തിരുവനന്തപുരം: ബിജെപി നേതാവ് വി.വി. രാജേഷിനെതിരെ വ്യാപകമായ പോസ്റ്റർ പ്രചാരണം. രാജേഷിന്റെ വീടിനുമുന്നിലും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ സമീപത്തെ ചുവരുകളിലും പോസ്റ്ററുകൾ ഒട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായിരുന്ന ഇപ്പോഴത്തെ പാർട്ടി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ തോൽവിക്ക് കാരണക്കാരൻ വി.വി. രാജേഷാണെന്നാണ് പോസ്റ്ററിൽ പറയുന്നത്. ബിജെപി പ്രതികരണവേദി എന്ന പേരിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്.

To advertise here,

തിരഞ്ഞെടുപ്പിൽ സാമ്പത്തിക തട്ടിപ്പുനടത്തിയ വി.വി. രാജേഷിനെതിരെ പാർട്ടി നടപടിയെടുക്കണമെന്ന ആവശ്യമാണ് പോസ്റ്ററുകളിൽ ഉന്നയിക്കുന്നത്. രാജേഷ്  അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും ഇഡി റബ്ബർ സ്റ്റാമ്പല്ലെങ്കിൽ ഇവ കണ്ടുകെട്ടണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നുണ്ട്. തിരുവനന്തപുരം പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിൽനിന്ന് പണംപറ്റി ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത് രാജേഷാണ്. രാജേഷിനെ പാർട്ടിയിൽനിന്ന് പുറത്താക്കണം. വി.വി. രാജേഷിന്റെ 15 വർഷത്തിനുള്ളിലെ സാമ്പത്തിക വളർച്ചയെക്കുറിച്ച് പാർട്ടി വിശദമായ അന്വേഷണം നടത്തണമെന്നും പോസ്റ്ററിലുണ്ട്.

placeholder
വി.വി. രാജേഷിനെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ | ഫോട്ടോ: പ്രവീൺ എം. ദാസ് \ മാതൃഭൂമി

അതേസമയം പോസ്റ്ററുകളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് വി.വി. രാജേഷ് പ്രതികരിച്ചത്. സംഭവത്തിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുകയാണ് അദ്ദേഹം. 

പോസ്റ്ററുകളിൽ പറഞ്ഞതിലൊന്നും യാതൊരു കഴമ്പുമില്ലെന്ന് അദ്ദേഹം പരാതിയിൽ വ്യക്തമാക്കി. ബിജെപി പ്രതികരണവേദി എന്ന പേരിൽ ഇം​ഗ്ലീഷിലും മലയാളത്തിലും വന്നിരിക്കുന്ന പോസ്റ്ററുകൾ കഴി‍ഞ്ഞ മൂന്നുപതിറ്റാണ്ടിനിടെ പൊതുപ്രവർത്തകനെന്ന നിലയിൽ തന്റെ പ്രതിച്ഛായയ്ക്കും പ്രശസ്തിക്കും കളങ്കമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. കുറ്റക്കാർക്കെതിരെ എത്രയുംപെട്ടന്ന് നടപടിയെടുക്കണമെന്നും ബിജെപി തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്റുകൂടിയായ വി.വി. രാജേഷ് ആവശ്യപ്പെട്ടു.