ചെറുതോണി(ഇടുക്കി): സ്കൂൾബസ് മുന്നോട്ട് എടുക്കുന്നതിനിടെ ബസിനടയിൽപ്പെട്ട് പ്ലേ സ്കൂൾ വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം.വാഴത്തോപ്പ് ഗിരിജ്യോതി സിഎംഐ പബ്ലിക് സ്കൂളിലെ വിദ്യാർഥിനി വാഴത്തോപ്പ് പറപ്പള്ളിൽ ബെൻ ജോൺസണിന്റെ മകൾ ഹെയ്സൽ ബെൻ(നാല് )ആണ് മരിച്ചത്. ഈ കുട്ടിക്കൊപ്പമുണ്ടായിരുന്ന സഹപാഠി ഇനായ തെഹ്സിൻ (മൂന്നര)നെ പരിക്കുകളോടെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ ഒൻപതിന് സ്കൂൾമുറ്റത്താണ് സംഭവം. 17-ാം നമ്പർ സ്കൂൾ ബസിൽ വന്നിറങ്ങിയ ഹെയ്സലും കൂട്ടുകാരിയും നിർത്തിയിട്ട 19-ാം നമ്പർ സ്കൂൾ ബസിന് മുൻപിലൂടെ എതിർദിശയിലുള്ള പ്ലേ സ്കൂൾ കെട്ടിടത്തിലേക്ക് പോകുകയായിരുന്നു. ഇതിനിടെ ബസ് പെട്ടെന്ന് മുമ്പോട്ടെടുത്തു. ബസിന്റെ മുൻപിലേക്ക് വീണ ഹെയ്സലിന്റെ തലയിലൂടെ മുൻചക്രം കയറി ഇറങ്ങി. കൂടെയുണ്ടായിരുന്ന ഇനായ തെഹ്സിന്റെ രണ്ടുകാലുകൾക്കും സാരമായി പരിക്കേറ്റു. കുട്ടി കരഞ്ഞതോടെ സ്കൂൾ പരിസരത്തുള്ളവർ ബഹളംവെച്ചപ്പോഴാണ് കുട്ടികൾ ബസിനടിയിൽപ്പെട്ട കാര്യം െെഡ്രവറും സ്കൂൾ അധികൃതരും അറിയുന്നത്.
ഉടൻതന്നെ ഇരുവരെയും ഇടുക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ബസ് ഓടിച്ചിരുന്ന ചെറുതോണി മധുമന്ദിരം ശശിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇടുക്കി എസ്‌പിയുടെ നേതൃത്വത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.ഹെയ്സലിന്റെ അമ്മ: ജീവ. ഹെയ്സൽ ബെന്നിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം വ്യാഴാഴ്ച 11-ന് വാഴത്തോപ്പ് സെയ്ൻ്റ് ജോർജ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ. തടിയമ്പാട് കുപ്പശേരിൽ ആഷിക്കിന്റെയും ഡോ. ജെറി മുഹമ്മദിന്റെയും മകളാണ് പരിക്കേറ്റ ഇനായ തെഹ്സിൻ.
ഞെട്ടൽ മാറാതെ ഗിരിജ്യോതി
തോരാത്ത കണ്ണുകളുമായി അധ്യാപകരും വിദ്യാർഥികളും ഗിരിജ്യോതി പബ്ലിക് സ്കൂളിൽനിന്ന് പോയെങ്കിലും 19-ാം നമ്പർ സ്കൂൾ ബസും അതിനരികിൽ കറുത്തനിറമുള്ള ചതഞ്ഞരഞ്ഞ ഒരു കുഞ്ഞുചെരിപ്പും സ്കൂൾ മുറ്റത്തുകിടന്നു. അത് കുഞ്ഞു ഹെയ്സലിന്റെ ചെരിപ്പാവാം. വാഹനാപകടത്തിൽ കുട്ടിമരിച്ചുവെന്ന വാർത്തപരന്നതോടെ ഇവിടെ പഠിക്കുന്ന കുട്ടികളുടെ രക്ഷാകർത്താക്കൾ കൂട്ടത്തോടെ സ്കൂളിലേക്കെത്തിയത് നേരിയ സംഘർഷത്തിനിടയാക്കി. പോലീസ് ആദ്യം വിദ്യാർഥികളെ സ്കൂളിൽ സുരക്ഷിതരാക്കിയശേഷം ഗേറ്റടച്ച് ആളുകളെ നിയന്ത്രിക്കുകയും യഥാർഥവിവരം രക്ഷാകർത്താക്കളെ ധരിപ്പിക്കുകയും ചെയ്തു. സ്കൂളിന് ബുധനും വ്യാഴവും അധികൃതർ അവധി പ്രഖ്യാപിച്ചു.
ജില്ലാ പോലീസ് മേധാവി കെ.എം. സാബുമാത്യു, ഡിവൈഎസ്‌പി രാജൻ കെ. അരമന എന്നിവരുടെ നേതൃത്വത്തിൽ ഇടുക്കിയിൽനിന്ന് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു. സ്കൂൾ വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു പറഞ്ഞു.
അപകടവാർത്തയറിഞ്ഞയുടനെ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ മിനി കെ.ജോണും ഉദ്യോഗസ്ഥരും സ്കൂളിലെത്തി. ദൃക്സാക്ഷികളായ കുട്ടികളെ സമാധാനിപ്പിച്ചു. ആശുപത്രിയിലെത്തി പരിക്കുപറ്റിയ കുട്ടിയുടെ മാതാപിതാക്കളെയും സമാധാനിപ്പിച്ചു.
അപകടം സ്‌കൂള്‍ അധികൃതരുടെ അശ്രദ്ധ മൂലമെന്ന് രക്ഷാകര്‍ത്താക്കള്‍
ഗിരിജ്യോതി പബ്ലിക് സ്കൂളിൽ വിദ്യാർഥിനി മരിക്കാനിടയായ അപകടം സ്കൂളധികൃതരുടെ അനാസ്ഥമൂലമെന്ന് രക്ഷാകർത്താക്കൾ പറഞ്ഞു. സ്കൂൾബസിൽ പലപ്പോഴും ആയമാരുണ്ടാകാറില്ല. 565 വിദ്യാർഥികൾ പഠിക്കുന്ന വാഴത്തോപ്പ് ഗിരിജ്യോതി സിഎംഐ പബ്ലിക് സ്കൂളിൽ ബസുകൾ നിർത്തി കുട്ടികളെ കയറ്റിയിറക്കുന്ന സ്ഥലത്ത് സെക്യൂരിറ്റി ജീവനക്കാരോ ആയമാരോ ഇല്ല. മുമ്പും ഇത്തരത്തിൽ അശ്രദ്ധമൂലം അപകടം ഉണ്ടായിട്ടുണ്ടെന്ന് രക്ഷാകർത്താക്കൾ പറഞ്ഞു. വർഷങ്ങൾക്കുമുമ്പ് രണ്ടാംക്ലാസ് വിദ്യാർഥിനിയെ മണിയാറൻ കുടിയിൽ അശ്രദ്ധമായി റോഡിൽ ഇറക്കിവിട്ടതിനെ തുടർന്ന് കാറിടിച്ച് വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവവുമുണ്ട്.
ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി സ്കൂൾ അധികൃതർ
പ്ലേസ്കൂൾ വിദ്യാർഥിനിയുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഖേദമുണ്ടെന്നും ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും വാഴത്തോപ്പ് ഗിരിജ്യോതി സിഎംഐപബ്ലിക് സ്കൂൾ അധികൃതർ പറഞ്ഞു. കുട്ടികളുടെ സുരക്ഷയ്ക്കായി സെക്യൂരിറ്റി ജീവനക്കാരനും ആയമാരും ഡ്യൂട്ടിയിലുണ്ടായിരുന്നെന്നും സംഭവത്തിൽ ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോമി പടിഞ്ഞാറേ പുത്തൻപുരയിൽ, പിടിഎ പ്രസിഡന്റ് ഡോ. സിബി ജോർജ് എന്നിവർ പറഞ്ഞു. സ്കൂളിൽമുമ്പ് ഒരുതരത്തിലുള്ള വീഴ്ചയും ഉണ്ടായിട്ടില്ലെന്നും സ്കൂളധികൃതർ പറഞ്ഞു. കുട്ടികൾക്കുണ്ടായിട്ടുള്ള മാസസിക സംഘർഷം ലഘൂകരിക്കാൻ വരുംദിവസങ്ങളിൽ കൗൺസലിങ് നല്കുമെന്നും സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു.
സഹോദരിയുടെ മകൻ മരിച്ച ദുഃഖം തീരുംമുമ്പേ സഹോദരന്റെ മകളും യാത്രയായി
തടിയമ്പാട് പറപ്പള്ളിൽ കുടുംബത്തിൽ ഹെയ്സൽ ബെന്നിന്‍റെ മരണം തീരാദുഃഖമാണുണ്ടാക്കിയത്. അടിമാലി മച്ചിപ്ലാവിൽ വിവാഹം കഴിച്ചയച്ച ബെൻ ജോൺസണിന്‍റെ സഹോദരി സ്റ്റെല്ല മരിയയുടെ മൂന്നര വയസ്സുള്ള കുഞ്ഞ് ആറുമാസം മുമ്പാണ് രോഗം ബാധിച്ച് മരിച്ചത്.
ഇതിന്‍റെ സങ്കടത്തിൽനിന്ന് കരകയറും മുമ്പാണ് ഹെയ്സൽ ബെന്നിന്‍റെ അപകടമരണം. ഹെയ്സലിന്‍റെ പിതാവ് ബെൻ ജോൺസൺ എണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പിആർഒ ആയി ജോലി ചെയ്യുകയാണ്. അമ്മ ജീവ തൊടുപുഴ സഹകരണ ആശുപത്രിയിൽ നഴ്സിങ് വിദ്യാർഥിയാണ്.
ഇരുവരുടേയും ഏക മകളാണ് ഹെയ്സൽ. മാതാപിതാക്കൾ സ്ഥലത്തില്ലാത്തതിനാൽ ഹെയസലിന്‍റെ മുത്തച്ഛൻ ബേബിയുടെയും മുത്തശ്ശി മേരിയുടെയും സംരക്ഷണയിലായിരുന്നു ഹെയ്സൽ.
വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ ബേബിയും മേരിയും മെഡിക്കൽ കോളേജിൽ മോഹാലസ്യപ്പെട്ട് വീണു. ഇരുവർക്കും മെഡിക്കൽ കോളേജിൽ ചികിത്സ നൽകി.
ബ്ലൈൻഡ് സ്പോട്ട് മിറർ നിർബന്ധമാക്കി ആർടിഒ
ചെറുതോണി: വാഴത്തോപ്പ് ഗിരിജ്യോതി സിഎംഐ പബ്ലിക് സ്കൂളിൽ ബസിനടിയിൽപ്പെട്ട് വിദ്യാർഥിനി മരിക്കാനിടയായ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളിൽ (ഇഐവി )ബ്ലൈൻഡ് സ്പോട്ട് മിറർ നിർബന്ധമാക്കിയതായി ഇടുക്കി ആർടിഒ പി.എം. ഷെബീർ അറിയിച്ചു. വാഹനത്തിന്റെ മുൻഭാഗം അടക്കം കാണാൻ പറ്റാത്ത ഭാഗങ്ങൾ വ്യക്തമായി കാണുന്നതിനുള്ള കണ്ണാടിയാണ് ബ്ലൈൻഡ് സ്പോട്ട് മിറർ. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്കൂൾബസ് ഡ്രൈവർമാർക്കും ആയമാർക്കും ബോധവത്കരണക്ലാസ് നല്കും. അതിനുള്ള തീയതി ഉടൻ അറിയിക്കുമെന്നും ജോയിന്റ് ആർടിഒ പറഞ്ഞു.
Content Highlights: playschool student death vazhathopp girijyothi school
Published: 20 Nov 2025, 08:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented