മലപ്പുറം: രാഹുൽഗാന്ധിയുടെ പിൻഗാമിയായി കന്നിയങ്കത്തിനിറങ്ങിയ സഹോദരി പ്രിയങ്കാഗാന്ധിയെ വയനാടിന്റെ പ്രിയങ്കരിയാക്കാൻ മുൻപിൽനിന്നത് മലപ്പുറത്തെ മണ്ഡലങ്ങൾ. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിൽനിന്ന് പ്രിയങ്ക നേടിയത് 4,10,931 വോട്ടിന്റെ ഭൂരിപക്ഷമാണ്. ഇതിൽ പാതിയും സമ്മാനിച്ചതാകട്ടെ മലപ്പുറത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങൾ. 2019-ലും 2024-ലും രാഹുൽഗാന്ധിക്ക് കൊടുത്തതിലേക്കാൾ കൂടുതൽ ഭൂരിപക്ഷത്തോടെയാണ് മലപ്പുറം പ്രിയങ്കയെ ലോക്‌സഭയിലേക്കയക്കുന്നത്.

To advertise here,

വണ്ടൂർ, നിലമ്പൂർ, ഏറനാട് മണ്ഡലങ്ങളിലായി 2,02,612 വോട്ടാണ് പ്രിയങ്കാഗാന്ധിക്ക് കിട്ടിയ ഭൂരിപക്ഷം. വണ്ടൂർ- 73,276, നിലമ്പൂർ - 65,132, ഏറനാട് -64,204 എന്നിങ്ങനെയാണ് ഭൂരിപക്ഷക്കണക്ക്. ഏഴു മണ്ഡലങ്ങളിൽ വണ്ടൂർ തന്നെയാണ് ഭൂരിപക്ഷത്തിൽ മുൻപിൽ. 2019, 2024 പൊതുതിരഞ്ഞെടുപ്പുകളിൽ രാഹുൽഗാന്ധിക്കും ഏറ്റവുമധികം ഭൂരിപക്ഷം (യഥാക്രമം 69,555, 68,684) നൽകിയത് വണ്ടൂരാണ്. പോളിങ് ശതമാനം കുറഞ്ഞിട്ടും എ.പി. അനിൽകുമാറിന്റെ വണ്ടൂർ മണ്ഡലത്തിൽ ഭൂരിപക്ഷത്തിൽ ഇത്തവണ 4592 വോട്ടുകൾ കൂടി. ഭൂരിപക്ഷത്തിൽ രണ്ടും മൂന്നും സ്ഥാനം നിലമ്പൂരും ഏറനാടും നിലനിർത്തി.

ഏറനാട്ടിൽ കുതിപ്പു മാത്രം

രാഹുൽഗാന്ധി ആദ്യമായി വയനാട്ടിൽ മത്സരിച്ച 2019-ൽ 1,87,742 വോട്ടായിരുന്നു ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെ ഭൂരിപക്ഷം. വോട്ടർമാർ ഏറ്റവും കുറവുള്ള ഏറനാട് മണ്ഡലത്തിലായിരുന്നു സ്വാഭാവികമായും ഭൂരിപക്ഷം കുറവ്. 56,527 വോട്ടായിരുന്നു അന്ന് രാഹുലിന്റെ ലീഡ്. 2024 പൊതുതിരഞ്ഞെടുപ്പിൽ രാഹുലിന്റെ മൊത്തം ഭൂരിപക്ഷം 1,82,790 വോട്ടായി കുറഞ്ഞപ്പോഴും ഏറനാട് പിന്നോട്ടുപോയില്ല. അവിടെ ഭൂരിപക്ഷം 57,743 വോട്ടായി ഉയർത്തി. ഇത്തവണയാകട്ടെ പി.കെ. ബഷീറിന്റെ മണ്ഡലത്തിലെ ഭൂരിപക്ഷം ഗണ്യമായി കൂടി; 57,743 -ൽ നിന്ന് 64,204-ലേക്കെത്തി.

അൻവറിന്റെ പിന്തുണയും

ഇടതുപക്ഷം വിട്ട് വയനാട്ടിൽ പ്രിയങ്കാഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച പി.വി. അൻവറിന്റെ നീക്കവും യു.ഡി.എഫിന് ഗുണമായെന്നുവേണം കരുതാൻ. 2024 -ലെ പൊതുതിരഞ്ഞെടുപ്പിലേതിനേക്കാൾ ഇവിടെ 8769 വോട്ട് യു.ഡി.എഫിന് ഭൂരിപക്ഷംകൂടി. അന്ന് നിലമ്പൂരിൽ 56,363 വോട്ടാണ് രാഹുലിന്റെ ഭൂരിപക്ഷം. ഇത്തവണ പ്രിയങ്കയ്ക്ക് കിട്ടിയത് 65,132 വോട്ടിന്റെ ഭൂരിപക്ഷവും.

ജില്ലയിലെ യു.ഡി.എഫ്. ഭൂരിപക്ഷം

 2019 പൊതുതിരഞ്ഞെടുപ്പ്2024 പൊതുതിരഞ്ഞെടുപ്പ്
 രാഹുൽ ഗാന്ധി - 1,87,742പ്രിയങ്കാ ഗാന്ധി - 2,02,612
വണ്ടൂർ69,55573,276
നിലമ്പൂർ61,66065,132
ഏറനാട്56,52764,204