തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചയിൽ കൊടുമ്പിരി കൊള്ളുകയാണ് തലസ്ഥാനനഗരി. ആർ.സി. വേണോ, വി.ഡി. വേണോ, കെ.സി. വേണോ കേരളത്തെ നയിക്കാൻ എന്ന ചോദ്യത്തിന് കോൺഗ്രസ് എംഎൽഎമാർ നിരീക്ഷകർക്ക് മുന്നിൽ മൊഴി നൽകി കഴിഞ്ഞു. ഇനി കണ്ണും കാതും ഡൽഹിയിലേക്കാണ്. 'പട നയിച്ചവൻ നാടു നയിക്കട്ടെ' എന്നുപറഞ്ഞ് നാട്ടിൽ എമ്പാടും വി.ഡി. സതീശനുവേണ്ടി പ്രകടനങ്ങളും പന്തംകൊളുത്തി പ്രതിഷേധങ്ങളും നടക്കുമ്പോൾ സർപ്രൈസ് എൻട്രിക്ക് ഒരുങ്ങുകയാണ് കെ.സി. വേണുഗോപാൽ. മുതിർന്ന നേതാവ് എന്ന നിലയിൽ, തന്നെ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് രമേശ് ചെന്നിത്തല.

To advertise here,

കേരളത്തിൽ ഏപ്രിൽ ഒമ്പതിന് ജനം വിധിയെഴുതുകയും മെയ് നാലിന് ഫലം പുറത്തുവരികയും ചെയ്തുവെങ്കിലും അക്ഷരാർത്ഥത്തിൽ മറ്റൊരു പോളിംഗ് ബൂത്ത് പോലെയായിരുന്നു തലസ്ഥാനനഗരിയിലെ ഇന്ദിരാ ഭവൻ. ആളും ബഹളവും കൊണ്ട് നിറഞ്ഞു. ചാനലുകളും മറ്റു മാധ്യമങ്ങളും ഓരോ നിമിഷവും ഒപ്പിയെടുത്തു.

പക്ഷേ അമ്പതോളം എംഎൽഎമാരുടെ പിന്തുണയിൽ കെ.സി. വേണുഗോപാൽ ആദ്യഘട്ട മത്സരത്തിൽ മുന്നിട്ടുനിൽക്കുമ്പോൾ ഇനി തീരുമാനം ഹൈക്കമാൻഡിന്റേതാണ്. തിരഞ്ഞെടുപ്പിൽ മത്സരിച്ച് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു വന്ന വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയെയും മറികടന്ന് കെ.സി. വേണുഗോപാൽ ഒരു ഉപതിരഞ്ഞെടുപ്പിന് വഴിവെച്ച് മുഖ്യമന്ത്രി കസേരയിലേക്ക് എത്തുകയാണെങ്കിൽ അത് അക്ഷരാർത്ഥത്തിൽ കോൺഗ്രസിനെ പ്രതിസന്ധിയിൽ ആക്കുമെന്ന് തീർച്ച. 

എംഎൽഎമാർക്കപ്പുറം ജനങ്ങളെ മറന്ന് ഒരു തീരുമാനമെടുക്കാൻ ഹൈക്കമാൻഡ് മുതിരുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. അങ്ങനെ സംഭവിച്ചാൽ മറ്റ് സംസ്ഥാനങ്ങളിലെ പോലെ കോൺഗ്രസിന് കേരളത്തിലും അടിപതറും എന്ന് തീർച്ച. ഉറങ്ങിക്കിടന്ന കോൺഗ്രസിനെ ഉയിർത്തെഴുന്നേൽപിനുള്ള മരുന്നു നൽകി വി.ഡി. സതീശൻ ഉയർത്തിക്കൊണ്ടുവന്നു എന്നത് എല്ലാവർക്കും അനുഭവമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെയാണ് നഗര ഗ്രാമ വ്യത്യാസമില്ലാതെ സതീശനുവേണ്ടി മുറവിളി ഉയർന്നതും.

എന്നാൽ കെ.സി. വേണുഗോപാലിനെ അങ്ങനെ തള്ളിക്കളയാനും ഹൈക്കമാൻഡിന് ആവില്ല. ഇതിന് പ്രധാനമായും എംഎൽഎമാർ ചൂണ്ടിക്കാട്ടുന്ന കാരണം വലിയ പ്രശ്‌നങ്ങളില്ലാതെ ഒരു സംഘടനയെ ചലിപ്പിക്കാൻ കെ.സി. വേണുഗോപാൽ വഹിച്ച പങ്ക് അത്രമാത്രം വലുതാണ് എന്നാണ്. പ്രസംഗങ്ങൾക്കും വൈറലുകൾക്കും അപ്പുറം ഒരു സംഘടനയ്ക്ക് ആവശ്യമായ ഊർജ്ജവും രക്തവും നൽകിയത് കെ.സി. വേണുഗോപാൽ ആണെന്നാണ് എംഎൽഎമാരുടെ അഭിപ്രായം.

അത് പൊതുജനങ്ങളും അണികളും കാണുന്നതിനപ്പുറമുള്ള പാർട്ടി പ്രവർത്തനമാണ്. അതിനെ കാണാതിരിക്കാൻ ഹൈക്കമാൻഡിനും കഴിയില്ല എന്നതാണ് കെ.സി.യെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ അഭിപ്രായം. ഇവിടെയാണ് സതീശനപ്പുറം കെ.സി.യോട് എംഎൽഎമാർക്കുള്ള താൽപര്യം. സംഘടനാ തെരഞ്ഞെടുപ്പായാലും സ്ഥാനാർഥി നിർണയത്തിൽ ആയാലും എല്ലാവരെയും ഒരുമിച്ച് ചേർത്തുനിർത്താൻ കെ.സി. പ്രത്യേകം ഊന്നൽ നൽകി എന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.

പക്ഷേ ജനവികാരത്തെ അണികളുടെ പ്രതിഷേധത്തെ അങ്ങനെ എംഎൽഎമാരുടെ അഭിപ്രായംവെച്ച് മാത്രം കണ്ടില്ലെന്ന് നടിക്കാനും ഹൈക്കമാൻഡിന് സാധിക്കില്ല. ഇതിന് പ്രധാന കാരണം പരാജയപ്പെട്ടാലും എപ്പോഴും തിരിച്ചുവരാൻ ഒരു സ്‌പെയ്‌സ് കേരളത്തിൽ കോൺഗ്രസിന് ഉണ്ട് എന്ന തിരിച്ചറിവാണ്.

പക്ഷേ ഏറെ പ്രതീക്ഷയോടെ 102 സീറ്റിന്റെ ഭൂരിപക്ഷത്തിൽ ജനങ്ങൾ അധികാരമേറ്റിയ കോൺഗ്രസിന് മുഖ്യമന്ത്രി കസേരയുടെ പേരിൽ അതേ ജനങ്ങളുടെ എതിർപ്പിന് പാത്രമാവാൻ ഒരുപക്ഷേ ഹൈക്കമാൻസിനും താൽപര്യമുണ്ടാവില്ല. ഇത്രയും വലിയ എതിർപ്പിനിടയിൽ രണ്ട് ഉപതിരഞ്ഞെടുപ്പിന് വഴിവെച്ച് കെ.സി.യെ രംഗത്തിറക്കിയാൽ അത് പുതിയ സാഹചര്യത്തിൽ ആത്മഹത്യാപരമാകുമോ എന്ന ചിന്തയും നേതൃത്വത്തിനുണ്ട്.

അങ്ങനെ സംഭവിച്ചാൽ പണ്ട് വിഎസിനെ സിപിഎം അവഗണിച്ചപ്പോൾ ഉണ്ടായ അതേ സാഹചര്യം കോൺഗ്രസും നേരിടേണ്ടി വരും. ഒരുപക്ഷേ രാഹുൽ ഗാന്ധി വരെ തെരുവിൽ ചോദ്യം ചെയ്യപ്പെടാം. ഇതിനെല്ലാം കോൺഗ്രസ് നേതൃത്വം വഴിവെക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.