പെരിഞ്ഞനം: ആസൂത്രണമില്ലായ്മയും ദീര്‍ഘവീക്ഷണക്കുറവും ഒരു കുളത്തെ മരണക്കെണിയിലാക്കിയ സംഭവമാണിത്. 66-ാം നമ്പര്‍ ദേശീയപാത ആറുവരിയാക്കാന്‍ സര്‍വേ നടത്തി ഏറ്റെടുത്ത ഭൂമിയില്‍ ഉള്‍പ്പെട്ട പെരിഞ്ഞനത്തെ കൊറ്റംകുളമാണ് ശ്വാസമിടിപ്പ് നിലച്ച നിലയിലുള്ളത്. നാടിനെ ജലസമൃദ്ധമാക്കിയിരുന്ന 80 സെന്റിലുള്ള കൊറ്റംകുളം ഇന്നു കാണാനില്ല.

To advertise here,

കുളമുണ്ടായിരുന്ന സ്ഥലത്തിന് നടുവിലൂടെ കൂറ്റന്‍ തൂണുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന ആറുവരിപ്പാതയുടെ ഭാഗമുണ്ട്. കരിങ്കല്ലു കൊണ്ട് പടവുകള്‍ കെട്ടിയിരുന്നതായിരുന്നു കുളം. പാതയുടെ നിര്‍മാണത്തിനായി താത്കാലികമായാണ് നികത്തിയതെന്നും മണ്ണുമാറ്റി കുളത്തെ വീണ്ടെടുക്കുമെന്നും ദേശീയപാതാ അതോറിറ്റി നാട്ടുകാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഉറപ്പുപാലിച്ച് മണ്ണ് നീക്കിയാലും കൊറ്റംകുളം പഴയ പ്രൗഢി നേടില്ലെന്ന കാര്യം ഉറപ്പ്. ആറു കൂറ്റന്‍ പില്ലറുകളാണ് കുളത്തില്‍ നിര്‍മിച്ചിരിക്കുന്നത്. ഇത് കുളത്തിന്റെ 30 ശതമാനത്തോളം സ്ഥലം ഇല്ലാതാക്കും.

കുളത്തിന് മുകളിലുള്ള ആറുവരിപ്പാതയുടെ വീതി സൂര്യപ്രകാശം കുളത്തില്‍ പതിക്കുന്നത് ഭാഗികമായി തടയും. അത് വെള്ളത്തിന്റെ ഗുണം കുറയ്ക്കും. കുളം നികത്തിയിട്ട് ഒരു വര്‍ഷത്തിലേറെയായി. ഇതു കാരണം സ്വാഭാവിക ജലസ്രോതസ്സ് നിലയ്ക്കും.

ആദ്യം മുതല്‍ പാളിച്ച

കുളമുണ്ടായിരുന്ന സ്ഥലത്തിന് നടുവിലൂടെ പാത വിഭാവനം ചെയ്തത് മുതല്‍ തുടങ്ങിയതാണ് പാളിച്ചകള്‍. പെരിഞ്ഞനം പഞ്ചായത്തിന്റെ ആസ്തി രേഖകളില്‍പ്പെടാതെപോയ 80 സെന്റിലുള്ള കൊറ്റംകുളത്തിന്റെ 70 സെന്റാണ് ദേശീയപാതാ അതോറിറ്റി ഏറ്റെടുത്തിട്ടുള്ളത്. രേഖകളിലില്ലാത്ത കുളം മൂടാനായിരുന്നു ശ്രമം. നാട്ടുകാരും പ്രകൃതിസ്‌നേഹികളും എതിര്‍ത്തതോടെ പണിയുടെ ഗതിമാറി.

കുളം ഒഴിവാക്കി പാത നിര്‍മിക്കാനാകാത്ത വിധം നിര്‍മാണം അപ്പോഴേക്കും പുരോഗമിച്ചിരുന്നു. അതിനാല്‍ നിലവിലെ അലൈന്‍മെന്റില്‍ മാറ്റം വരുത്താന്‍ സാധിക്കുമായിരുന്നില്ല. കൊറ്റംകുളം ഇവിടെ നൂറ്റാണ്ടുകളായി നിലനിന്നതിനാല്‍ ഈ സ്ഥലവും കുളത്തിന്റെ പേരില്‍ അറിയപ്പെട്ടു. മൂന്നുപീടിക ബൈപാസ് വന്ന് ചേരുന്നത് പെരിഞ്ഞനം പഞ്ചായത്തിലെ ഈ കൊറ്റംകുളത്തേക്കാണ്.

ശാസ്ത്രസാഹിത്യ പരിഷത്തും നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്ത് വന്നതോടെയാണ് ഇ.ടി. ടൈസണ്‍ എംഎല്‍എയുടെ ഇടപെടലില്‍ കുളത്തിനു മുകളിലൂടെ പാലം നിര്‍മിച്ച് സംരക്ഷിക്കുമെന്ന് ദേശീയപാതാ അധികൃതര്‍ ഉറപ്പ് നല്‍കിയത്.

മഴപെയ്തപ്പോള്‍ കുളം നികത്തിയതു മൂലം പരിസരപ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. മേയ് 30-നുള്ളില്‍ കൊറ്റംകുളം പൂര്‍വസ്ഥിതിയിലാക്കുമെന്ന് ഇ.ടി. ടൈസണ്‍ എംഎല്‍എ, പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹന്‍ദാസ് എന്നിവരോടൊപ്പം സ്ഥലം സന്ദര്‍ശിച്ച ദേശീയപാത ഉദ്യോഗസ്ഥര്‍ ഉറപ്പ് പറഞ്ഞിരുന്നു. നാലുമാസം കഴിഞ്ഞിട്ടും നടപടിയായിട്ടില്ല.