സുൽത്താൻബത്തേരി: പ്രമുഖരായ ആർക്കെങ്കിലും ക്രിസ്മസ്-ന്യൂ ഇയർ ആശംസകൾ എഴുതിയയക്കാൻ ആവശ്യപ്പെട്ടപ്പോൾ ചേനാട് ഗവ. സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിനിയായ ശ്രേയ ഷബിനുമുന്നിൽ ആദ്യമെത്തിയ മുഖം പ്രിയങ്കാഗാന്ധി എം.പി.യുടേതായിരുന്നു. നാലാംക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ടായിരുന്നു ശ്രേയ പ്രിയങ്കാഗാന്ധിക്ക്‌ ആശംസകളറിയിച്ച് കത്തെഴുതിയത്. പോസ്റ്റ്‌ ഓഫീസ് പരിചയപ്പെടുത്തലിന്റെ ഭാഗമായി പ്രമുഖരായവർക്ക് ആശംസകളെഴുതിയ കാർഡുകൾ അധ്യാപകർക്കൊപ്പമെത്തി കുട്ടികൾ പോസ്റ്റുചെയ്യുകയും ചെയ്തു.

To advertise here,

കാർഡയച്ച് രണ്ടാഴ്ചകഴിഞ്ഞപ്പോൾ ശ്രേയയെത്തേടി പ്രിയങ്കാഗാന്ധിയുടെ മറുപടിയെത്തി. ശ്രേയക്കും കുടുംബത്തിനും ക്രിസ്മസ്-പുതുവത്സരാശംസകൾ നേർന്നുകൊണ്ട് സ്വന്തം കൈപ്പടയിൽത്തന്നെയായിരുന്നു പ്രിയങ്കാഗാന്ധി മറുപടിയെഴുതിയത്. പ്രിയങ്കാഗാന്ധിയുടെ ആശംസാകാർഡ് സ്കൂളിൽ കിട്ടിയപ്പോൾ എല്ലാവർക്കും ഒരുപോലെ സന്തോഷം. ചേനാട് ഗവ. സ്കൂളിലെ പ്രധാനാധ്യാപകനായ ബിജു അസംബ്ളിയിൽവെച്ച് പ്രിയങ്കാഗാന്ധിയുടെ ആശംസാകാർഡ് ശ്രേയക്ക് കൈമാറി. ആറാംമൈൽ ചെതലയം ഷൺമുഖവിലാസത്തിൽ ഷബിൻറെയും അഞ്ജലിയുടെയും മകളാണ് ശ്രേയ.