കോഴിക്കോട്: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കോണ്‍ഗ്രസിന് കേരളത്തില്‍ കൊള്ളാവുന്ന ഒരു നേതൃത്വമുണ്ടെന്നും അന്‍വറുമായുള്ള പ്രശ്‌നങ്ങള്‍ അവര്‍ ചര്‍ച്ചചെയ്ത് പരിഹരിച്ചുകൊള്ളുമെന്നും വേണുഗോപാല്‍ പറഞ്ഞു. 

To advertise here,

'മുതിര്‍ന്ന നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യം അവരുമായി ചര്‍ച്ചചെയ്തിട്ടുണ്ട്. കോണ്‍ഗ്രസിന് കേരളത്തില്‍ കൊള്ളാവുന്ന നേതൃത്വമുണ്ട്. അന്‍വറുമായുള്ള പ്രശ്‌നങ്ങള്‍ അവര്‍ ചര്‍ച്ചചെയ്ത് പരിഹരിച്ചുകൊള്ളും,' കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഒന്നരമണിക്കൂറോളം കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ തങ്ങിയ അദ്ദേഹം ഇന്നുതന്നെ ഡല്‍ഹിയിലേക്ക് മടങ്ങുമെന്നും വ്യക്തമാക്കി. 

അതേസമയം, യുഡിഎഫിലേക്കുള്ള പ്രവേശനത്തിന് കെ.സി. വേണുഗോപാലാണ് അവസാന പ്രതീക്ഷ എന്നുപറഞ്ഞ പി.വി. അന്‍വറിന് ഇത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്നുനാല് മാസമായി തന്നെയും തന്റെ പാര്‍ട്ടിയേയും വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് വിട്ടിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നായിരുന്നു അന്‍വര്‍ ബുധനാഴ്ച രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്. 

യുഡിഎഫ് പ്രവേശനത്തിന് ലീഗ് നേതൃത്വം മുന്‍കൈ എടുത്തിരുന്നുവെന്നും എന്നാല്‍, പ്രതിപക്ഷനേതാവിന്റെ ഭാഗത്തുനിന്നും നല്ല പ്രതികരണം ഉണ്ടായില്ല എന്നും അന്‍വര്‍ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ്, 'ഇനി കാര്യങ്ങള്‍ സംസാരിക്കാനുള്ളത് കെ.സി. വേണുഗോപാലുമായിട്ട് മാത്രമാണ്. അദ്ദേഹത്തില്‍ മാത്രമാണ് ഇനി പ്രതീക്ഷയുള്ളത്,' അന്‍വര്‍ ബുധനാഴ്ച വ്യക്തമാക്കിയത്. 

ഇതിന്, അന്‍വറിനെ തള്ളാതെയാണ് കെ.സി. വേണുഗോപാല്‍ ബുധനാഴ്ച ഉച്ചയോടെ മാധ്യമങ്ങളോട് സംസാരിച്ചത്. 'ലീഗ് നേതാക്കളും പ്രതിപക്ഷ നേതാവും അടക്കമുള്ളവരുമായി ചര്‍ച്ച നടത്തും. എന്താണ് ആശയവിനിമയത്തിലെ തകരാര്‍ എന്നത് പരിശോധിക്കും. അതിനുശേഷം അന്‍വറിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും,' എന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ പ്രതികരണം. 

അതേസമയം, യുഡിഎഫുമായി സഹകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍ ആണ് എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചത്. 'രണ്ട് വാചങ്ങള്‍ ഇന്നലെ പറഞ്ഞിട്ടുണ്ട്. അത് എന്റെ വാക്കല്ല, കേരളത്തിലെ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഉറച്ച വാക്കാണ്. ഏറ്റവും ലളിതമായിട്ടാണ് കാര്യങ്ങള്‍ പറഞ്ഞത്. അതില്‍ ഒരു അഹങ്കാരവും ഇല്ല,' എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.