കൊല്ലം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട്‌ ദുരന്തക്കേസ്‌, പ്രധാന പ്രതികളുടെ വിടുതൽ ഹർജികൾ തള്ളിയതോടെ വിചാരണനടപടികളിലേക്ക്. പ്രതികൾക്ക് കുറ്റപത്രം നൽകുന്നതിന് പ്രത്യേക കോടതി കേസ് 29-ന്‌ പരിഗണിക്കും. വിടുതൽ ഹർജി തള്ളിയതിനെതിരേ ആരെങ്കിലും ഉയർന്ന കോടതിയെ സമീപിച്ചാൽ വിചാരണ നീണ്ടുപോയേക്കും. മൂന്നുപേരെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയും 22 പ്രതികളെ കൊലപാതകക്കുറ്റത്തിൽനിന്ന് ഒഴിവാക്കിയും കോടതി കഴിഞ്ഞദിവസം ഉത്തരവായിരുന്നു.

To advertise here,

13 പേരുടെ വിടുതൽ ഹർജികൾ കോടതി തള്ളി. ക്ഷേത്ര കമ്മിറ്റിക്കാരും വെടിക്കെട്ട് ആശാൻമാരും വെടിക്കെട്ടിന്‌ നേതൃത്വം നൽകിയ വ്യക്തിയും ഉൾപ്പെടെ 18 പ്രതികൾക്ക് 302-ാംവകുപ്പ്‌ പ്രകാരമുള്ള കൊലപാതകക്കുറ്റം നിലനിർത്തി. ഒന്നുമുതൽ 15 വരെ പ്രതികൾ ക്ഷേത്ര കമ്മിറ്റിക്കാരും 16 മുതൽ 20 വരെ ഉത്സവക്കമ്പക്കാരും 21-ാംപ്രതി കമ്പത്തിന്‌ നേതൃത്വം നൽകിയ ആളുമാണ്. ഒന്നുമുതൽ 21 വരെ പ്രതികളിൽ മൂന്നുപേർ മരിച്ചു.

കേസിൽ ഒന്നുമുതൽ 55 വരെ പ്രതികൾക്ക് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം കൊലപാതകക്കുറ്റം ചുമത്തിയിരുന്നു. ഇതിൽ 13 പേർ മരിച്ചു. ബാക്കി 42 പ്രതികൾ വിചാരണ നേരിടേണ്ടിവരും. മൂന്നുപേരെ ഒഴിവാക്കിയതിൽ ക്രൈംബ്രാഞ്ച് അപ്പീൽ നൽകുമോയെന്ന കാര്യത്തിലും വ്യക്തത വരാനുണ്ട്. 57 മുതൽ 59 വരെ പ്രതികളും കരിമരുന്നു വ്യാപാരികളുമായ നേമം കരുമൺ പൂഴിക്കുന്ന് പുതുവൽ പുത്തൻവീട്ടിൽ ജിഞ്ചു, ചിറയിൻകീഴ് കിഴുവിലം പറയത്തുകോണം പൂമംഗലത്ത് സലിം, കൊല്ലം അഞ്ചുകല്ലുംമൂട് തെക്കേ ഇഞ്ചയ്ക്കൽ പുന്നവിള വീട്ടിൽ സിയാദ് എന്നിവരെയാണ്‌ പുറ്റിങ്ങൽ പ്രത്യേക കോടതി ജഡ്ജി എം.സി. ആന്റണി കേസിൽനിന്ന്‌ ഒഴിവാക്കിയത്.

വെടിക്കെട്ട് ആശാൻമാരുടെ തൊഴിലാളികളെയാണ് കൊലപാതകക്കുറ്റത്തിൽനിന്ന്‌ ഒഴിവാക്കിയത്. 22 മുതൽ 55 വരെ പ്രതികളായ ഇവർക്ക് അശ്രദ്ധമൂലമുള്ള നരഹത്യക്കുള്ള 304എ വകുപ്പ് ചുമത്തി. 56-ാംപ്രതി സമീപത്തെ ക്ഷേത്രം പ്രസിഡന്റാണ്. ക്ഷേത്രവളപ്പിൽ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്നെന്നാണ് കേസ്. കേസിലെ മുപ്പതാംപ്രതി അനുരാജിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

2016 ഏപ്രിൽ 10-ന് മത്സരക്കമ്പത്തിനിടയിൽ ഉണ്ടായ സ്ഫോടനത്തിൽ 110 പേർ മരിക്കുകയും 656 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജില്ലാഭരണകൂടം വെടിക്കെട്ട് നിരോധിച്ചതായി അറിയിച്ചിട്ടും ക്ഷേത്ര കമ്മിറ്റിക്കാരും കമ്പക്കാരും ചേർന്ന് നിയമവിരുദ്ധമായി മത്സരം നടത്തിയെന്നാണ് കേസ്.

പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. ജബ്ബാർ, അമ്പിളി ജബ്ബാർ, 57-ാംപ്രതിക്കുവേണ്ടി വിപിൻ മോഹൻ, 58-ാംപ്രതിക്കുവേണ്ടി രാജീവ്, 59-ാംപ്രതിക്കുവേണ്ടി അബൂബക്കർ എന്നീ അഭിഭാഷകരാണ് കോടതിയിൽ ഹാജരായത്.