കണ്ണൂര്‍: മനഃസാക്ഷിയുള്ള ആര്‍ക്കും കേട്ടിരിക്കാന്‍ കഴിയുന്നതായിരുന്നില്ല കഴിഞ്ഞ ഒക്ടോബര്‍ 14 -ന് എ.ഡി.എം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ പി.പി ദിവ്യയെന്ന സി.പി.എം നേതാവ് ക്ഷണിക്കാതെയെത്തി നടത്തിയ ആരോപണങ്ങൾ. വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിയായിരിക്കെ ഇതുവരെ കേള്‍ക്കാത്തെ ആരോപണങ്ങള്‍ വളരെ ആധികാരികമായി, ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്ന ഒരാള്‍ തന്റെ സഹപ്രവര്‍ത്തരുടെ മുന്നില്‍ വെച്ച് ഉന്നയിച്ചപ്പോള്‍ അത് ആ ഉദ്യോഗസ്ഥനെ അപ്പാടെ തകര്‍ത്തുകളയുകയായിരുന്നു. തുടർ സംഭവങ്ങൾ അദ്ദേഹത്തിന്റെ ആത്മഹത്യയിൽ കലാശിച്ചതോടെ കാര്യങ്ങള്‍ കൈവിട്ട് പോവുകയും ചെയ്തു.
അക്ഷരാര്‍ഥത്തില്‍ കണ്ണൂരിലെ പാര്‍ട്ടി നേതൃത്വത്തിനപ്പുറം ആരുടേയും പിന്തുണ ദിവ്യയ്ക്ക് ലഭിച്ചില്ല. നവീൻ ബാബുവിന്റെ നാടായ പത്തനംതിട്ടയിലെ പാർട്ടി ജില്ലാ സെക്രട്ടറി ഉദയഭാനു തന്നെ ദിവ്യയെ തള്ളി ആദ്യം രംഗത്തുവന്നതോടെ സി.പി.എം ശരിക്കും വെട്ടിലായി എന്നതാണ് യാഥാർഥ്യം. സി.പി.ഐ അടക്കമുള്ള സഖ്യകക്ഷികളും ഉദ്യോഗസ്ഥ സംഘടനാ നേതൃത്വവും ദിവ്യയ്‌ക്കെതിരേ ഒറ്റക്കെട്ടായി അണിനിരന്നു. ഇതോടെ സി.പി.എമ്മിന് ദിവ്യയെ തള്ളാനും കൊള്ളാനും പറ്റാതെയായി.
കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനവും എ.ഡി.എമ്മിന്റെ ആത്മഹത്യയും ഒരേദിവസം സംഭവിച്ചതോടെ പി.പി ദിവ്യ പ്രധാന തിരഞ്ഞെടുപ്പ് ചര്‍ച്ചയായും മാറി. ദിവ്യയെ ഒരുതരത്തിലും സംരക്ഷിക്കില്ലെന്ന നിലപാടെടുത്ത് വിവാദത്തെ തണുപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം പരമാവധി ശ്രമം നടത്തിയെങ്കിലും ഓരോ ദിവസം കഴിയുന്തോറും വിവാദത്തിന്റെ വീര്യം കൂടുകയായിരുന്നു. ദിവ്യ നിരത്തിയ ന്യായീകരണങ്ങളോരോന്നും പൊളിഞ്ഞുവീണു. ഇതോടെ അവരെ സംരക്ഷിച്ചുനിര്‍ത്തുന്നത് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന വിമര്‍ശനവും പാര്‍ട്ടിക്കുള്ളില്‍ നിന്നുയര്‍ന്നു. അങ്ങനെയായിരുന്നു കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാഥാനത്തുനീന്ന് നീക്കി താല്‍ക്കാലികമായി തടിയൂരാന്‍ സി.പി.എം ശ്രമിച്ചത്. ദിവ്യ ഒളിവില്‍ പോവുകയും ചെയ്തു.
ദിവ്യ പാര്‍ട്ടി സംരക്ഷണത്തിലാണ് ഒളിവില്‍ കഴിയുന്നതെന്നും പോലീസുമായുള്ള ഒത്തുകളിമൂലമാണ് അറസ്റ്റ് ഉണ്ടാകാത്തതെന്നുമുള്ള ആരോപണമുയര്‍ന്നെങ്കിലും മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ കോടതിവിധി വരെ കാക്കുകയായിരുന്നു പോലീസും സി.പി.എമ്മും. അറസ്റ്റ് ചെയ്യാത്തതിനെതിരേ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ തന്നെ രംഗത്തുവരികയും ചെയ്തു. ഇതിനിടെ തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലായിടക്കും വിവാദം പ്രധാന ചര്‍ച്ചയാവുകയും ചെയ്തിരുന്നു. പ്രചാരണത്തെ നേരിടാന്‍ പാര്‍ട്ടി നേതാക്കള്‍ ഒന്നടങ്കം ഇറങ്ങിയെങ്കിലും ഇതൊന്നും ഉദ്ദേശിച്ച രീതിയില്‍ മുന്നേറിയുമില്ല. ഇതോടെയാണ് ഇവരെ ഇനിയും സംരക്ഷിച്ചാല്‍ സ്ത്രീവോട്ടര്‍മാരിലടക്കം മോശം സ്വാധീനമുണ്ടാക്കുമെന്ന തിരിച്ചറിവ് പാര്‍ട്ടി നേതൃത്വത്തിന് ലഭിച്ചത്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹർജി തള്ളിയതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ അവര്‍ കീഴടങ്ങിയത് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം കൂടിയാണെന്ന് വ്യക്തം.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയത്തിന് ശേഷം തിരുത്തല്‍ നടപടികളുമായി മുന്നോട്ട് പോവാനായിരുന്നു പാര്‍ട്ടി തീരുമാനം. മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരേ ശക്തമായ വിമര്‍ശനവും ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരേയുള്ള ജനവിധിയെന്നാണ് ഇതിനെ പ്രതിപക്ഷമടക്കം വിലയിരുത്തിയത്. താഴേത്തട്ടിലുള്ള നേതാക്കളും ഇതേ പാത തുടരുകയാണെന്നും സി.പി.എമ്മിന്റെ അധികാര ധാര്‍ഷ്ട്യത്തിന്റെ ഇരയാണ് നവീന്‍ബാബുവെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതിന് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ വലിയ പ്രാധാന്യവും ലഭിച്ചു. ചേലക്കരയ്‌ക്കൊപ്പം സരിന്റെ വരവരോടെ പാലക്കാടും പ്രതീക്ഷ വെക്കുന്ന സി.പി.എമ്മിന് വലിയ തിരിച്ചടിയാണ് ഈ വിമര്‍ശനങ്ങള്‍ നല്‍കിക്കൊണ്ടിരുന്നത്. ഇത് വോട്ടര്‍മാരെ സ്വാധീനിക്കാമെന്ന ഭയവുമുണ്ടായി. ഇതോടെയാണ് ദിവ്യയുടെ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ നിര്‍ബന്ധമായും കീഴടങ്ങുക എന്ന നിലപാടിലേക്ക് എത്തിച്ചേർന്നത്.
കീഴടങ്ങലാണോ അറസ്റ്റാണോ എന്ന് ഉറപ്പിച്ച് പറയാന്‍ ജില്ലാ പോലീസ് മേധാവിക്ക് പോലും കഴിയുന്നില്ല എന്നതാണ് ഇപ്പോഴത്തെ സാഹചര്യം. രഹസ്യമായി കീഴടങ്ങാന്‍ അനുവദിച്ച് അറസ്‌റ്റെന്ന ലേബലില്‍ നടപടിയുമായി മുന്നോട്ടുപോവാനായിരുന്നു പോലീസ് തീരുമാനം. പക്ഷേ, അപ്പോഴേക്കും ചാനലുകള്‍ കീഴടങ്ങിയെന്ന വാര്‍ത്ത പുറത്തുവിട്ടതോടെ പോലീസ് പ്രതിസന്ധിയിലുമായി. എവിടെവെച്ചാണ് അറസ്റ്റെന്ന് പോലും പറയാന്‍ തയ്യാറാവാത്ത കമ്മീഷണറുടെ പ്രതികരണവും ഈ സാഹചര്യത്തിലാണ് ഉണ്ടായത്.
Content Highlights: pp divya surrendered before police
Published: 29 Oct 2024, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented