍ വയനാട് ലോക്സഭാ തിരഞ്ഞെടുപ്പിലും സ്വതന്ത്രനായി മത്സരിച്ചു. ഇതിനുശേഷമാണ് സി.പി.എം. സ്വതന്ത്രനായി 2016-ല്‍ നിലമ്പൂരില്‍ ജയിച്ച് നിയമസഭയിലെത്തുന്നത്.

എം.എല്‍.എ. ആയിരിക്കേതന്നെ 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. സ്വതന്ത്രനായി പൊന്നാനിയിലും ജനവിധി തേടി. പരാജയപ്പെട്ടു.
2021-ല്‍ നിലമ്പൂരില്‍ രണ്ടാമങ്കത്തിലും ജയിച്ചുകയറിയാണ് എംഎല്‍എ ആയി തുടരുന്നത്. സ്വതന്ത്ര എംഎല്‍എ എന്ന നിലയില്‍ അന്‍വര്‍ സ്വതന്ത്രമായ നിലപാടുകള്‍ എടുക്കുന്നുണ്ട്. അത് എവിടെ വരെ പോകുമെന്ന് നമുക്ക് നോക്കാമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നത്. അന്‍വറിന്റെ സ്വതന്ത്രമായ തുറന്നു പറച്ചില്‍ അവസാനിപ്പിക്കാനാണ് സിപിഎം ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അന്‍വര്‍ അനുസരണയുള്ള നല്ല കുട്ടിയാകുമോ അല്ലെങ്കില്‍ സ്വയം വിശേഷിപ്പിക്കുന്നത് പോലെ 'ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാ'കുമോ എന്നതും വരുംനാളുകളില്‍ കാണാം.