കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് | ഫയൽചിത്രം | ഫോട്ടോ: എ.കെ.ബിജുരാജ്/മാതൃഭൂമി
കോഴിക്കോട്: എം.ബി.ബി.എസ്. പ്രവേശന പരീക്ഷാ യോഗ്യത പോലുമില്ലാത്ത പ്ലസ് ടു വിദ്യാര്‍ഥിനി കോഴിക്കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ നാലുദിവസം അധികൃതരറിയാതെ ക്ലാസിലിരുന്നു. മലപ്പുറം സ്വദേശിനിയായ വിദ്യാര്‍ഥിനി അഞ്ചാംദിവസം ക്ലാസില്‍ ഹാജരാകാതെ വന്നപ്പോഴാണ് ഇത് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്.
മെഡിക്കല്‍ കോളേജില്‍ നവംബര്‍ 29-ന് ഒന്നാംവര്‍ഷ വിദ്യാര്‍ഥികളുടെ ക്ലാസ് ആരംഭിച്ചു. മൊത്തം 245 പേര്‍ക്കാണ് ഇവിടെ പ്രവേശനം ലഭിച്ചത്. ഇതിനുപുറമെയാണ് പ്ലസ് ടു വിദ്യാര്‍ഥിനി കടന്നുകൂടിയത്. എന്നാല്‍, നാലുദിവസം കഴിഞ്ഞപ്പോള്‍ വിദ്യാര്‍ഥികളുടെ ഹാജര്‍പട്ടികയും പ്രവേശന രജിസ്റ്ററും തമ്മില്‍ താരതമ്യം ചെയ്തപ്പോഴാണ് കണക്കില്‍പ്പെടാതെ ഒരു വിദ്യാര്‍ഥി അധികമുള്ളതായി കണ്ടെത്തുന്നത്. ഈ കുട്ടിയുടെ പേര് ഹാജര്‍ പട്ടികയിലുണ്ട്. എന്നാല്‍, പ്രവേശന രജിസ്റ്ററില്‍ ഇല്ല. പ്രവേശനയോഗ്യതയില്ലാത്ത കുട്ടിയുടെ പേര് എങ്ങനെ ഹാജര്‍പട്ടികയില്‍ വന്നെന്ന കാര്യം ദുരൂഹമാണ്.
നവംബര്‍ 29, 30, ഡിസംബര്‍ ഒന്ന്, രണ്ട് ദിവസങ്ങളിലാണ് ഈ പ്ളസ്ടുക്കാരി മെഡിസിന് ക്ളാസിലിരുന്നത്. വാട്സാപ്പ് ഗ്രൂപ്പിലും ഫെയ്സ് ബുക്കിലുമെല്ലാം പ്ലസ് ടു വിദ്യാര്‍ഥിനി തനിക്ക് എം.ബി.ബി.എസിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശനം കിട്ടിയതായി കൂട്ടുകാര്‍ക്കെല്ലാം സന്ദേശങ്ങളും അയച്ചിട്ടുണ്ട്.
ഇത്തരത്തില്‍ വിദ്യാര്‍ഥിനി പഠനത്തിനെത്തിയെന്ന സംഭവം പുറത്തായതോടെ കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍ വിവരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ അറിയിച്ചു.
പ്രിന്‍സിപ്പല്‍ മെഡിക്കല്‍ കോളേജ് പോലീസില്‍ ഇത് സംബന്ധിച്ച് വ്യാഴാഴ്ച പരാതി നല്കി. മെഡിക്കല്‍ കോളേജ് ഇന്‍സ്പെക്ടര്‍ എം.എല്‍. ബെന്നി ലാലുവിനാണ് അന്വേഷണച്ചുമതല.
Content Highlights: plustwo students attends mbbs class in kozhikode medical college investigation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..