തിരുവനന്തപുരം: “പോറ്റിയേ കേറ്റിയേ“ പാരഡി ഗാനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നു. വിഷയത്തിൽ മറ്റൊരു പരാതിയുമായി കോൺഗ്രസും രംഗത്തെത്തി. പോറ്റിയെയും കോൺഗ്രസിനെയും ബന്ധിപ്പിച്ച് ഇടതുപക്ഷ പ്രൊഫൈലുകളിൽ പ്രചരിക്കുന്ന പാരഡി ഗാനത്തിനെതിരേയാണ് പരാതി. കോൺഗ്രസ് നേതാവായ ജെ.എസ്. അഖിൽ മുഖ്യമന്ത്രിക്കാണ് പരാതി നൽകിയിരിക്കുന്നത്.

To advertise here,

നിലവിൽ കേസെടുത്ത “പോറ്റിയേ കേറ്റിയേ” എന്ന ഗാനത്തിലെ വരികൾ ആവർത്തിച്ചാണ് ഇടതുപക്ഷ പ്രൊഫൈലുകളിൽ കോൺഗ്രസിനെതിരായി പാരഡി പ്രചരിക്കുന്നത്. പാരഡി ഗാനത്തിലെ “സ്വർണ്ണം കട്ടത് ആരപ്പാ..” തുടങ്ങിയ വരികൾ ഈ ഗാനത്തിലും ആവർത്തിക്കുന്നുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരടക്കം പരാമർശിച്ചാണ് പാട്ട് പ്രചരിക്കുന്നത്. ഇടത് പ്രൊഫൈലുകളിൽ വൻ പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണ് പരാതിയുമായി കോൺഗ്രസ് രംഗത്തെത്തിയത്.

നേരത്തെ പ്രചരിച്ച പാട്ടിൽ കേസെടുത്തെങ്കിൽ പുതുതായി പ്രചരിപ്പിക്കുന്ന പാട്ടുകൾക്കെതിരേയും കേസെടുക്കണമെന്നാണ് കോൺഗ്രസ് നേതാവായ ജെ.എസ്. അഖിലിന്റെ പരാതി. ആദ്യ കേസിൽ ആവിഷ്കാര സ്വാതന്ത്ര്യം എന്ന പരിഗണന നൽകിയിട്ടില്ലെങ്കിൽ ഈ പരാതിയിലും അതേ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അഖിൽ പരാതിയിൽ പറയുന്നു. പാരഡി പ്രചരിക്കുന്ന പ്രൊഫൈലുകളുടെ ലിങ്കുകൾ ഉൾപ്പെടെ നൽകിയാണ് പരാതി കൊടുത്തിരിക്കുന്നത്.

നേരത്തേ പാരഡി ഗാനത്തിനെതിരേ തിരുവനന്തപുരം സൈബർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ഗാനരചയിതാവ് കുഞ്ഞുപിള്ള (ജി.പി. കുഞ്ഞബ്ദുള്ള എന്നാണ് പേരെങ്കിലും കുഞ്ഞുപിള്ളയെന്നാണ് എഫ്ഐ ആറിൽ ചേർത്തിരിക്കുന്നത്), ഗായകൻ ഡാനിഷ്, പാട്ട് ചിത്രീകരിച്ച സിഎംഎസ് മീഡിയ, നിർമാതാവ് സുബൈർ പന്തല്ലൂർ എന്നിവരാണ് പ്രതികൾ. ഇവരെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. വിദേശത്തുള്ള ഗാനരചയിതാവ് ജോലിചെയ്യുന്ന കമ്പനിക്ക് ഇതുസംബന്ധിച്ച് പോലീസ് കത്ത് നൽകിയേക്കുമെന്നും സൂചനയുണ്ട്.