കൊച്ചി: ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ സംസ്‌കാര ചടങ്ങില്‍ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കേസ്. ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് അടക്കം 1000 പേര്‍ക്കെതിരേയാണ് കേസെടുത്തത്. 

To advertise here,

നിയമവിരുദ്ധമായി ചടങ്ങ് സംഘടിപ്പിച്ചു, ഗതാഗതം തടസ്സപ്പെടുത്തി തുടങ്ങിയ കാരണങ്ങളാണ് കേസിനാസ്പദമായ കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. 

സി.പി.എം. പ്രവര്‍ത്തകരുടെ ആക്രമണത്തെ തുടര്‍ന്ന് മരണപ്പെട്ട ട്വന്റി-20 പ്രവര്‍ത്തകന്‍ സി.കെ. ദീപുവിന് ആദരാജ്ഞലി അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് ശനിയാഴ്ച ദീപുവിന്റെ വീട്ടുപരിസരത്തെത്തിയത്. 

കഴിഞ്ഞ 12-നാണ് സി.പി.എമ്മിന്റെ നാലു പ്രവര്‍ത്തകര്‍ ദീപുവിനെ ആക്രമിച്ചത്. ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദീപു വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്.

അതേസമയം തലയോട്ടിയിലേറ്റ ഗുരുതരമായ ക്ഷതമാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയോട്ടിയില്‍ രണ്ടിടങ്ങളില്‍ വലിയ ക്ഷതം ഏറ്റിരുന്നതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം. ക്ഷതമേറ്റതിനെത്തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നു. അതേസമയം, ദീപുവിന് കരള്‍ രോഗമുള്ളതായും റിപ്പോര്‍ട്ടിലുണ്ട്. മര്‍ദനമേറ്റ് രക്തധമനി പൊട്ടിയാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചത്. കരള്‍രോഗം മരണകാരണമായെന്ന് പൂര്‍ണമായി പറയുന്നില്ലെങ്കിലും അതു ആരോഗ്യസ്ഥിതി ഗുരുതരമാക്കിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.