
നിലമ്പൂര്‍: സി.പി.എം. മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി. അന്‍വര്‍ എം.എല്‍.എ. ഇ.എന്‍. മോഹന്‍ദാസ് മുസ്ലിം വിരോധിയാണെന്നും മാനേജുമെന്റിന് കീഴിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എം.എല്‍.എ. ഫണ്ടില്‍നിന്ന് പണം അനുവദിച്ചപ്പോള്‍ മോഹന്‍ദാസ് തന്നെ താക്കീതുചെയ്തുവെന്നും അന്‍വര്‍ ആരോപിച്ചു.
'മതന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഫണ്ട് കൊടുക്കലല്ല പാര്‍ട്ടി നയമെന്ന് പറഞ്ഞ മോഹന്‍ദാസ്, അത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഇവിടെനിന്ന് തിരുവനന്തപുരത്തേക്ക് കൊടുത്ത കത്ത് വകുപ്പുകളില്‍ നേരിട്ട് വിളിച്ച് 'ചവിട്ടിയിട്ടുണ്ട്' ഈ ചങ്ങാതി', അന്‍വര്‍ പറഞ്ഞു.
'എന്നോടുള്ള വിരോധം എന്താ ഈ ജില്ലാ സെക്രട്ടറിക്ക്, ഞാന്‍ അഞ്ചുനേരം നിസ്കരിക്കും. അത് അയാള്‍ക്ക് സഹിക്കില്ല. പക്കാ ആര്.എസ്.എസ്. ആണവന്. മോഹന്‍ദാസിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. ന്യൂനപക്ഷ സമുദായത്തില്‍പ്പെടുന്ന ഒരു ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജില്ലാ സെക്രട്ടറിയെ പാര്‍ട്ടി ഓഫീസില്‍വെച്ച് ചവിട്ടാന്‍ എഴുന്നേറ്റിട്ട് പിടിച്ചുമാറ്റിയിട്ടുണ്ട്. നിന്റെ ആര്.എസ്.എസ്. സ്വഭാവം വീട്ടില്‍ മതി, പാര്‍ട്ടി ഓഫീസില്വേണ്ടെന്ന് പറഞ്ഞു. അത്രത്തോളം ആര്.എസ്.എസ് വത്കൃതമനസുമായി നില്‍ക്കുകയാണ്', അന്‍വര്‍ ആരോപിച്ചു.
'സുജിത്ത് ദാസ് മോഹന്‍ദാസിനെക്കുറിച്ച് പറയുന്ന, പുറത്തുവിടാത്ത ഫോണ്‍ റെക്കോര്‍ഡ് കൈയിലുണ്ട്. അങ്ങോര് എന്ത് മനുഷ്യനാന്നേ, അങ്ങോരെ കാണുമ്പോ തന്നെ എനിക്ക് എന്ത് മനസമാധാനം ആണെന്ന് അറിയുമോ? എന്ത് പ്രശ്നമുണ്ടെങ്കിലും അങ്ങോര് പരിഹരിച്ചുതരും, എന്നാണ് സുജിത്ത് ദാസ് പറയുന്നത്. അത് പുറത്തുവിട്ടാല്‍ മോഹന്‍ദാസ് പാര്‍ട്ടി ഓഫീസില്‍നിന്ന് ഇറങ്ങി ഓടേണ്ടിവരും. എന്നെക്കൊണ്ട് പുറത്തുവിടീക്കരുത്', അന്‍വര്‍ മുന്നറയിപ്പ് നല്കി.
സമുദായത്തെ തകര്‍ക്കാന്‍ രാപ്പകല്‍ ആര്.എസ്.എസിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. ആവര്‍ത്തിച്ച് പറഞ്ഞിട്ടും തിരുത്താന്‍ തയ്യാറല്ല. ഇ.എന്‍. മോഹന്‍ദാസ് എന്താണെന്നുള്ളത് ഇവിടുത്തെ പാവപ്പെട്ട സഖാക്കള്‍ക്ക് അറിയില്ലല്ലോ? തരംതാണവനാണെന്ന് തനിക്ക് നേരത്തേ അറിയാം. അയാള്‍ അങ്ങനെയൊരു മൂരാച്ചിയാണ്. ഏത് തൊഴിലാളി വന്നാലും നേതാവ് വന്നാലും അവനോട് തട്ടിക്കയറുമെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.
Content Highlights: PV Anvar against EN Mohandas
Published: 28 Sept 2024, 03:56 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented