തിരുവനന്തപുരം: പൂക്കാട് വെറ്ററിനറി സര്‍വകലശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണം തടയുന്നതില്‍ സര്‍വകലാശലായ്ക്ക് വീഴ്ചപറ്റിയെന്ന് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട്. വി.സിയും ഡീനും സമയബന്ധിതമായി നടപടിയെടുത്തില്ലെന്ന് ജസ്റ്റിസ് ഹരിപ്രസാദ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. ഹോസ്റ്റലില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ ഭരണവും അരാജകത്വവുമാണ്. എന്നാല്‍, വിദ്യാര്‍ഥി രാഷ്ട്രീയമാണ് റാഗിങ്ങിന് കാരണമെന്ന് കണ്ടെത്താനാകില്ലെന്നാണ് റിപ്പോര്‍ട്ട്. കുടുംബത്തിന്റെ സംശയങ്ങള്‍ ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണിതെന്ന് സിദ്ധാര്‍ഥന്റെ അച്ഛന്‍ പ്രതികരിച്ചു. 

To advertise here,

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥൻ സീനിയര്‍ വിദ്യാര്‍ഥികളുടെ ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത സംഭവത്തിലെ സര്‍വകലാശാലയുടെ വീഴ്ചയാണ് ജസ്റ്റിസ് ഹരിപ്രസാദ് അന്വേഷിച്ചത്. ഗവര്‍ണറുടെ നിര്‍ദേശപ്രകാരമായിരുന്നു അന്വേഷണം. രാവിലെ രാജ്ഭവനിലെത്തി ജസ്റ്റിസ് ഹരിപ്രസാദ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സിദ്ധാര്‍ഥന്റെ മരണത്തിലേക്ക് നയിച്ചത് സര്‍വകലാശാല അധികാരികളുടെ വീഴ്ചയെന്ന് തന്നെയാണ് റിപ്പോര്‍ട്ടിന്റെ അന്തസത്ത. 

വി.സിയായിരുന്ന എം.ആര്‍. ശശീന്ദ്രനാഥിന് ക്യാംപസില്‍ അച്ചടക്കം നിലനിര്‍ത്താനായില്ല. സംഭവം നടന്നപ്പോള്‍ സമയബന്ധിതമായി നടപടി എടുത്തില്ലെന്ന് റിപ്പോര്‍ട്ടില്‍ ഉണ്ട്. അധികാരം പ്രയോഗിക്കുന്നതില്‍ പരാജയപ്പെട്ടു. ഡീനും അസിസ്റ്റന്റ് വാര്‍ഡനും ചുമതലകള്‍ നിര്‍വഹിച്ചില്ല. പൂക്കോട് ക്യാംപസിലും ഹോസ്റ്റലിലും സീനിയര്‍ വിദ്യാര്‍ഥികളുടെ അരാജകത്വമാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. 

അധ്യാപകര്‍ അധികവും മണ്ണുത്തി ക്യാംപസിലാണ് ഉള്ളതെന്നതിനാലാണ് ഈ അരാജകത്വം നടക്കുന്നത്. കോളേജ് ഹോസ്റ്റല്‍ ഭരിച്ചിരുന്നത് സീനിയര്‍ വിദ്യാര്‍ഥികളാണ്. സിദ്ധാര്‍ഥന്റെ മരണത്തിലേക്ക് നയിച്ചത് രാഷ്ട്രീയ കാരണങ്ങളാണെന്നതിന് തെളിവില്ലെന്നും വിലയിരുത്തലുണ്ട്. സിദ്ധാര്‍ഥനെ മര്‍ദ്ദിക്കുന്ന വിവരം അസി. വാര്‍ഡനെ വിദ്യാര്‍ഥികള്‍ അറിയിച്ചിരുന്നു. എന്നിട്ടും അന്വേഷണം നടത്തിയില്ല, ആശുപത്രിയില്‍ കൊണ്ടുപോയില്ല.

സിദ്ധാര്‍ഥനെ മരിച്ചനിലയില്‍ കണ്ടെത്തിയ വാര്‍ഡന്‍ പോലീസ് എത്താന്‍ കാത്തുനിന്നില്ല. തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സിദ്ധാര്‍ഥനെ കയര്‍ അറുത്തുമാറ്റി നിലത്തിറക്കി. ശരീരം നീലനിറത്തില്‍ തണുത്തുറഞ്ഞിരുന്നിട്ടും വാര്‍ഡന്‍ പോലീസിനെ വിളിച്ചില്ലെന്നാണ് റിപ്പോര്‍ട്ടിലെ വിമര്‍ശനം.

അതേസമയം, കുടുംബത്തിന്റെ ആരോപണം സത്യമെന്ന് തെളിഞ്ഞതായി സിദ്ധാര്‍ഥന്റെ അച്ഛന്‍ പ്രതികരിച്ചു. വളരെ സത്യസന്ധമായ റിപ്പോര്‍ട്ട് ആണ് പുറത്തുവന്നതെന്ന് അദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെ ആരോപണങ്ങള്‍ റിപ്പോര്‍ട്ട് ശരിവയ്ക്കുന്നു. വിസിയുടെയും ഡീനിന്റെയും പങ്ക് പുറത്തുവന്നു. സിദ്ധാര്‍ഥന് ഹോസ്റ്റലില്‍വെച്ച് മര്‍ദ്ദനമേറ്റതിനേക്കുറിച്ച് വാര്‍ഡന്റെ ചുമതലയുള്ള ഡീനിനും സഹവാര്‍ഡന്‍റെ ചുമതലയുള്ള അസിസ്റ്റന്റിനും ഒന്നുമറിയില്ലെന്ന് പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.