തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തനിക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി. പിണറായിയെപ്പോലൊരു നേതാവിന്റെ വിലക്ക് തനിക്ക് ഉണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും പി.കെ. ശ്രീമതി പറഞ്ഞു. കേരളത്തിൽ ഉണ്ടെങ്കിൽ ഇനിയും സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

To advertise here,

വിലക്കേർപ്പെടുത്തിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ദേശീയതലത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് പാർട്ടി തനിക്ക് നൽകിയിരിക്കുന്ന നിർദേശം. അതേസമയം ,സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിൽ തനിക്ക് വിലക്കില്ലെന്നും പി.കെ. ശ്രീമതി പറഞ്ഞു.

അതിനിടെ, പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കുന്നത്  സംബന്ധിച്ച് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയല്ല. പാര്‍ട്ടി സംഘടനാപരമായ തീരുമാനത്തിന്റെ ഭാഗമാണ് പി.കെ.ശ്രീമതി സംസ്ഥാന ഘടകത്തില്‍ പ്രവര്‍ത്തിക്കേണ്ടെന്ന നിലപാടിന് പിന്നിലെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നേരത്തേ പറഞ്ഞിരുന്നു.

'പി.കെ.ശ്രീമതി സിപിഎം സംസ്ഥാന സമിതി അംഗവും സംസ്ഥാന സെക്രട്ടേറിയറ്റ്അംഗവും ആയിരുന്നു. എന്നാല്‍ 75 വയസ്സ് പിന്നിട്ട സാഹചര്യത്തില്‍ സംസ്ഥാന സമിതിയില്‍നിന്നും സെക്രട്ടേറിയറ്റിൽനിന്നും ഒഴിവായി. റിട്ടയര്‍ ചെയ്തു എന്ന് പറയാന്‍ പറ്റില്ല.  മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയാണ്. അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വനിതാ എന്ന നിലയിലാണ് പ്രത്യേക പരിഗണന നല്‍കി കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. കേന്ദ്ര കമ്മിറ്റിയില്‍ എടുക്കുന്നത് കേരളത്തിലെ സംഘടനാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനല്ല. അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കാനാണ്' എം.വി.ഗോവിന്ദന്‍ വിശദീകരിച്ചു.