തിരുവനന്തപുരം: പോലീസ് നിയമഭേദഗതി ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്ന ആവശ്യവുമായി ഗവര്‍ണ്ണറെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.  ഇപ്പോള്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 

ഇന്നോ നാളെയോ തന്നെ ഗവര്‍ണ്ണര്‍ക്ക് ഫയല്‍ അയക്കും. സര്‍ക്കാരിനു മുന്നില്‍ മൂന്ന് പോംവഴിയാണുള്ളത്. ഒന്ന് നിയമസഭ ചേരുന്ന ദിവസം മുതലുള്ള 42 ദിവസമാണ് ഓര്‍ഡിനന്‍സിന്റെ കാലാവധി. അതിനുള്ളില്‍ ബില്‍ കൊണ്ട് വന്ന് നിയമം പാസ്സാക്കിയില്ലെങ്കില്‍ സ്വാഭാവികമായും ഓര്‍ഡിനന്‍സ് റദ്ദാകും.

നിയമസഭയില്‍ ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നു എന്ന പ്രമേയം പാസ്സാക്കുകയാണ് രണ്ടാമത്തെ പോംവഴി. സഭാ സമ്മേളനം ചേരാത്തതിനാലും ജനുവരി ഫെബ്രുവരി മാസങ്ങളിലാവും അടുത്ത സമ്മേളനമെന്നതിനാലും ഈ രണ്ട് മാര്‍ഗ്ഗങ്ങളും സര്‍ക്കാരിന് അവലംബിക്കാനാവില്ല. 

അവശേഷിക്കുന്ന ഏകമാര്‍ഗ്ഗം ഗവര്‍ണ്ണറെ സമീപിച്ച് ഓര്‍ഡിനന്‍സ് റദ്ദാക്കാനുള്ള ഉത്തരവില്‍ ഒപ്പുവെച്ചു വാങ്ങുക എന്നതാണ്. ഈ മാര്‍ഗ്ഗം സ്വീകരിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. ഗവര്‍ണ്ണര്‍ക്ക് ഇതുമായി ബന്ധപ്പെട്ട ഫയല്‍ ഉടൻ അയക്കും. 

content highlights: Police act amendment, Government to approach Governer for the cancellation of Ordinance