കൊച്ചി: കൊച്ചിയിൽ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. ചടങ്ങിൽ ധീവരസഭയുടെ പരമ്പരാഗത ഉപഹാരമായ മത്സ്യാവതാരത്തിന്റെ ശില്പം അദ്ദേഹം സ്വീകരിച്ചു.

To advertise here,

താൻ ഇവിടേക്ക് എത്തിയത് അനുഗ്രഹം നൽകാനല്ലെന്നും മറിച്ച് എല്ലാവരുടെയും അനുഗ്രഹം തേടാനാണെന്നും ചടങ്ങിൽ അദ്ദേഹം പറഞ്ഞു. തീരദേശ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കേന്ദ്രസർക്കാർ എപ്പോഴും കൂടെയുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകി. പ്രളയകാലത്ത് കേരളം കാണിച്ച ഒത്തൊരുമ രാജ്യം കണ്ടതാണെന്നും അത് ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തെ കേരളം ആക്കിയതും മത്സ്യത്തൊഴിലാളികൾക്കായി പദ്ധതികൾ നടപ്പിലാക്കിയതും എൻഡിഎ സർക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. ധീവരസഭയുടെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. 

ഇതിനുശേഷം ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന് സമീപം നടക്കുന്ന ചടങ്ങിൽ 5500 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും അദ്ദേഹം നിർവഹിക്കും. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് കൊച്ചി റിഫൈനറിയിലെ പോളിപ്രോപിലീൻ യൂണിറ്റ്, കൊല്ലം വെസ്റ്റ് കല്ലടയിലെ 50 മെഗാവാട്ട് ഫ്ലോട്ടിങ് സോളാർ പദ്ധതി എന്നിവ ഇതിൽപ്പെട്ടവയാണ്. ദേശീയപാത 66-ലെ തലപ്പാടി-ചെങ്ങള ആറുവരിപ്പാത, 2140 കോടി രൂപ ചെലവിൽ നവീകരിച്ച കോഴിക്കോട്, കാസർകോട് ബൈപ്പാസ്, പ്രധാനമന്ത്രി ഗ്രാമസഡക് യോജന പ്രകാരമുള്ള 23 റോഡുകൾ എന്നിവയും അദ്ദേഹം നാടിന് സമർപ്പിക്കും.

റെയിൽവേ മേഖലയിൽ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കുറ്റിപ്പുറം, ചങ്ങനാശ്ശേരി സ്റ്റേഷനുകൾ, ഷൊർണൂർ-നിലമ്പൂർ റെയിൽവേ ലൈൻ വൈദ്യുതീകരണ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. കൂടാതെ പാലക്കാട്-പൊള്ളാച്ചി റൂട്ടിലെ പുതിയ ട്രെയിൻ സർവീസും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും. പരിപാടികൾക്ക് ശേഷം അരലക്ഷത്തിലധികം പ്രവർത്തകർ പങ്കെടുക്കുന്ന റോഡ്ഷോയിലും അദ്ദേഹം പങ്കെടുക്കും. കൊച്ചിയിലെ സന്ദർശനം പൂർത്തിയാക്കി വൈകുന്നേരം മൂന്നരയോടെ പ്രധാനമന്ത്രി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് മടങ്ങും.