തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. വാല്‍പ്പാറ സ്വദേശി അരുണാണ് മരിച്ചത്. തേയിലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ രാവിലെ എട്ട് മണിയോടെ ആയിരുന്നു ആക്രമണം. തേയിലത്തോട്ടത്തില്‍ നിലയുറപ്പിച്ചിരുന്ന കാട്ടുപോത്ത് അരുണിനെ പിന്നില്‍നിന്ന് ആക്രമിക്കുകയായിരുന്നു. ഉടനെ വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്നനിലയില്‍ ആയിരുന്നതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം ആനമല റോഡിൽ കാട്ടാന ആംബുലൻസ് ആക്രമിക്കാൻ ശ്രമിച്ചിരുന്നു. മലക്കപ്പാറ അപ്പർ ഷോളയാറിൽനിന്ന് നട്ടെല്ലിന് പരിക്കേറ്റ രോഗിയെയുംകൊണ്ട് ചാലക്കുടി ഭാഗത്തേക്ക് വരുമ്പോൾ വാച്ച്മരം ഭാഗത്ത് ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. മൂന്ന് ആനക്കുട്ടികളടക്കം റോഡിൽ നിന്നിരുന്ന പിടിയാനയാണ് ആംബുലൻസിനു നേരെ പാഞ്ഞടുത്തത്. ആന വരുന്നത് കണ്ട് ഡ്രൈവർ സൈറൺ മുഴക്കിയപ്പോൾ ആന പിന്തിരിഞ്ഞോടി.
വെറ്റിലപ്പാറ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി നിരന്തരമായി കൃഷിനാശം ഉണ്ടാക്കുന്നുണ്ട്. ബുധനാഴ്ച രാത്രി 11-ഓടെ ഇറങ്ങിയ കാട്ടാനകള്‍ വ്യാഴാഴ്ച പുലര്‍ച്ചെ വരെ നിരവധി ആളുകളുടെ പറമ്പുകളിലൂടെ സഞ്ചരിച്ച് വ്യാപകമായി കൃഷി നശിപ്പിച്ചു. പാറേക്കാട്ട് മാനുവല്‍ ലിസ്റ്റന്റെ ഗേറ്റ് തകര്‍ത്ത് പറമ്പില്‍ കയറിയ കാട്ടാന കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. വര്‍ഗീസ് ചേറ്റുപുഴക്കാരന്റെ കൃഷിയിടത്തില്‍ തുടര്‍ച്ചയായി രണ്ടാംതവണ കയറിയ ആനകള്‍ കുലച്ചതും കുല വെട്ടാറായതുമായ നിരവധി വാഴകളും തെങ്ങും മറ്റു കാര്‍ഷിക വിളകളും നശിപ്പിച്ചു. ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
കാട്ടാനയെക്കൊണ്ട് പൊറുതിമുട്ടിയ ജനം ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. വാച്ചര്‍മാര്‍ പടക്കം പൊട്ടിച്ച് ആനയെ ഓടിക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലര്‍ വാച്ചര്‍മാരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. കാലടി പ്ലാന്റേഷന്‍ എണ്ണപ്പന തോട്ടത്തില്‍നിന്ന് രാത്രി പുഴ കടന്നുവരുന്ന കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചാണ് തിരികെ പോകുന്നത്. വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ ഇറങ്ങാതിരിക്കാന്‍ പുഴയരികിലെ സൗരോര്‍ജ വേലിക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും നിര്‍മാണം അനന്തമായി നീളുകയാണ്.
Content Highlights: plantation worker died in a wild buffalo attack
Published: 05 Apr 2024, 02:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented