
കൊച്ചി: എറണാകുളം കോതമംഗലത്തിനടുത്ത് ഭൂതത്താന്‍കെട്ടില്‍ സിനിമാ ഷൂട്ടിങ് സെറ്റില്‍ നിന്ന് വിരണ്ടോടി കാടു കയറിയ നാട്ടാന 'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തി. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്താണ് തിരച്ചില്‍ സംഘം ആനയെ കണ്ടെത്തിയത്. ആന ആരോഗ്യവാനാണെന്നും പുറത്തേയ്ക്ക് എത്തിക്കാന്‍ ശ്രമം തുടങ്ങിയെന്നും വനപാലകസംഘം അറിയിച്ചു. ആനയ്ക്കടുത്തേക്ക് പാപ്പാന്‍മാര്‍ എത്തിയിട്ടുണ്ട്. കാടിനകത്ത് നാല് കിലോമീറ്ററിനുള്ളിലാണ് ആനയുള്ളതെന്നാണ് വിവരം.
തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ വിജയ് ദേവരകൊണ്ട നായകനായ തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ആന കാട്ടിലേക്ക് വിരണ്ടോടിയത്. സിനിമാ ചിത്രീകരണത്തിനിടെ കൊമ്പന്മാര്‍ കുത്തുകൂടുകയായിരുന്നു. കുത്തേറ്റ പുതുപ്പള്ളി സാധു എന്ന നാട്ടാന കാട്ടിലേക്ക് ഓടി. ആന വിരണ്ടതോടെ ഷൂട്ടിങ് താത്കാലത്തേക്ക് നിര്‍ത്തിവെച്ച് സിനിമാസംഘം മടങ്ങി. വനംവകുപ്പ് ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ ഏറെനേരം തിരഞ്ഞെങ്കിലും ആനയെ കണ്ടെത്താനായില്ല. രാത്രിയായതോടെ തിരച്ചിലവസാനിപ്പിച്ചു. ശനിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് ആനയെ കണ്ടെത്താനായത്.
ഷൂട്ടിങ്ങിനായി അഞ്ച് ആനകളെയാണ് എത്തിച്ചിരുന്നത്. വൈകീട്ട് അഞ്ചുമണിയോടെ ചങ്ങലകള്‍ അഴിച്ചുമാറ്റി ആനകള്‍ റോഡ് കുറുകെ കടക്കുന്ന സീന്‍ ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെയാണ് മണികണ്ഠന്‍ എന്ന കൊമ്പന്‍ സാധു എന്ന കൊമ്പനെ കുത്തിയത്. കുത്തേറ്റ സാധു കാട്ടിലേക്ക് ഓടുകയായിരുന്നു.
പുതുപ്പള്ളിയുടെ 'സാധു' ആന
കോട്ടയം: ഭൂതത്താന്‍കെട്ടിനു സമീപം ഷൂട്ടിങ്ങിനിടെ കാടുകയറിയ സാധു ആനയ്ക്ക് പേരുപോലതന്നെ സ്വഭാവം. ഏല്‍പ്പിച്ച പണി പാപ്പന്റെ ആജ്ഞയ്ക്കനുസരിച്ച് ചെയ്യും. വെള്ളംകണ്ടാല്‍ എല്ലാംമറക്കുന്ന ആനകള്‍ക്കിടയില്‍, വെള്ളത്തില്‍ ഇറങ്ങാന്‍ മടിക്കുന്നവന്‍ എന്ന പ്രത്യേകത. തനിക്കുകിട്ടുന്ന ഭക്ഷണവും വെള്ളവും കഴിച്ച് സ്വന്തം കാര്യം നോക്കും.
ആനലക്ഷണത്തിന്റെ തികവുകള്‍ ഒത്തിണങ്ങിയ ആനയെ 1999-ല്‍ അരുണാചല്‍ പ്രദേശില്‍നിന്ന് പുതുപ്പള്ളി സ്വദേശി പോത്തന്‍വര്‍ഗീസ് സ്വന്തമാക്കിയതാണ്. നാട്ടാന ആയതിനാല്‍ കാടുകയറിപ്പോയ ആനയെ കണ്ടെത്താന്‍ ആദ്യം പാപ്പാന്‍മാരെ ഉപയോഗിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഇത്തിത്താനം ഗജമേളയില്‍ ഗജരാജരത്‌നപ്പട്ടം വരെ നേടിയ സാധു നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനാണ്.
Content Highlights: puthupally sadhu found-vijay-devarakonda-movie-elephant-forest
Published: 05 Oct 2024, 09:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented