മലപ്പുറം: അരീക്കോട്ടെ സ്പെഷ്യൽ ഓപ്പറേഷൻ പോലീസ് ക്യാമ്പിൽ പോലീസുകാരൻ സ്വയംനിറയൊഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. പോലീസ് മേധാവികൾ ഉൾപ്പടെയുള്ളവരുടെ കൊടുംപീഡനമാണ് വിനീതിന്റെ മരണത്തിന് കാരണമെന്ന് ടി.സിദ്ധിഖ് എം.എൽ.എ ആരോപിച്ചു.
പോലീസിനുള്ളിൽ വലിയ പീഡനവും അടിച്ചമർത്തലും അടിച്ചേൽപ്പിക്കലും നടക്കുന്നുണ്ടെന്നും വിനീതിന്റെ മരണമൊഴിയായി കണക്കാക്കാവുന്ന വാട്സാപ്പ് സന്ദേശങ്ങളും റിഫ്രഷറർ കോഴ്സിന് വീണ്ടും പറഞ്ഞയക്കാനുള്ള ഉത്തരവിന്റെ പകർപ്പും തങ്ങളുടെ കൈയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'മരണത്തിന് ഉത്തരവാദികളായവരുടെ പേര് ഉൾപ്പെടെ സന്ദേശത്തിലുണ്ട്. തീർച്ചയായും ഇതൊരു കൊലപാതകമാണ്. വിനീതിന്റെ ഭാര്യ ഗർഭിണിയാണ്. മൂന്ന് തവണ അദ്ദേഹം അവധിക്ക് അപേക്ഷിച്ചെങ്കിലും കൊടുത്തില്ല. ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഭർത്താവായ പോലീസുകാരന് അവധി കൊടുക്കാത്ത സമീപനം. വിഷയത്തിൽ ഗൗരവമായ അന്വേഷണം വേണം. കുറ്റക്കാരായ ഉദ്യോഗസ്ഥരെ പദവിയിൽ തുടരാൻ അനുവദിക്കരുത്. ഇതിന് മുഖ്യമന്ത്രി നടപടി സ്വീകരിക്കണം', സിദ്ദിഖ് ആവശ്യപ്പെട്ടു.
മരിക്കുന്നതിന് തൊട്ടുമുൻപ് വിനീത് സുഹൃത്തുമായി നടത്തിയതെന്നു പറയുന്ന വാട്സാപ് ചാറ്റിന്റെ വിശദാംശങ്ങളും അദ്ദേഹം മാധ്യമങ്ങളോടു പങ്കുവെച്ചു. രാഹുലിനേയും അസി.കമാൻഡന്റ് അജിത്തിനേയും സന്ദേശം കാണിക്കണമെന്നാണ് ഇതിലുള്ളത്. പരിശീലന ഓട്ടത്തിന്റെ സമയം കൂട്ടണമെന്ന് വിമർശനരൂപേണ വിനീത് പറയുന്നുമുണ്ട്. 'എന്റെ ജീവൻ അതിനായി സമർപ്പിക്കുന്നു, ഗുഡ് ബൈ' എന്നാണ് സന്ദേശത്തിന്റെ അവസാന ഭാഗത്തുള്ളത്.
അമിത ജോലിഭാരം പോലീസുകാരുടെ മാനസിക സമ്മർദ്ദം വർധിപ്പിക്കുകയാണെന്നും ഇത് അവസാനിപ്പിക്കാനുള്ള നടപടി ആഭ്യന്തര വകുപ്പ് സ്വീകരിക്കണമെന്നും മുൻ ആഭ്യന്തര മന്ത്രികൂടിയായ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അവശ്യപ്പെട്ടു.
ദൗർഭാഗ്യകരമായ സംഭവമാണ് അരീക്കോട് പോലീസ് ക്യാമ്പിൽ ഉണ്ടായത്. സേനയിൽ ധാരാളംപേർ ആത്മഹത്യ ചെയ്യുന്നുണ്ട്. ആഭ്യന്തരവകുപ്പിന്റെ വീഴ്ചയാണിത്. ട്രെയിനിങ് ക്യാമ്പുകളിൽ വലിയ പ്രശ്നങ്ങളാണുള്ളത്. ഇവിടെ നടക്കുന്ന പ്രവർത്തനം ആഭ്യന്തര വകുപ്പ് വിലയിരുത്തണം, അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ജനസംഖ്യയ്ക്ക് ആനുപാതികമായി പോലീസിൽ നിയമനം നടത്തണമെന്നും പോലീസുകാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശി സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് കമാൻഡോ വിനീത് (36) ആണ് ഞായറാഴ്ച ആത്മഹത്യചെയ്തത്. അവധി ലഭിക്കാത്തതു മൂലമുള്ള മാനസികസംഘർഷമാണ് മരണകാരണമെന്നാണ് സഹപ്രവർത്തകരുടെ ആരോപണം. ഭാര്യയും ഒരു മകനുമുണ്ട്. ഭാര്യ മൂന്നുമാസം ഗർഭിണിയാണ്.
തലയ്ക്കു വെടിയേറ്റ നിലയിൽ ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സഹപ്രവർത്തകർ വിനീതിനെ അരീക്കോട് ആസ്റ്റർ മദർ ആശുപത്രിയിൽ എത്തിച്ചത്. ഉടനെ മരണം സ്ഥിരീകരിച്ചുവെന്ന് പോലീസറിയിച്ചു. അതേസമയം, വിനീതിന്റെ മരണത്തിൽ ഔദ്യോഗിക വിശദീകരണം നൽകാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: Protest over the suicide of policeman in special operation police camp
Published: 16 Dec 2024, 01:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented