ആലത്തൂർ: ഗായത്രിപ്പുഴ തരൂർ വാവുള്ള്യാപുരം കരിങ്കുളങ്ങര തടയണയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം പട്ടാമ്പി നിളാ ആശുപത്രിക്ക് പിന്നിൽ ഭാരതപ്പുഴയിലെ കടവിൽ കണ്ടെത്തി. കാവശ്ശേരി കഴനി കിഴക്കേപ്പാടം ശിവരാമന്റെയും ബിന്ദുവിന്റെയും മകൻ പ്രണവാണ് (21) മരിച്ചത്. ആലത്തൂർ ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ബികോം അവസാനവർഷ വിദ്യാർഥിയാണ്. കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ചൊവ്വാഴ്ച വൈകീട്ട് നാലിനാണ് ഒഴുക്കിൽപ്പെട്ടത്. സംഭവ സ്ഥലത്തുനിന്ന് അൻപത് കിലോമീറ്ററിലേറെ മൃതദേഹം ഒഴുകിപ്പോയി. വ്യാഴാഴ്ചരാവിലെ എട്ടുമണിയോടെയാണ് പാന്റ്‌സ് ധരിച്ച് കമിഴ്‌ന്നുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്.

To advertise here,

പ്രണവിനായി കരിങ്കുളങ്ങര-കുരുത്തിക്കോട് തടയണകളിൽ ദുരന്തനിവാരണ സേന, സ്കൂബാ ടീം എന്നിവ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കവേയാണ് പട്ടാമ്പിയിൽ മൃതദേഹം കണ്ടെത്തിയത്. പ്രണവിന്റെ അടുത്തബന്ധുവായ വിനോദും അപകടസമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും പട്ടാമ്പി താലൂക്കാശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

കരിങ്കുളങ്ങരയിൽ തിരച്ചിൽ നടത്തിയിരുന്നിടത്തുണ്ടായിരുന്ന ആലത്തൂർ തഹസിൽദാർ കെ. ശരവണൻ, തരൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ. രമണി എന്നിവർ ഇവരെ ഫോണിൽ ബന്ധപ്പെട്ട് സ്ഥിരീകരിച്ചതോടെ തിരച്ചിൽ അവസാനിപ്പിച്ചു.

പ്രണവിന്റെ മൃതദേഹം പോലീസ് പരിശോധനയ്ക്കുശേഷം വ്യാഴാഴ്ച രാത്രി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് കാവശ്ശേരി കഴനി കിഴക്കേപ്പാടത്തെ വീട്ടിലെത്തിക്കും.

തിരിച്ചറിഞ്ഞു, ആർമിക്കട്ട് ഹെയർ സ്റ്റൈൽ

പ്രണവിന്റെ മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത് മുടിവെട്ടിയ രീതിയാണ്. മൃതദേഹം വെള്ളത്തിൽക്കിടന്ന് വീർത്ത നിലയിലായിരുന്നു. ആർമിക്കട്ട് തലമുടിയും ധരിച്ചിരുന്ന പാന്റ്‌സും അടിവസ്ത്രവും ബന്ധുക്കളും കൂട്ടുകാരും പെട്ടെന്ന് തിരിച്ചറിഞ്ഞു. അപകടസമയത്ത് ഷർട്ട് ധരിച്ചിരുന്നില്ല. പുഴയോരത്തെ കെട്ടിൽ അഴിച്ചുവെച്ച ചെരിപ്പുകളും ടീ ഷർട്ടും അപകടവിവരം അറിഞ്ഞും തിരച്ചിലിനും എത്തിയവർക്ക് നൊമ്പരക്കാഴ്ചയായി.

സഹപാഠിയുടെ പിറന്നാളാഘോഷത്തിനുശേഷം എട്ടുപേരാണ് തടയണയിൽ കുളിക്കാനിറങ്ങിയത്. മഴ കനത്തതോടെ, തുറന്നുവെച്ച ഷട്ടറുകളുടെ ഭാഗത്ത് ചുഴിയും കുത്തൊഴുക്കും ഉണ്ടായിരുന്നു. ഷട്ടറിനിടയിൽപ്പെട്ട കൂട്ടുകാരനെ വലിച്ചുകയറ്റിയശേഷം പ്രണവ് ഒഴുക്കിൽപ്പെടുകയായിരുന്നു. ആലത്തൂർ, വടക്കഞ്ചേരി അഗ്നിരക്ഷാ സേനയെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ചയും വ്യാഴാഴ്ച ഉച്ചവരെയും തിരച്ചിൽ തുടർന്നു. പി.പി. സുമോദ് എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി.

പ്രണവ് ജനിച്ചുവളർന്ന നാടും പ്രദേശവുമാണ് അപകടമുണ്ടായ സ്ഥലം. തോണിപ്പാടം അരിക്കിൻചിറയിലാണ് അച്ഛന്റെ വീട്. അമ്മവീട് സമീപത്തെ നെല്ലിപ്പാടത്തും. രണ്ടുവർഷംമുൻപാണ് കഴനി കിഴക്കേപ്പാടത്ത് പുതിയ വീടുവെച്ച് മാറിയത്. ഇലക്‌ട്രീഷ്യനായ അച്ഛൻ ശിവരാമൻ ഗൾഫിലാണ്. അപകടവിവരമറിഞ്ഞ് ബുധനാഴ്ച നാട്ടിലെത്തി. അമ്മ ബിന്ദു അത്തിപ്പൊറ്റ കുണ്ടുപറമ്പ് അങ്കണവാടി അധ്യാപികയാണ്. സഹോദരി കാർത്തിക ഈ വർഷം പ്ലസ്ടു പൂർത്തിയാക്കി.

കുരുത്തിക്കോട് ദുരന്തത്തിന് സമാനം

11 മാസംമുൻപ് കൂട്ടുകാർക്കൊപ്പം തരൂർ കുരുത്തിക്കോട് ഗായത്രിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചതിന് സമാനമായി പ്രണവിന്റെ ദുരന്തം. ചിറ്റൂർ കുറ്റിപ്പള്ളം നറണിയിൽ ശശിയുടെയും പ്രീജയുടെയും മകൻ സിപിൽ ശശി (17) ഒഴുക്കിൽപ്പെട്ടത് 2024 ജൂലായ് 20-നാണ്. പിറ്റേന്ന് മൃതദേഹം കണ്ടെത്തി.

പത്താം ക്ലാസിനുശേഷം തരൂർ ചേലക്കാട്ട്കുന്നിലെ അമ്മവീട്ടിൽ താമസിച്ച് ആലത്തൂരിൽ ഐടിസി പഠനം നടത്തുകയായിരുന്നു സിപിൽ. മൂന്ന് സുഹൃത്തുക്കൾക്കൊപ്പം പുഴയിലെ തമ്പുരാൻകെട്ടിയകടവിൽ ഇറങ്ങിയപ്പോഴാണ് ഒഴുകിപ്പോയത്. കരിങ്കുളങ്ങര തടയണയുടെ അഞ്ച് കിലോമീറ്റർ താഴെയാണ് കുരുത്തിക്കോട് തടയണ.