
കോഴിക്കോട്: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബിജെപി അധ്യാത്മിക ചടങ്ങാക്കി മാറ്റിയെന്ന് മുതിര്‍ന്ന അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ രാഷ്ട്രപതിയോ പ്രതിപക്ഷ പാര്‍ട്ടികളോ പങ്കെടുത്തില്ല. ചടങ്ങില്‍ പ്രധാനമന്ത്രി പ്രധാന്യം നല്‍കിയത് പാര്‍ട്ടികള്‍ക്കല്ല, അദ്ദേഹത്തെ അനുഗമിച്ച നാല്‍പ്പതോളം വരുന്ന മതപുരോഹിതര്‍ക്കായിരുന്നെന്നും പ്രശാന്ത് ഭൂഷണ്‍ വിമര്‍ശിച്ചു. കോഴിക്കോട് നടന്ന എംപി വീരേന്ദ്രകുമാര്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകായിരുന്നു പ്രശാന്ത് ഭൂഷണ്‍.
ചരിത്രത്തിലെ തന്നെ ഏറ്റവും ആപത്കരമായ സമയത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ചര്‍ച്ചകള്‍ പോലുമില്ലാതെ ബില്ലുകള്‍ ഉള്‍പ്പടെ പാസ്സാക്കി പാര്‍ലമെന്റിന്റെ പ്രാധാന്യം പോലും ഇല്ലാതാക്കിയ അതേ പാര്‍ട്ടിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഒരു വലിയ മതചടങ്ങാക്കി മാറ്റിയത്. മതനിരപേക്ഷത എന്ന അടിസ്ഥാന മൂല്യത്തില്‍നിന്ന് മാറിയ കാഴ്ചയാണ് ഇന്നത്തേതെന്നും മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യം പോലും ഇല്ലാതാകുന്ന അവസ്ഥയാണ് രാജ്യത്തുളളതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. എല്ലാ മതവിഭാഗങ്ങള്‍ക്കും ഒരുപോലെ ജീവിക്കാന്‍ കഴിയുന്ന സ്ഥിതിയല്ല ഇന്നുള്ളത്. സെക്യുലറിസം എന്നത് ഇവിടെ പ്രാവര്‍ത്തികമാവുന്നില്ല, പണവും അധികാരവും ഉപയോഗിച്ച് ഒരു മതത്തെമാത്രം സംരക്ഷിക്കുകയാണ് ബിജെപി. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നതിന് വിപരീതമായാണ് ഇവിടെ കാര്യങ്ങള്‍ നടക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്ക് വോട്ടവകാശം പോലും നിഷേധിക്കുന്ന സ്ഥിതി രാജ്യത്തുണ്ട്. മണിപ്പൂരിലെ സംഭവങ്ങള്‍ ഇതുതന്നെയാണ് തെളിയിക്കുന്നത്. ഭരണകൂടം ആസൂത്രണം ചെയ്യുന്ന കൂട്ടക്കൊലകളാണ് രാജ്യത്ത് നടക്കുന്നത്. വ്യാജ ഏറ്റുമുട്ടലുകള്‍ ഉണ്ടാക്കി ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് ബിജെപി ഭരണകൂടം. പോലീസിനെ ഇതിന് ഉപയോഗിക്കുന്നു. ലവ് ജിഹാദിന്റേയും പശുസംരക്ഷണത്തിന്റേയും പേരില്‍ പോലും കലാപങ്ങളുണ്ടാവുന്നു. ഇവയെല്ലാം ലക്ഷ്യമിടുന്നത് മുസ്ലീം വിഭാഗങ്ങളെ ഇല്ലായ്മ ചെയ്യാനാണ്. ഉത്തര്‍പ്രദേശില്‍ മിക്കവാറും എല്ലാ ദിവസങ്ങളിലും ഇത്തരം കലാപങ്ങള്‍ ഉണ്ടാവുന്നുണ്ട്.
സര്‍വകലാശാലകളും പാഠ്യപദ്ധതികളും ശിഥിലീകരിക്കപ്പെടുന്ന സാഹചര്യവും രാജ്യത്തുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവും പീരിയോഡിക് ടേബിളും എല്ലാം പാഠ്യപദ്ധതിയില്‍ നിന്ന് ഇല്ലാതാവുകയാണ്. ചാണകം എങ്ങനെ റേഡിയേഷനില്‍ നിന്ന് സംരക്ഷിക്കുമെന്നതും ജ്യോതിഷവുമൊക്കെയാണ് പ്രോത്സാഹിപ്പിക്കുന്നത്. പ്രധാനമന്ത്രി തന്നെയാണ് ഇത്തരത്തിലുള്ള അബദ്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. പ്രധാനമന്ത്രി പറയുന്നത് പാടേവിഴുങ്ങുന്ന, ചോദ്യങ്ങള്‍ ചോദിക്കാന്‍ ശേഷിയില്ലാത്ത വിമര്‍ശന ബുദ്ധിയില്ലാത്ത കുട്ടികളെ വാര്‍ത്തെടുക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. നീതിന്യായ വ്യവസ്ഥയെ പോലും ഗവണ്‍മെന്റ് കീഴ്‌പ്പെടുത്തി. മാധ്യമങ്ങളെയും ചൊല്‍പ്പടിക്ക് നിര്‍ത്തി. കാബിനറ്റ് മുഴുവനും പ്രധാനമന്ത്രിയുടെ അടിമകളാണ്. നിലപാടുള്ള ജഡ്ജിമാരെ രാജ്യത്തിന് വേണ്ടെന്ന നിലപാടാണ് പ്രധാനമന്ത്രിയുടേതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
ചടങ്ങിൽ കോഴിക്കോട് മേയര്‍ ഡോ. ബീനാ ഫിലിപ്പും മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രനും പ്രശാന്ത് ഭൂഷണ് ഉപഹാരങ്ങൾ നല്‍കി.
Content Highlights: Prashant Bhushan, M P Virendra Kumar memorial talk
Published: 28 May 2023, 01:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented