കൊച്ചി: കുര്‍ബാന ഏകീകരണത്തെ ചൊല്ലിയുള്ള സിനഡ് തീരുമാനത്തെത്തുടർന്ന് സിറോ മലബാര്‍ സഭയില്‍ പൊട്ടിത്തെറി. കുര്‍ബാന ക്രമം ഏകീകരിക്കാനുള്ള സിനഡ് തീരുമാനത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ പരസ്യമായി രംഗത്ത് വന്നു. തീരുമാനം സംബന്ധിച്ച ഇടയലേഖനം പള്ളികളില്‍ വായിച്ചാല്‍ വലിയ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നാണ് വൈദികരുടെ മുന്നറിയിപ്പ്.  

To advertise here,

ആരോടും ആലോചിക്കാതെ കൈക്കൊണ്ട തീരുമാനം നടപ്പിലാക്കരുതെന്ന ആവശ്യവുമായി ഒരു വിഭാഗം വൈദികര്‍ ബിഷപ്പ് ആന്റണി കരിയിലിനെ നേരില്‍ കണ്ട് എതിര്‍പ്പ് അറിയിച്ചു. മാര്‍പ്പാപ്പയുടെ കത്തിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് വൈദികരുടെ ആരോപണം. 

നിലവിലെ കുര്‍ബാന രീതി തുടരണം. ജനാഭിമുഖ കുര്‍ബാനയാണ് ഇപ്പോള്‍ നടക്കുന്നത്. അതില്‍ ഒരു ഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അള്‍ത്താരാഭിമുഖമായും നടത്തണമെന്നാണ് സിനഡിന്റെ തീരുമാനം. ഇതില്‍ വൈദികര്‍ക്കും വിശ്വാസികള്‍ക്കും എതിര്‍പ്പുണ്ടെന്നാണ് വൈദികര്‍ പറയുന്നത്. പ്രത്യേക യോഗം ചേര്‍ന്ന വൈദികര്‍ പ്രമേയം പാസാക്കി. ജനാഭിമുഖ കുര്‍ബാനയില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് പ്രമേയത്തില്‍ പറയുന്നത്. 

തീരുമാനത്തില്‍ മാറ്റമുണ്ടായില്ലെങ്കില്‍ മെത്രാന്‍മാരുടെ നേതൃത്വത്തില്‍ മാര്‍പ്പാപ്പയെ കാണുമെന്നും വൈദികര്‍ പറഞ്ഞു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേയും വിമര്‍ശനമുയര്‍ന്നു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ചില കേസുകളുള്ളതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം വിവാദങ്ങളെന്നാണ് വൈദികരുടെ പക്ഷം. 

ഭൂമിയിടപാട് വിഷയം മുതല്‍ കര്‍ദിനാള്‍ അനുകൂലപക്ഷവും വിമതപക്ഷവും തമ്മിലുണ്ടായിരുന്ന കലഹം ആരാധനാ ക്രമം ഏകീകരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വലിയ പൊട്ടിത്തെറിയായി മാറിയിരിക്കുന്നത്. 

അതേസമയം കുര്‍ബാന ഏകീകരണം തടയുന്നവര്‍ക്കെതിരേ നടപടി വേണം എന്ന് ആവശ്യപ്പെട്ട് സിനഡ് തീരുമാനത്തിന് പിന്തുണയുമായി ഒരു വിഭാഗം വിശ്വാസികള്‍ പ്ലക്കാര്‍ഡുകളുമായി ബിഷപ്പ് ഹൗസിന് മുന്നില്‍ എത്തിയിരുന്നു.

Content Highlights: priests against syro malabar synad`s decesion of unified mass