കൊല്ലം: പത്തുകൊല്ലംമുൻപ് ഇതുപോലൊരു ഏപ്രിൽ മാസത്തിലാണ് പരവൂർ പുറ്റിങ്ങലിൽ 110 പേരുടെ മരണത്തിനും 656 പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ വെടിക്കെട്ടുദുരന്തമുണ്ടാകുന്നത്. തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്തെ ദുരന്തം പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിന്റെ നടുക്കുന്ന ഓർമ്മകളെക്കൂടി തിരികെ വിളിക്കുന്നു.

To advertise here,

2016 ഏപ്രിൽ 10-ന് പുലർച്ചെ, ആളും ആരവവും നിറഞ്ഞ ഉത്സവപ്പറമ്പ് നിലവിളികളും ഞരക്കങ്ങളും അവശേഷിച്ച ശവപ്പറമ്പായത് നിമിഷങ്ങൾകൊണ്ടാണ്. പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മത്സരക്കമ്പം പേരുകേട്ടതായിരുന്നു. പടക്കവും പെരുക്കവും തുടങ്ങി ആശാന്മാരുടെ ഇഷ്ടാനുസരണം എന്ന നാലാംഘട്ടത്തിൽ സമാപിക്കുന്ന വെടിക്കെട്ട് കാണാൻ സമീപ ജില്ലകളിൽനിന്നുപോലും ജനമെത്തും. അന്നും പതിവുപോലെ നെടുംകുതിരയെടുപ്പ് കഴിഞ്ഞുള്ള വെടിക്കെട്ട് കാണാൻ അർധരാത്രിയിലും ജനം പരവൂരിലേക്ക് ഒഴുകിയെത്തി0.

രാത്രി 11.56-ന് വെടിക്കെട്ട് തുടങ്ങി. മൂന്നുമണിക്കൂറോളം പുരുഷാരം വെടിക്കെട്ട് ആസ്വദിക്കുന്നതിനിടെ ഭൂമി പിളരുന്നതുപോലെ ഉഗ്രസ്ഫോടനമുണ്ടായി. ഓടിരക്ഷപ്പെടാനുള്ള അവസരംപോലും ആർക്കുമുണ്ടായില്ല. തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങളും ചിതറിത്തെറിച്ച ശരീരഭാഗങ്ങളുമാണ് ദുരന്തം അവശേഷിപ്പിച്ചത്. അപകടത്തിൽപ്പെട്ടവരുടെ ശരീരഭാഗങ്ങളും കെട്ടിടാവശിഷ്ടങ്ങളും കിലോമീറ്ററുകൾവരെ ദൂരേക്ക് തെറിച്ചു. തിരിച്ചറിയാൻ ഒന്നും അവശേഷിക്കാത്ത ശരീരഭാഗങ്ങളാണ് അന്വേഷിച്ചെത്തിയ പല ബന്ധുക്കളെയും കാത്തിരുന്നത്. 358 വീടുകൾക്ക് കേടുപാടുണ്ടായി. വൈദ്യുതി ബോർഡിന് 88 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. റവന്യൂ അധികൃതർ കണക്കാക്കിയിട്ടുള്ള നഷ്ടം 2.58 കോടി രൂപയാണ്.

വിചാരണയ്ക്ക് പ്രത്യേക കോടതി

ജില്ലാ ഭരണകൂടം വെടിക്കെട്ട് നിരോധിച്ചതായി അറിയിച്ചിട്ടും ക്ഷേത്രക്കമ്മിറ്റിക്കാരും കമ്പക്കാരും ചേർന്ന് നിയമവിരുദ്ധമായി മത്സരം നടത്തിയെന്ന കേസിന്റെ വിചാരണ പ്രത്യേക കോടതിയിൽ നടന്നുവരികയാണ്. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ, വെടിക്കെട്ട് ആശാന്മാർ, ഇവരുടെ തൊഴിലാളികൾ, കരിമരുന്നുകച്ചവടക്കാർ തുടങ്ങിയവരുൾപ്പെടെ 59 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ 13 പേർ മരിച്ചു. ആയിരത്തിലേറെ പേജുകളടങ്ങിയതാണ് കുറ്റപത്രം. 1417 സാക്ഷികളും 1611 രേഖകളും 376 തൊണ്ടിസാധനങ്ങളുമുണ്ട്. പ്രത്യേക കോടതിയുണ്ടെങ്കിലും സ്ഥിരം ജഡ്ജിയെ നിയമിച്ചിട്ടില്ല. നാലാം ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജിക്ക് അധികച്ചുമതല നൽകിയിരിക്കുകയാണ്. ശനിയാഴ്ചകളിലാണ് കേസ് പരിഗണിക്കുന്നത്.