കോട്ടയം:കലാകാരന്റെ അഭിപ്രായസ്വാതന്ത്ര്യം എടുത്തുപറഞ്ഞ്‌, മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ സംഭാവനകളെ പുകഴ്‌ത്തി, വർഗീയതയ്ക്കെതിരേ ഇടതുപക്ഷവും വലതുപക്ഷവും ഒന്നിച്ചുനിൽക്കണമെന്ന്‌ ഓർമ്മിപ്പിച്ച്‌ കോൺഗ്രസ്‌ വേദിയിൽ നടനും ചലച്ചിത്ര അക്കാമദമി മുൻ ചെയർമാനുമായ പ്രേംകുമാർ.

To advertise here,

കോട്ടയത്ത്‌ കെ.പി.സി.സി. സംസ്കാരസാഹിതിയുടെ ഉത്സവ്‌ 2026- മേളയുടെ സമാപനസമ്മേളനത്തിലാണ്‌ മുഖ്യാതിഥിയായി പ്രേംകുമാർ പങ്കെടുത്തത്‌. വേദിയിൽ ഇടതുപക്ഷത്തിനെയോ, സർക്കാരിനെയോ പരസ്യ വിമർശനമുണ്ടായില്ലെന്നതും ശ്രദ്ധേയമായി.

വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ മതേതരത്വം കാത്തുസൂക്ഷിക്കാൻ കോൺഗ്രസ്‌, കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങൾ ഒന്നിച്ചുനിൽക്കണമെന്ന്‌ പ്രേംകുമാർ പറഞ്ഞു. മനുഷ്യരെ ഭിന്നിപ്പിക്കാനുള്ള ചില ശക്തികൾക്കെതിരേ കോൺഗ്രസും ഇടതുപക്ഷവും ഒന്നിച്ചുനിൽക്കണം, - അദ്ദേഹം പറഞ്ഞു.

സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്‌ഘാടനം ചെയ്‌തു. സംസ്കാരസാഹിതി ചെയർമാൻ സി.ആർ. മഹേഷ്‌ എം.എൽ.എ. അധ്യക്ഷനായിരുന്നു.

മത്സരസാധ്യത തള്ളാതെ പ്രേംകുമാർ

തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് നാളെ എന്ത് സംഭവിക്കുമെന്ന് പറയാൻ കഴിയില്ലെന്ന് പ്രേംകുമാർ. സമ്മേളനത്തിനുശേഷം മാധ്യ മങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. നിലവിൽ ഒരു ചർച്ചയും നടന്നിട്ടില്ല. ഒരു ഓഫറും കിട്ടിയിട്ടില്ല. ഇപ്പോൾ പ്രചരിക്കുന്ന ത് വാർത്തകൾമാത്രം - അദ്ദേഹം പറഞ്ഞു.

മനസ്സു തുറക്കാതെ ജയൻ ചേർത്തല

നടനും അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റുമായ ജയൻ ചേർത്തലയുടെ രാഷ്ട്രീയമാറ്റത്തിൽ ചർച്ച ചൂടുപിടിക്കുന്നു. സി.പി.ഐ. ചേർത്തല മണ്ഡലം കമ്മിറ്റിയംഗവുമായിരുന്ന ജയൻ വർഷങ്ങൾ നീണ്ട സി.പി.ഐ. ബന്ധം വിട്ടിരുന്നു. കഴിഞ്ഞദിവസം കെ.സി. വേണുഗോപാൽ എം.പി.യുമായി കൂടിക്കാഴ്ച നടത്തിയതോടെ കോൺഗ്രസിൽ ചേരുമെന്ന പ്രചാരണമുണ്ടായി. ജയൻ ഇപ്പോൾ പാർട്ടിയിലില്ലെന്ന് ബിനോയ് വിശ്വം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന നിലപാടിലാണ് ജയൻ. പ്രതിപക്ഷ നേതാവു നയിക്കുന്ന പുതുയുഗയാത്ര 25-ന് ജില്ലയിലെത്തുമ്പോൾ ‘വിസ്മയ’മുണ്ടാവുമെന്നാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന സൂചന.