തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് തന്നെ ബന്ധപ്പെട്ടതെന്നും അദ്ദേഹവുമായി പ്രൊഫഷണൽ ബന്ധം മാത്രമാണ് ഉള്ളതെന്നും മണപ്പാട്ട് ഫൗണ്ടേഷൻ സിഇഓ അമീർ അഹമ്മദ്. പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷനേതാവിനെ കൂടാതെ മണപ്പാട്ട് ഫൗണ്ടേഷൻ എൻജിഒയ്ക്കും അതിന്റെ ചെയർമാൻ അമീർ അഹമ്മദിനും എതിരേ സിബിഐ അന്വേഷണം വേണമെന്ന വിജിലൻസിന്റെ ശുപാർശ വന്നതിന് പിന്നാലെയാണ് അമീർ അഹമ്മദിന്റെ വിശദീകരണം.

To advertise here,

'ഞാൻ ഒരു വ്യവസായിയും റീ-എൻജിനീയറിങ് സ്‌പെഷ്യലിസ്റ്റുമാണ്. അതുകൊണ്ടാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് എന്നെ സമീപിച്ചത്. ഒരു രാഷ്ട്രീയ പാർട്ടിയുമായും അതിലെ ഒരു നേതാവുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുമ്പോൾ ഭാവിയിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമോ എന്ന് തോന്നിയിരുന്നു. അതുകൊണ്ടുതന്നെ ആദ്യം പറ്റില്ലെന്നാണ് പറഞ്ഞത്', അമീർ അഹമ്മദ് പറഞ്ഞു.

'ഇക്കാര്യത്തെ പ്രൊഫഷണലായി കണ്ടാൽ മതിയെന്നും അത്തരത്തിൽ മാത്രം ഇടപെട്ടാൽ മതിയെന്നും പറഞ്ഞതിനാലാണ് പദ്ധതിയുടെ ഭാഗമായത്. ഇതൊരു മോഡൽ പ്രോജക്ടായി എടുക്കാനാണ് എന്നോട് പറഞ്ഞത്. എന്നെ നേരത്തെ കണ്ടിട്ടുണ്ടെന്നും അറിയാമെന്നും അതുകൊണ്ടാണ് ബന്ധപ്പെട്ടതെന്നുമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. എനിക്ക് അദ്ദേഹത്തെ നേരത്തെ പരിചയമില്ല', അമീർ അഹമ്മദ് പറഞ്ഞു.

'അവിടെ ആളുകളെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനായി സേവ്യർ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കുട്ടികളെ കൊണ്ടുവന്നാണ് അവിടെ സർവേ നടത്തിയത്. 2018-ലാണ് പദ്ധതി ആരംഭിക്കുന്നത്. 2021-ൽ എഫ്‌സിആർഎ വീണ്ടും റിന്യൂ ചെയ്തിട്ടുണ്ട്. എന്തെങ്കിലും തരത്തലുള്ള തിരിമറികൾ നടന്നിട്ടുണ്ടെങ്കിൽ അത് റിന്യൂ ചെയ്ത് കിട്ടില്ലായിരുന്നു. എന്റെ ഭാഗത്തുനിന്നും എന്ത് തെറ്റാണ് വന്നിരിക്കുന്നത് എന്ന് പറഞ്ഞാൽ അതിന് മറുപടി പറയാൻ തയ്യാറാണ്', അമീർ അഹമ്മദ് വ്യക്തമാക്കി.